'ലക്ഷ്മി - മാക്‌സിങ്' എന്ന പേരിൽ ഒരു പുതിയ വെൽനെസ് ട്രെൻഡ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു, ഇത് സമൃദ്ധിയും പോസിറ്റീവ് എനർജിയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു. എന്നാൽ, ലക്ഷ്മി ദേവിയെ സൗന്ദര്യവർദ്ധക ടിപ്പുകളിലേക്ക് ചുരുക്കുന്നതും സാംസ്കാരിക കൈയേറ്റമാണെന്നുമുള്ള വിമർശനങ്ങളും ഈ ട്രെൻഡിനെതിരെ ശക്തമായി ഉയരുന്നുണ്ട്.

യോഗയ്ക്കും ആയുർവേദത്തിനും ശേഷം ഇന്ത്യൻ സാംസ്കാരിക പ്രതീകങ്ങൾ വീണ്ടും ആഗോളതലത്തിൽ ശ്രദ്ധനേടുന്നു. ‘ലക്ഷ്മി - മാക്‌സിങ്’ (Lakshmi-maxxing) എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന പുതിയ വെൽനെസ് - ജീവിതശൈലി ട്രെൻഡാണ് ഇപ്പോൾ വലിയ രീതിയിലുള്ള സാംസ്കാരിക ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. ഒരു ആശയത്തെയോ ശീലത്തെയോ പരമാവധി മെച്ചപ്പെടുത്തുക എന്നർഥമുള്ള ‘മാക്‌സിങ്’ എന്ന സോഷ്യൽ മീഡിയ പദവും, സമൃദ്ധിയുടെയും ഐശ്ചര്യത്തിന്‍റെയും പ്രതീകമായ ലക്ഷ്മി ദേവിയുടെ സങ്കൽപ്പങ്ങളും കൂട്ടിച്ചേർത്താണ് ഈ ശൈലി രൂപപ്പെടുത്തിയിരിക്കുന്നത്.

എന്താണ് ലക്ഷ്മി-മാക്‌സിങ്?

വീടും അന്തരീക്ഷവും വൃത്തിയായി സൂക്ഷിക്കുക, വ്യക്തിശുചിത്വം, മനോഹരമായ വസ്ത്രധാരണം, സ്വയംപരിചരണം, കൃതജ്ഞത, ഉദാരമനസ്സ് എന്നിവയിലൂടെ ജീവിതത്തിൽ സമൃദ്ധിയും പോസിറ്റീവ് എനർജിയും കൊണ്ടുവരിക എന്നതാണ് ഇതിന്റെ വക്താക്കൾ മുന്നോട്ടുവെക്കുന്നത്.

View post on Instagram

ഉയരുന്ന വിമർശനങ്ങൾ

ഹിന്ദു വിശ്വാസത്തിൽ നൂറ്റാണ്ടുകളായി ആരാധിക്കപ്പെടുന്ന ലക്ഷ്മി ദേവിയെ വെറും സൗന്ദര്യവർദ്ധക ടിപ്പുകളിലേക്കും ആഡംബര ജീവിതശൈലി ഉൽപ്പന്നങ്ങളിലേക്കും ചുരുക്കുന്നത് വിശ്വാസങ്ങളെ നിസ്സാരവത്കരിക്കലാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ആത്മീയമായ പ്രതീകങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ അവയെ വെറും സോഷ്യൽ മീഡിയ കണ്ടന്‍റുകളാക്കി മാറ്റുന്നത് സാംസ്കാരിക കൈയേറ്റമാണെന്ന വാദവും ശക്തമാണ്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

വീടും മനസ്സും ശുചിയാക്കിവെക്കുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും പാരമ്പര്യമായി ഇന്ത്യൻ ജീവിതരീതിയുടെ ഭാഗമാണെന്നും, അതിന് വിദേശി ക്രിയേറ്റർമാർ പുതിയ പേരിട്ട് അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നു.