പണം നഷ്ടപ്പെട്ടതിനേക്കാളുപരി, ഒരാള്‍ക്ക് അപരിചിതമായ സ്ഥലത്ത് എത്തുമ്പോള്‍ എത്ര പെട്ടെന്ന് കബളിപ്പിക്കപ്പെടാം എന്ന യാഥാർത്ഥ്യമാണ് തന്നെ വേദനിപ്പിച്ചത്, അപരിചിതമായ നഗരങ്ങളില്‍ എത്തുമ്പോള്‍ എപ്പോഴും മുൻകൂട്ടി നിരക്കുകളും യാത്രാ മാർഗ്ഗങ്ങളും പരിശോധിക്കണമെന്നും അവര്‍ ഓർമ്മിപ്പിച്ചു.

മൂന്നു വർഷത്തിന് ശേഷം യുകെയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഒരു യുവതി തനിക്കുണ്ടായിരിക്കുന്ന വളരെ മോശപ്പെട്ട ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് തന്നെ ടാക്സി ഡ്രൈവർ കബളിപ്പിച്ചു എന്നാണ് യുവതി പറയുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അവർക്ക് ബെംഗളൂരു നഗരത്തിലെ യാത്രാസംവിധാനങ്ങളെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല.

ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിലാണ് അബീഷ്‌ണ എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്. പത്തുവര്‍ഷം മുമ്പ് ഒരിക്കൽ മാത്രം സന്ദർശിച്ചിട്ടുള്ളതുകൊണ്ട് ബെംഗളൂരു തനിക്ക് അപരിചിതമായ നഗരമാണെന്ന് അവര്‍ വ്യക്തമാക്കി. 'യഥാര്‍ത്ഥ ടാക്സി നിരക്ക് എത്രയാണെന്നോ എനിക്ക് മുന്നിലുള്ള മറ്റ് ഓപ്ഷനുകള്‍ എന്തൊക്കെയാണെന്നോ എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ടാക്സിയിൽ കയറുന്നതിന് മുമ്പ് ഞാൻ ഡ്രൈവറോട് യാത്രാക്കൂലിയെക്കുറിച്ച് ചോദിച്ചിരുന്നു' അവര്‍ പറയുന്നു. മീറ്റർ ചാർജ് മാത്രമേ ഈടാക്കൂ എന്ന് ഡ്രൈവർ ഉറപ്പുനൽകിയതിനെ തുടർന്നാണ് താൻ കാറിൽ കയറിയതെന്നും അബീഷ്ണ പറയുന്നു.

എന്നാല്‍, 14 കിലോമീറ്റർ യാത്രയ്ക്ക് ശേഷം ഡ്രൈവർ 4,000 രൂപയുടെ വ്യാജ ബിൽ കാണിക്കുകയായിരുന്നു. അപരിചിതമായ നഗരമായതുകൊണ്ട് അപ്പോള്‍ താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായില്ലെന്നും എയർപോർട്ട് ടാക്സികൾ ഇങ്ങനെയാണെന്നാണ് കരുതിയതെന്നും അവര്‍ കൂട്ടിച്ചേർത്തു. പണം നഷ്ടപ്പെട്ടതിനേക്കാളുപരി, ഒരാള്‍ക്ക് അപരിചിതമായ സ്ഥലത്ത് എത്തുമ്പോള്‍ എത്ര പെട്ടെന്ന് കബളിപ്പിക്കപ്പെടാം എന്ന യാഥാർത്ഥ്യമാണ് തന്നെ വേദനിപ്പിച്ചത്, അപരിചിതമായ നഗരങ്ങളില്‍ എത്തുമ്പോള്‍ എപ്പോഴും മുൻകൂട്ടി നിരക്കുകളും യാത്രാ മാർഗ്ഗങ്ങളും പരിശോധിക്കണമെന്നും അവര്‍ ഓർമ്മിപ്പിച്ചു.

അതേസമയം, യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫൗണ്ടറും ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. വര്‍ഷങ്ങളായി ബെംഗളൂരു എയര്‍പോര്‍ട്ട് ടാക്സികള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നതും ബില്‍ തുക പെരുപ്പിച്ചു കാട്ടുന്നതും പതിവാണെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.