Asianet News MalayalamAsianet News Malayalam

പത്തുവട്ടം ഗർഭം അലസിപ്പോയ ജെന്നിയ്ക്ക് പതിനൊന്നാം വട്ടം ഒരാൺകുഞ്ഞിനെ കിട്ടിയപ്പോൾ..

അവളുടെ കൂടെപ്പഠിച്ച കുട്ടികൾക്കെല്ലാം കുട്ടികളായി. പലർക്കും രണ്ടു കുട്ടികളായി. ചിലർക്ക് മൂന്നുമക്കളായി. പലരും അവളോട് ചോദിക്കാൻ മടിച്ചു.  'നിങ്ങൾ ശ്രമിക്കുന്നില്ലേ..? . ഈ ചോദ്യങ്ങൾ നേരിടാൻ വയ്യാതെ അവൾ സ്‌കൂൾ കോളേജ് റീയൂണിയനുകൾക്ക് പോവാതെയായി.

After ten miscarriages when a baby brought happiness to jen and andrew's lives
Author
Trivandrum, First Published Apr 5, 2019, 3:33 PM IST

വിവാഹിതരാവുന്ന ആരുടേയും സ്വപ്നമാണല്ലോ ഒരു കുഞ്ഞിക്കാല് കാണുക എന്നത്. ഒരുമിച്ചൊരു ജീവിതം നയിക്കുന്ന ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ടാവാൻ പോവുമ്പോൾ അത് ഒരുപാട് പ്രതീക്ഷകൾ നൽകും. ആ പ്രതീക്ഷകളുടെ ബലത്തിൽ അവർ ഒത്തിരി സ്വപ്നങ്ങളും കാണും. 

 ലോകത്ത് ഗർഭം ധരിക്കുന്ന 100  സ്ത്രീകളിൽ 10-15  പേർക്കെങ്കിലും ഗർഭകാലത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഗർഭം അലസിപ്പോവുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഗർഭപാത്രത്തിൽ ഭ്രൂണം കുരുത്ത് ഇരുപത് ആഴ്ചകൾക്കുള്ളിൽ അലസിപ്പോവുന്നതിനെയാണ് സാധാരണഗതിയ്ക്ക് 'ഗർഭം അലസുക എന്നു പറയാറ്.  ഗർഭം അലസിപ്പോവുന്നത് ഒരു സ്ത്രീയെ മാനസികവും ശാരീരികവുമായി തളർത്തും. പലർക്കും വീണ്ടും ഗർഭമുണ്ടാവുകയും ഒന്നോ അതിലധികമോ കുട്ടികളുണ്ടായി അവർ സസന്തോഷം കുടുംബജീവിതം നയിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ചിലർക്ക് ഒന്നിലധികം തവണ ഈ വേദനാജനകമായ അനുഭവത്തിലൂടെ കടന്നുപോവേണ്ടിവരും. അത്തരത്തിൽ ഒരു യുവതിയുടെ അനുഭവം BBC അടുത്തിടെ  ലോകത്തോട് പങ്കുവെക്കുകയുണ്ടായി. 

 ജെന്നിഫറും  ആൻഡ്രുവും സ്‌കൂൾ കാലം മുതൽക്കേ സഹപാഠികളായിരിക്കുന്നു. പഠനകാലത്തെ ഇഷ്ടം പതിയെ പ്രണയത്തിന് വഴിമാറി. സ്‌കൂൾ കഴിഞ്ഞ് അവർ തമ്മിൽ ഡേറ്റ് ചെയ്യാൻ തുടങ്ങി. അധികകാലമാവും മുമ്പേ തന്നെ അവർ വിവാഹവും കഴിച്ചു.  ഒരു കുഞ്ഞുവേണമെന്ന ആഗ്രഹവും രണ്ടുപേർക്കും ഒരുപോലെ ഉണ്ടായിരുന്നു.  

