Asianet News MalayalamAsianet News Malayalam

ശുചിമുറിയിൽ വച്ച് എലി കടിച്ചു, 76 -കാരന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിന്നു, ​ഗുരുതരാവസ്ഥയിൽ

എലി കടിച്ചാണ് ബാക്ടീരിയ ഇയാളുടെ ശരീരത്തിൽ പ്രവേശിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി.  എലിയുടെ വായിൽ മൂത്രം ഉണ്ടായിരുന്നിരിക്കാം എന്നും, അത് കയ്യിൽ കടിച്ചപ്പോൾ ശരീരത്തിലേക്ക് കടന്നിരിക്കാം എന്നുമാണ് ഡോക്ടർമാർ അനുമാനിക്കുന്നത്.

after rat bite 76 year old mans hospitalised with organ failure rlp
Author
First Published Apr 7, 2024, 12:59 PM IST

കാനഡയിൽ നിന്നുള്ള 76 -കാരൻ എലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ. തൻ്റെ ശുചിമുറിയിൽ കയറിക്കൂടിയ  എലിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾക്ക് എലിയുടെ കടിയേറ്റത്. ഇദ്ദേഹത്തിൻറെ രണ്ടു വിരലുകളിലാണ് എലി കടിച്ചത്. ഇതേ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എലിയുടെ കടിയേറ്റ് 18 ദിവസങ്ങൾക്ക് ശേഷമാണ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചത്. കടിയേറ്റ ഉടൻതന്നെ ആശുപത്രിയിലെത്തി പ്രാഥമിക ശുശ്രൂഷ എടുത്തിരുന്നെങ്കിലും പിന്നീട് മൂന്നാഴ്ചകൾക്ക് ശേഷം കടുത്ത പനിയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണൽ ആണ് ഈ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 

മെഡിക്കൽ റിപ്പോർട്ട് പ്രകാരം ഇദ്ദേഹത്തിൻറെ ഹൃദയമിടിപ്പ് വർദ്ധിച്ചതായും രക്തസമ്മർദ്ദം കുറഞ്ഞതായും വൃക്ക തകരാറിലായതായും ഡോക്ടർമാർ പറയുന്നു. കൂടാതെ, പല അവയവങ്ങളിലും പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുകയും  ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം തീവ്ര പരിഗണന വിഭാഗത്തിൽ ചികിത്സയിലാണ്. വിദഗ്ധ പരിശോധനയിൽ എലി പോലുള്ള ജീവികൾ മനുഷ്യ ശരീരത്തിലേക്ക് പകർത്തുന്ന ബാക്ടീരിയയാണ് രോഗാവസ്ഥയ്ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

റിപ്പോർട്ടനുസരിച്ച്, എലി കടിച്ചാണ് ബാക്ടീരിയ ഇയാളുടെ ശരീരത്തിൽ പ്രവേശിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി.  എലിയുടെ വായിൽ മൂത്രം ഉണ്ടായിരുന്നിരിക്കാം എന്നും, അത് കയ്യിൽ കടിച്ചപ്പോൾ ശരീരത്തിലേക്ക് കടന്നിരിക്കാം എന്നുമാണ് ഡോക്ടർമാർ അനുമാനിക്കുന്നത്. എലി പോലുള്ള ജീവികളുടെ മൂത്രത്തിലാണ് സാധാരണയായി ഇത്തരത്തിലുള്ള ബാക്ടീരിയകൾ കാണപ്പെടുന്നത്.

ലോകമെമ്പാടും, പ്രതിവർഷം 1 ദശലക്ഷത്തിലധികം എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും ഏകദേശം 60,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ ബാക്ടീരിയ അണുബാധയുടെ മരണനിരക്ക് 5% മുതൽ 15% വരെ ആയിരിക്കുമെന്ന് ഇത് വെളിപ്പെടുത്തുന്നു.
 

Follow Us:
Download App:
  • android
  • ios