യാത്രയിൽ അമ്മ പെൻഗ്വിൻ കുഞ്ഞിന് ഭക്ഷണം നൽകുന്ന അപൂർവ്വ ചിത്രം പകർത്തുകയായിരുന്നു വാങിന്റെ പ്രധാന ലക്ഷ്യം. മൈനസ് 10 ഡിഗ്രി സെൽഷ്യസ് തണുപ്പിലും കടുത്ത മഞ്ഞുവീഴ്ചയിലും മറ്റ് വിനോദസഞ്ചാരികൾ മടങ്ങിയപ്പോഴും വാങ് ക്യാമറയുമായി പുറത്തുതന്നെ നിലയുറപ്പിച്ചു.
തൈറോയ്ഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പെൻഗ്വിനുകളുടെ ചിത്രങ്ങളെടുക്കുക എന്ന തന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാൻ അന്റാർട്ടിക്കയിലേക്ക് യാത്ര തിരിച്ച് 67 -കാരി. തെക്കുപടിഞ്ഞാറൻ ചൈനയിലെ കുൻമിംഗ് സ്വദേശിയായ വാങ് യിംഗ് ആണ് ക്യാൻസറാണ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നതിന് പകരം തന്റെ സ്വപ്നയാത്ര തിരഞ്ഞെടുത്തത്.
വന്യജീവി ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള വാങ് ഇതുവരെ 1,200 -ലധികം പക്ഷിയിനങ്ങളുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. 2013 -ൽ സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ ജോലിയിൽ നിന്ന് വിരമിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് വാങിന് തൈറോയ്ഡ് ക്യാൻസർ സ്ഥിരീകരിക്കുന്നത്.
ഉടൻ തന്നെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, ജീവിതത്തിന്റെ ബാക്കി സമയം എങ്ങനെ ചെലവഴിക്കണമെന്ന് വാങ് ചിന്തിക്കുകയായിരുന്നു. 'എനിക്ക് മരിക്കണമെന്നുണ്ടെങ്കിൽ അത് എവിടെയെങ്കിലും വിദൂരമായ സ്ഥലത്ത് വച്ച് വേണമെന്നായിരുന്നു ആഗ്രഹം. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല' വാങ് ഓർത്തെടുക്കുന്നു.
പതിറ്റാണ്ടുകളായുള്ള തന്റെ ആഗ്രഹമായ പെൻഗ്വിൻ ഫോട്ടോഗ്രഫിക്കായി അന്റാർട്ടിക്കയിലേക്ക് പോകാൻ അങ്ങനെ വാങ് തീരുമാനിച്ചു. ഒരു മാസം നീണ്ട ഈ ദൗത്യത്തിന് ഏകദേശം 1,50,000 യുവാൻ (ഏകദേശം $22,000 ഡോളർ) ചെലവു വരുമായിരുന്നു. സ്വന്തം സമ്പാദ്യം തികയാതെ വന്നപ്പോൾ അമ്മയാണ് ബാക്കി തുക നൽകി സഹായിച്ചത്.
യാത്രയിൽ അമ്മ പെൻഗ്വിൻ കുഞ്ഞിന് ഭക്ഷണം നൽകുന്ന അപൂർവ്വ ചിത്രം പകർത്തുകയായിരുന്നു വാങിന്റെ പ്രധാന ലക്ഷ്യം. മൈനസ് 10 ഡിഗ്രി സെൽഷ്യസ് തണുപ്പിലും കടുത്ത മഞ്ഞുവീഴ്ചയിലും മറ്റ് വിനോദസഞ്ചാരികൾ മടങ്ങിയപ്പോഴും വാങ് ക്യാമറയുമായി പുറത്തുതന്നെ നിലയുറപ്പിച്ചു.
ഒടുവിൽ ഇരപിടിക്കാൻ പോയ തള്ളപ്പെൻഗ്വിൻ തിരിച്ചെത്തി കുഞ്ഞിന് ഭക്ഷണം നൽകുന്ന ആ അപൂർവ്വ നിമിഷം വാങ് ക്യാമറയിലാക്കി. 'ആ അമൂല്യമായ നിമിഷം പകർത്തിയപ്പോൾ എനിക്ക് അളവറ്റ സന്തോഷം തോന്നി. അവ ഒന്നിച്ച് നടന്നു നീങ്ങുന്ന കാഴ്ച എന്നെ ഏറെ സ്പർശിച്ചു' വാങ് പറഞ്ഞു.
കണ്ണ് തള്ളി ഡോക്ടർമാർ; ട്യൂമറിന്റെ വലിപ്പം കുറഞ്ഞു
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ വാങ് തുടർപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ആ വാർത്ത അറിഞ്ഞത്. ഒരു മാസം മുമ്പത്തെ പരിശോധനയെ അപേക്ഷിച്ച് അവരുടെ ട്യൂമറിന്റെ വലിപ്പം കുറഞ്ഞിരുന്നു!
ഇതൊടെ നിലവിൽ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും എന്നാൽ കൃത്യമായ നിരീക്ഷണത്തിൽ തുടരണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ വാർത്ത വാങിന് ജീവിതത്തോടുള്ള പ്രതീക്ഷ വർദ്ധിപ്പിച്ചു. തുടർന്ന് തന്റെ പെൻഷൻ തുകയും സമയവും വന്യജീവി ഫോട്ടോഗ്രാഫിക്കായി മാറ്റിവെച്ച അവർ ഇതിനകം 30 -ലധികം രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. യു.എസ്, പെറു, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അവർ ഇപ്പോൾ.
ശ്രദ്ധിക്കുക: യാത്ര ചെയ്തതുകൊണ്ട് മാത്രം ട്യൂമറിന്റെ വലിപ്പം കുറഞ്ഞു എന്ന് ഇതിനർത്ഥമില്ല. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാരുടെ നിർദ്ദേശം പാലിക്കുക.


