അങ്ങനെ, ഫെബ്രുവരി 14 -ന് ടെൽകൊയിലെ ഒരു ക്യാമ്പിൽ വച്ച് ജാനകിക്ക് ശസ്ത്രക്രിയ നടത്തി. പക്ഷേ, ഇതറിഞ്ഞ ഭർത്താവ് അവരെ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നേരത്തെ ഇന്ത്യൻ കുടുംബങ്ങളിൽ നിരവധി കുട്ടികൾ ഉണ്ടാവുമായിരുന്നു. പത്തും പതിനൊന്നും കുട്ടികളൊന്നും ഒരു പുതുമയും ആയിരുന്നില്ല. എന്നാൽ, കാലം മാറിയതിന് അനുസരിച്ച് അതിൽ മാറ്റമുണ്ടായി. ഇന്ന് ഒന്നോ രണ്ടോ മൂന്നോ ഒക്കെ കുട്ടികളാണ് ഒരു വീട്ടിൽ ഉണ്ടാവുക. മാത്രമല്ല, തുടരെയുള്ള പ്രസവം സ്ത്രീകളിൽ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. എന്നാൽ, ഒഡിഷയിലെ ദിമിരിയ ഗ്രാമത്തിൽ പതിനൊന്നാമത്തെ പ്രസവത്തെ തുടർന്ന് വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി.
38 -കാരിയായ ജാനകി ദെഹൂരിയെയാണ് ഭർത്താവായ റാബി ദെഹൂരി വീട്ടിൽ നിന്നും പുറത്താക്കിയത്. ഇതിനെ തുടർന്ന് ഇവർക്ക് രണ്ട് ദിവസം പുറത്ത് മരച്ചുവട്ടിൽ കഴിയേണ്ടി വന്നു. ഭുയൻ ഗോത്ര വിഭാഗത്തിൽ പെടുന്നയാളാണ് ജാനകി. 17 വർഷം മുമ്പായിരുന്നു റാബിയുമായി ജാനകിയുടെ വിവാഹം. ശേഷം 11 കുട്ടികൾക്ക് ഇവർ ജന്മം നൽകി. അതിൽ ഒരു കുഞ്ഞ് മരിക്കുകയും ചെയ്തു. 10 കുട്ടികളിൽ, ഏകദേശം 17 വയസ്സുള്ള മൂത്ത മകളെ കാണാനില്ല, അതേസമയം പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾ ഒരു കടയിലും ഒരു ഡെക്കറേറ്റർ ഔട്ട്‌ലെറ്റിലും ജോലി ചെയ്യുകയാണ്. അതിനിടെ, തുടരെത്തുടരെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വലിയ ഭീഷണിയാണ് എന്ന് പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, റാബി അതൊന്നും മനസിലാക്കിയില്ല.
അതിനിടെ ഒരുമാസം മുമ്പ് ജാനകി ഒരു കുഞ്ഞിനെ പ്രസവിച്ചു. പ്രദേശത്തെ ആശാവർക്കർ ഇതേ തുടർന്ന് വീട്ടിലെത്തി ജാനകിയെ വന്ധ്യംകരണം നടത്താൻ പ്രേരിപ്പിച്ചു. നേരത്തെയും വന്ധ്യംകരണം നടത്താൻ ജാനകിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഭർത്താവിനെ അവൾക്ക് പേടിയായിരുന്നു. എന്നാൽ, ഇത്തവണ അവൾ അതിന് തയ്യാറായി.
അങ്ങനെ, ഫെബ്രുവരി 14 -ന് ടെൽകൊയിലെ ഒരു ക്യാമ്പിൽ വച്ച് ജാനകിക്ക് ശസ്ത്രക്രിയ നടത്തി. പക്ഷേ, ഇതറിഞ്ഞ ഭർത്താവ് അവരെ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വന്ധ്യംകരണം നടത്തിയതിനാൽ ഇനി ജാനകിക്ക് ദൈവത്തെ ആരാധിക്കാനുള്ള പവിത്രത ഇല്ല എന്നാണത്രെ ഇയാൾ വിശ്വസിച്ചത്. എന്നാൽ, പ്രസവശേഷം തനിക്ക് വീട്ടിലെ പണികളും കൃഷിപ്പണികളും എല്ലാം ചെയ്യേണ്ടി വരുമായിരുന്നു എന്നും അതേ തുടർന്ന് തന്റെ ആരോഗ്യം വളരെ മോശം അവസ്ഥയിലാണ് എന്നും ജാനകി പറഞ്ഞു.
എത്രയൊക്കെ ആരോഗ്യപ്രവർത്തകർ റാബിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ അയാൾ തയ്യാറായിരുന്നില്ല. ഇപ്പോൾ മൂന്ന് ചെറിയ കുഞ്ഞുങ്ങളെയും ജാനകിയേയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
