'ഒരു മൃഗത്തെപ്പോലെ ജോലി ചെയ്യാനും കഴിയുന്നത്ര പഠിക്കാനും താൻ തയ്യാറാണ്' എന്ന് അപേക്ഷ അയച്ച യുവതി തന്നോട് പറഞ്ഞതായി പോസ്റ്റിൽ പറയുന്നു.
വെറും അഞ്ച് മിനിറ്റ് സംസാരിച്ചതിന് പിന്നാലെ ഒരു കോളേജ് വിദ്യാർത്ഥിനിക്ക് ജോലി നൽകിയെന്ന് ടെക് സിഇഒ. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിലാണ് 'കോഡ് ഓഫ് അസ്' സിഇഒയും സ്ഥാപകനുമായ സാൻഡി സ്ലോഞ്ച്സാക് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയുടെ ധൈര്യത്തേയും അവരെ ജോലിക്കെടുക്കാൻ കാണിച്ച സിഇഒയുടെ ആർജ്ജവത്തേയും അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ.
വിദ്യാർത്ഥിനിയുടെ സത്യസന്ധത, ദൃഢനിശ്ചയം, കൂടുതൽ കാര്യങ്ങൾ പഠിക്കാനുള്ള സന്നദ്ധത എന്നിവയിൽ തനിക്ക് മതിപ്പു തോന്നിയെന്ന് സിഇഒ പറയുന്നു. ഇന്ന് ഞാൻ ഒരു കോളേജ് വിദ്യാർത്ഥിനിയുമായി വെറും 5 മിനിറ്റ് സംസാരിച്ചതിന് ശേഷം അവരെ ജോലിക്ക് എടുത്തു. ജോലി ഒഴിവുകൾ ഇല്ലാത്തപ്പോളും ഒരു ഓപ്പൺ ലെറ്റർ ആപ്ലിക്കേഷൻ അയയ്ക്കാൻ ആ വിദ്യാർത്ഥിനി ധൈര്യപ്പെട്ടു. അവൾക്ക് കൂടുതൽ കാര്യങ്ങൾ ഒന്നും അറിയില്ലെന്ന് സമ്മതിക്കാൻ ധൈര്യം കാണിക്കുകയും ചെയ്തുവെന്നും പോസ്റ്റിൽ പറയുന്നു.
'ഒരു മൃഗത്തെപ്പോലെ ജോലി ചെയ്യാനും കഴിയുന്നത്ര പഠിക്കാനും താൻ തയ്യാറാണ്' എന്ന് അപേക്ഷ അയച്ച യുവതി തന്നോട് പറഞ്ഞതായി പോസ്റ്റിൽ പറയുന്നു. അവർ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും മെന്ററിംഗിനും തയ്യാറായിരുന്നു, നന്നായി സംസാരിക്കുന്നയാളും നേരെ കാര്യങ്ങൾ പറയുന്നയാളും ആയിരുന്നു എന്നും പോസ്റ്റിൽ കാണാം. ബുദ്ധിയുള്ളവളും, വിനയമുള്ളവളും, കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവളുമാണ് ആ യുവതിയെന്നും സിഇഒ പറയുന്നുണ്ട്.
ശമ്പളം പ്രശ്നമല്ല, ജോലി പഠിക്കാനായാൽ മതി എന്നാണ് യുവതി പറഞ്ഞത്. അവളെ ജോലിക്കെടുത്തു എന്നും നാളെ മുതൽ ജോലി ചെയ്ത് തുടങ്ങുമെന്നും പോസ്റ്റിൽ കാണാം. ഒരുപാടുപേർ പോസ്റ്റിന് കമന്റുകൾ നൽകി. ജോലിക്കെടുത്ത സിഇഒയെയും അപേക്ഷ അയക്കാൻ ധൈര്യം കാണിച്ച യുവതിയേയും പലരും അഭിനന്ദിച്ചു. അതേസമയം, മിനിമം ശമ്പളത്തിന് ജോലി ചെയ്യാനുള്ള സന്നദ്ധത അത്ര നല്ലതല്ല എന്ന് ചൂണ്ടിക്കാണിച്ചവരുമുണ്ട്.


