ദുരന്തത്തിനു ശേഷം താല്ക്കാലിക മോർച്ചറികളും അഭയകേന്ദ്രങ്ങളുമടക്കം സകലസ്ഥലങ്ങളിലും അവൾക്കുവേണ്ടി കുടുംബം തിരഞ്ഞു. ആറുമാസത്തെ അലച്ചിലിന് ശേഷവും അവളുടെ ഒരു വിവരവും കിട്ടിയില്ല.

2011 -ലെ തോഹോകു ഭൂകമ്പത്തിൽ കാണാതായ ആറ് വയസ്സുകാരിയായ ജാപ്പനീസ് പെൺകുട്ടിയുടെ ശരീരഭാ​ഗങ്ങൾ കണ്ടെത്തി മാതാപിതാക്കൾക്ക് തിരികെ നൽകി. 2011 മാർച്ച് 11 -നാണ് ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചത്. അതിൽ അനേകങ്ങൾക്കൊപ്പം ആറ് വയസ്സുകാരി നാറ്റ്സുസെ യമാനെയും കാണാതെയായി. മുത്തശ്ശിയോടൊപ്പമായിരുന്നു ആ സമയത്ത് നാറ്റ്സുസെ ഉണ്ടായിരുന്നത്. ജപ്പാനിലെ പ്രധാനപ്പെട്ട ദ്വീപായ ഹോൺഷുവിലെ ഇവാട്ടെ പ്രിഫെക്ചറിലെ യമദ പട്ടണത്തിലായിരുന്നു അവരുടെ വീട്.

വീട്ടിൽ നിന്ന് അഭയകേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേയാണ് തന്റെ മകൾ ദുരന്തത്തിൽ അകപ്പെട്ടുപോയതെന്ന് അവളുടെ അമ്മ ചിയുമി ഓർമ്മിക്കുന്നു. ഭൂകമ്പം ഇവിടെ വലിയൊരു തീപിടിത്തത്തിനും കാരണമായിരുന്നു. അതിനാൽ തന്നെ പട്ടണത്തിന് പുറത്തായിരുന്ന മറ്റ് കുടുംബാംഗങ്ങൾക്ക് അവരുടെ അടുത്തെത്താൻ കഴിഞ്ഞില്ല. മുത്തശ്ശി രക്ഷപ്പെട്ടെങ്കിലും അന്നത്തെ പ്രകൃതിദുരന്തത്തിൽ കാണാതായ 2500 പേരിൽ ഒരാളായി നാറ്റ്‍സുസെ മാറി.

ദുരന്തത്തിനു ശേഷം താല്ക്കാലിക മോർച്ചറികളും അഭയകേന്ദ്രങ്ങളുമടക്കം സകലസ്ഥലങ്ങളിലും അവൾക്കുവേണ്ടി കുടുംബം തിരഞ്ഞു. ആറുമാസത്തെ അലച്ചിലിന് ശേഷവും അവളുടെ ഒരു വിവരവും കിട്ടിയില്ല. തിരച്ചിൽ അവസാനിപ്പിച്ച കുടുംബം പ്രാദേശിക ഭരണകൂടത്തിന് അവൾ മരിച്ചതായി റിപ്പോർട്ട് നൽകി. കുടുംബം നാറ്റ്സുസെയുടെ ജന്മദിനം ആഘോഷിക്കുന്നത് അപ്പോഴും തുടർന്നു, എല്ലാ ജൂണിലും ഒരു ജന്മദിന കേക്ക് അവൾക്കായി അവർ സമർപ്പിച്ചു. അവളെ കുറിച്ചുള്ള എന്തെങ്കിലും വിവരം കിട്ടുമെന്ന് തന്നെ അവർ പ്രതീക്ഷിച്ചു.

എന്നാൽ, ഈ മാസം അവളുടെ മാതാപിതാക്കളായ 49 -കാരി ചിയുമിയെയും ഭർത്താവ് 52 -കാരൻ ടോമോനോറി യമാനെയും തേടി ഒരു ഫോൺകോൾ വന്നു. നാറ്റ്സുസിനെ കാണാതായ സ്ഥലത്ത് നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള മിയാഗി പ്രിഫെക്ചറിലെ മിനാമി-സാൻറികു പട്ടണത്തിൽ നിന്നായിരുന്നു ആ കോൾ. അവരുടെ മകളുടെ ശരീരഭാ​ഗങ്ങൾ കണ്ടെത്തിയതായിട്ടാണ് വിളിച്ചവർ അറിയിച്ചത്.

പൊലീസ് ഡിഎൻഎ ടെസ്റ്റ് നടത്തി അത് അവരുടെ മകളായ നാറ്റ്സുസെയുടാതായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ഒടുവിൽ ഒക്ടോബർ 16 -ന് അവളുടെ അമ്മയും അച്ഛനും സഹോദരനും ചേർന്ന് അവളെ ഏറ്റുവാങ്ങി. ഏറെ വൈകാരികവും വേദനാജനകവുമായിരുന്നു ആ നിമിഷം. 'ഒടുവിൽ അവളെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം' എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ കുടുംബം പറഞ്ഞത്.