ഭാവിയിൽ വീട് വാങ്ങാനും ബിസിനസ്സ് തുടങ്ങാനും കുടുംബജീവിതം കെട്ടിപ്പടുക്കാനും വേണ്ടി മാത്രമാണ് മുത്തശ്ശന്‍ ഈ പണം കരുതിവെച്ചിരുന്നതെന്ന് യുവാവ് പറയുന്നു.
മുത്തശ്ശന്‍ നല്‍കിയ സ്വത്തുക്കള്‍ ഉപയോഗിച്ച് കാമുകിയുടെ അച്ഛന്റെ ഹൃദയശസ്ത്രക്രിയ നടത്താന്‍ തയ്യാറാവാത്ത ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഭാവിയിൽ തന്റെ കുടുംബത്തിന്റെ കാര്യങ്ങൾ കൂടി കണക്കിലെടുത്തേ ഈ പണം ചെലവഴിക്കാനാകൂ എന്നാണ് യുവാവ് പറയുന്നത്. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 30 വയസ്സുകാരനായ യുവാവാണ് തനിക്ക് ലഭിച്ച പണം കാമുകിയുടെ അച്ഛന്റെ ചികിത്സയ്ക്കായി നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പോസ്റ്റ് ഷെയർ ചെയ്തത്. കുറച്ചുനാള്‍ മുമ്പാണ് യുവാവിന് തന്റെ മുത്തശ്ശനെ നഷ്ടപ്പെടുന്നത്. തുടര്‍ന്ന് 1,40,000 ഡോളറിലധികം (ഏകദേശം 1.2 കോടി രൂപ) തുക മുത്തശ്ശന്‍ അനന്തരാവകാശമായി നല്‍കിയത് യുവാവിന് കൈവന്നു.
ഭാവിയിൽ വീട് വാങ്ങാനും ബിസിനസ്സ് തുടങ്ങാനും കുടുംബജീവിതം കെട്ടിപ്പടുക്കാനും വേണ്ടി മാത്രമാണ് മുത്തശ്ശന്‍ ഈ പണം കരുതിവെച്ചിരുന്നതെന്ന് യുവാവ് പറയുന്നു. നാല് വര്‍ഷമായി യുവാവ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാല്‍, കാമുകിയുടെ അച്ഛന് ഹൃദയസംബന്ധമായ അസുഖം ബാധിക്കുകയും അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കായി 60,000 മുതല്‍ 70,000 ഡോളര്‍ വരെ (ഏകദേശം 57 ലക്ഷം മുതല്‍ 66 ലക്ഷം രൂപ വരെ) ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക നല്‍കാന്‍ കാമുകി യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, യുവാവ് തയ്യാറായില്ല.
മുത്തശ്ശന്റെ കഷ്ടപ്പാടിന്റെ ഫലമായ ഈ പണം ഭാവി കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്നും യുവാവ് വ്യക്തമാക്കി. പണത്തിന്റെ പകുതിയോളം ചികിത്സയ്ക്കായി ചെലവഴിച്ചാല്‍ തങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്ന പദ്ധതികളെല്ലാം പ്രതിസന്ധിയിലാകുമെന്നും യുവാവ് ആശങ്ക പ്രകടിപ്പിച്ചു. യുവാവിന്റെ തീരുമാനത്തില്‍ കാമുകി കടുത്ത നിരാശയിലാണ്. 'ഒരാളുടെ ജീവനേക്കാള്‍ വലുതാണോ മരിച്ചുപോയ ഒരാളുടെ ആഗ്രഹം' എന്ന് ചോദിച്ച് കാമുകി തന്നെ കുറ്റപ്പെടുത്തിയത് വല്ലാതെ വേദനിപ്പിച്ചതായി യുവാവ് പറയുന്നു. എന്നാല്‍, ഇത് പണത്തിന് ജീവനേക്കാള്‍ വില കല്‍പ്പിക്കുന്നതല്ല. ഭാവി സുരക്ഷിതമാക്കാന്‍ മുത്തശ്ശന്‍ തന്ന പണം അപ്രതീക്ഷിതമായി വരുന്ന ഇത്തരം പ്രതിസന്ധികള്‍ക്കായി ചെലവഴിച്ചാല്‍ അത് തങ്ങളുടെ ജീവിതം തന്നെ അപകടത്തിലാക്കുമെന്നാണ് യുവാവ് വാദിക്കുന്നത്.
പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആളുകളില്‍ നിന്നുണ്ടാകുന്നത്. ചിലരെല്ലാം പണം പിന്നെയും ഉണ്ടാക്കാം, അത് ചികിത്സക്കായി നൽകണം എന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം, സ്വന്തം ഭാവി നോക്കണം, അതിനാണ് മുത്തശ്ശൻ പണം കൈമാറിയത് എന്നും അഭിപ്രായപ്പെട്ടു. അതേസമയം എന്തുകൊണ്ടാണ് കാമുകിയുടെ അച്ഛന് ഹെൽത് ഇൻഷുറൻസ് ഒന്നും തന്നെയില്ലാത്തത് എന്നും പലരും അതിശയം പ്രകടിപ്പിച്ചു.


