അവര്‍ കണ്ടെത്തുമ്പോള്‍ അയാള്‍ ഷെഡ്ഡിന് പുറത്ത് നിന്ന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വെള്ളക്കൊടി വീശുകയായിരുന്നു. ആക്രമിക്കപ്പെട്ടയാളുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. 

ഒരാഴ്ചയായി ഒരു കരടി അലാസ്കയിലൊരാളെ വിടാതെ പിന്തുടരുകയാണ്. ക്യാമ്പിം​ഗിന് എത്തി ഒരു താൽക്കാലിക ഷെഡ്ഡിൽ കഴിയുകയായിരുന്നു ഇയാൾ. കരടി ഇയാളെ ആക്രമിക്കുക മാത്രമല്ല, എല്ലാ ദിവസവും വന്ന് ഇയാള്‍ താമസിച്ചിരുന്ന ഷെഡ്ഡിന്റെ വാതിൽ വലിച്ചു കീറുകയും ചെയ്തു. ഒടുവില്‍ ഒരാഴ്ചത്തെ യാതനയ്ക്ക് ശേഷം ഇയാളെ രക്ഷപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. യുഎസ് കോസ്റ്റുഗാര്‍ഡുകളാണ് ഇയാൾ സഹായത്തിന് വേണ്ടി കയ്യുയര്‍ത്തി വിളിക്കുന്നത് കണ്ടത്. ഒരു കരടി തന്നെ ആക്രമിച്ചുവെന്നും ക്യാമ്പില്‍ തിരികെയെത്തിയിട്ട് ദിവസങ്ങളോളം താനുറങ്ങിയിട്ടില്ല എന്നും അയാള്‍ പറഞ്ഞത്രെ. കണ്ടെത്തുമ്പോള്‍ ഇയാളുടെ നെഞ്ചില്‍ മുറിവും കാലില്‍ പരിക്കുമുണ്ടായിരുന്നു. 

ഒരു വന്യജീവി ഗവേഷണ ദൗത്യത്തിന്റെ ഭാ​ഗമായി ഒരു സംഘം ശാസ്ത്രജ്ഞരുമായി യാത്ര ചെയ്യുകയായിരുന്നു ഹെലികോപ്റ്റര്‍. മോശം കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്റര്‍ വഴിതിരിച്ചുവിട്ടു. അപ്പോഴാണ് ഇയാള്‍ സഹായത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്നതായി കണ്ടെത്തിയത്. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, ഇയാളുടെ തോക്കിനുള്ള വെടിമരുന്ന് തീർന്നുപോയതായും അദ്ദേഹം താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡിന്‍റെ വാതിൽ കരടി വലിച്ചു കീറിയതായും പറയുന്നു. “ഒരു ഘട്ടത്തിൽ കരടി അയാളെ നദിയിലേക്ക് വലിച്ചിഴച്ചിരുന്നു” ലെഫ്റ്റനന്റ് കമാൻഡർ ജേർഡ് കാർബജൽ മാധ്യമത്തോട് പറഞ്ഞു. "അദ്ദേഹത്തിന്‍റെ പക്കൽ ഒരു പിസ്റ്റൾ ഉണ്ടായിരുന്നു. കരടി എല്ലാ രാത്രിയും തിരിച്ചുവരും. അതിനാല്‍ ഏതാനും ദിവസങ്ങളായി താൻ ഉറങ്ങിയിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു" എന്നും കാര്‍ബജല്‍ പറയുന്നു. 

അവര്‍ കണ്ടെത്തുമ്പോള്‍ അയാള്‍ ഷെഡ്ഡിന് പുറത്ത് നിന്ന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വെള്ളക്കൊടി വീശുകയായിരുന്നു. ആക്രമിക്കപ്പെട്ടയാളുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. അദ്ദേഹം തന്‍റെ അമ്പതുകളുടെ അവസാനമോ അറുപതുകളുടെ ആദ്യമോ ആയിരിക്കാം എന്ന് രക്ഷപ്പെടുത്തിയവര്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യാനുദ്ദേശിച്ചതായിരുന്നു എങ്കിലും അദ്ദേഹം മാത്രം ബാക്കിയാവുകയായിരുന്നു. 

ഇയാളെ ആശുപത്രിയിലെത്തിച്ചു. പരിക്കുകള്‍ ഗുരുതരമല്ല എന്നും അധികൃതര്‍ പറയുന്നു. ഇത് ഒരുപാട് കരടികളുള്ള സ്ഥലമാണ് എങ്കിലും ഇത്തരത്തിലുള്ള അതിക്രമങ്ങളങ്ങനെ ഉണ്ടാകാറില്ല എന്നും അധികൃതര്‍ പറയുന്നു.