പുത്തൂരിലെ വിവേകാനന്ദ കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയായ ശ്രമ്യ ഇത്തരത്തിൽ പാമ്പിൻ വിഷം വലിച്ചെടുത്ത് കളയുന്നത് ജീവിതത്തിൽ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. സിനിമകളിൽ മാത്രമാണ് താൻ ഇത്തരത്തിൽ കണ്ടിട്ടുള്ളത് എന്നാണ് ശ്രമ്യ പറയുന്നത്.
മൂര്‍ഖന്‍ പാമ്പ് കടിച്ച അമ്മയെ രക്ഷിക്കാന്‍ മകള്‍ കാലില്‍ നിന്നും വിഷം കലര്‍ന്ന രക്തം വാ കൊണ്ട് വലിച്ചെടുത്തു. കര്‍ണാടകയിലാണ് കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍ അമ്മയുടെ കാലില്‍ നിന്നും വിഷം വലിച്ചെടുക്കാന്‍ ശ്രമിച്ചത്.
ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവമെന്ന് സുവര്‍ണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കെയ്യൂര്‍ ഗ്രാമപഞ്ചായത്തംഗം മമത റായിക്കാണ് പാമ്പ് കടിയേറ്റത്. പുത്തൂരിലെ തങ്ങളുടെ കൃഷിത്തോട്ടത്തില്‍ എത്തിയതായിരുന്നു മമതയും മകള്‍ ശ്രമ്യയും. തോട്ടം നനയ്ക്കുന്നതിനായി പമ്പ് ഓണാക്കുന്നതിനിടയില്‍ മമതയുടെ കാലില്‍ മൂര്‍ഖന്‍ കടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാമ്പ് കടിച്ചു എന്ന് മനസ്സിലായ ഉടന്‍ അവര്‍ കടിയേറ്റ പാടിന് മുകളിലായി പറമ്പില്‍ നിന്നും കിട്ടിയ ഒരു ഉണക്കപുല്ലെടുത്ത് കെട്ടിവെച്ചു. വിഷം ശരീരത്തിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ആ പുല്ലുകൊണ്ട് മാത്രം സാധിക്കില്ല എന്ന് തോന്നിയതിനാല്‍ ശ്രമ്യ അമ്മയുടെ കാലില്‍ നിന്നും വിഷം തന്റെ വാ കൊണ്ട് വലിച്ചെടുത്ത് പുറത്തു കളഞ്ഞതായി ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ പാമ്പിന്‍ വിഷം വലിച്ചെടുത്ത് കളയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല എന്നാണ് പുത്തൂരിലെ വിവേകാനന്ദ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ശ്രമ്യ പറയുന്നത്. സിനിമകളില്‍ മാത്രമാണ് താന്‍ ഇത്തരത്തില്‍ കണ്ടിട്ടുള്ളത് എന്നും അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അശാസ്ത്രീയമെന്ന് വിദഗ്ദ്ധര്‍
എന്നാൽ ഇത്തരത്തിൽ പാമ്പിൻ വിഷം വായ ഉപയോഗിച്ച് വലിച്ചെടുത്തു കളയുന്നത് തീർത്തും അപകടകരമായതും ആരും അനുകരിക്കാൻ പാടില്ലാത്തതുമായ രീതിയാണെന്നാണ് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അത്യാഹിത സേവന വിഭാഗത്തിലെ ഡോക്ടർ റായിസ് മുഹമ്മദ് നിർദ്ദേശിക്കുന്നത്.
പാമ്പുകടിയേറ്റാൽ കടിയേറ്റതിന് സമീപത്തായി മുറിവുണ്ടാക്കാൻ ശ്രമിച്ചോ വായയോ മറ്റെന്തെങ്കിലും ഉപയോഗിച്ച് വലിച്ചെടുക്കാൻ ശ്രമിച്ചോ കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പാമ്പുകടിയേറ്റാൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് കടിയേറ്റ വ്യക്തിയെ ഭയപ്പെടുത്താതെ കടിയേറ്റ ഭാഗത്തിന് മുകളിലായി തുണി ഉപയോഗിച്ച് മുറുക്കെ കെട്ടി വിഷത്തിന്റെ വ്യാപനം തടയുകയാണ്. തുടർന്ന് ഒട്ടും വൈകാതെ തന്നെ വിഷ ചികിത്സ ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യണം.
പാമ്പുകടിയേറ്റാൽ ഒരിക്കലും ഏതു പാമ്പാണ് കടിച്ചത് എന്ന് കണ്ടെത്താൻ പാമ്പിനെ തിരഞ്ഞ് സമയം കളയാൻ പാടില്ല. കടിയേറ്റ വ്യക്തിയുടെ ചികിത്സയ്ക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത്.