After ten miscarriages when a baby brought happiness to jen and andrew's lives

അങ്ങനെയവർ ഒരു കുഞ്ഞിനായി പരിശ്രമിക്കാൻ തുടങ്ങി. 2007  ലാണ് ജെന്നി ആദ്യമായി ഗർഭിണിയാവുന്നത് പരിശ്രമം തുടങ്ങി ഒരു  മാസം കഴിഞ്ഞപ്പോൾ തന്നെ  ജെന്നിഫർ  ഗർഭിണിയായിരുന്നു . തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരും എന്ന സന്തോഷം അവരുടെ ജീവിതത്തിൽ നിറഞ്ഞു. എന്നാൽ ജെന്നിയുടെ ഗർഭപാത്രത്തിൽ ഒരു കുരുന്നുജീവൻ പൊടിച്ച് ആറാഴ്ചയ്ക്കകം തന്നെ അത് അലസിപ്പോയി. ഏതൊരു ദാമ്പത്യത്തിലും സംഭവിച്ചേക്കാവുന്ന ഒന്നു മാത്രം എന്ന് ആർക്കും തോന്നാം. എന്നാൽ ഒരൊറ്റ പ്രശ്നം മാത്രം. അത് ജെന്നിയുടെ ആദ്യത്തേതായിരുന്നില്ല. . 

പതിനെട്ടുമാസത്തിനകം ജെന്നി വീണ്ടും ഗർഭിണിയായി. ഇത്തവണ 11  ആഴ്ചയ്ക്കുശേഷം അത് അലസി. ഇത്തവണ ആശുപത്രിവാസവും ശസ്ത്രക്രിയകളും ഒക്കെ വേണ്ടിവന്നു. ഒരുപാ ബ്ളീഡിങ്ങും വേദനയും ഒക്കെയായി ആകെ തളർന്നുപോയി ജെന്നി. രണ്ടാമത്തെ തവണ ഗർഭമലസിയത് ബാധിച്ചത് ജെന്നിയുടെ ശരീരത്തേക്കാളുമധികം അവളുടെ മനസ്സിനെയാണ്. 2009 വീണ്ടും സ്വാഭാവികമായ ഒരു ഗർഭം കൂടി. പക്ഷേ, ആദ്യ ആഴ്ചകളിലെ സ്കാനിങ്ങിൽ തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചതായി തിരിച്ചറിഞ്ഞു. അതും അലസി.

ഓരോ വട്ടവും പ്രെഗ്നൻസി സ്ട്രിപ്പിൽ പോസിറ്റീവ് റിസൾട്ട് കാണുമ്പോഴും ജെന്നിന്റെ മനസ്സിൽ എന്തെന്നറിയാത്ത ഒരു സന്തോഷവും ആവേശവുമൊക്കെ വന്നു നിറയാറുണ്ട്. അപ്പോഴവൾ നേരെ ഓടിച്ചെന്ന് സുഖസുഷുപ്തിയിലാണ്ടു കിടക്കുന്ന ആന്ഡ്രുവിനെ വിളിച്ചുണർത്തും . അവനെ ആ സന്തോഷ വർത്തമാനം അറിയിക്കും. എന്നാൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർക്ക് അപ്പോഴൊന്നും   എല്ലാം മറന്നു സന്തോഷിക്കാനാവില്ല. വരാനിരിക്കുന്ന അശുഭാന്ത്യത്തെക്കുറിച്ചുള്ള ഭീതി  അവളുടെ മനസ്സിനെ ആവേശിക്കും. ഒരുപാടൊന്നും പ്രതീക്ഷകൾ വേണ്ടെന്ന് അവനും അവളോട് പറയും.ഓരോ ദിവസവും അവരിരുവരും തള്ളിനീക്കുന്നത് കലണ്ടറിൽ തീയതികൾഒന്നൊന്നായി വെട്ടി നീക്കിക്കൊണ്ടാവും. 

ഒരു കുഞ്ഞിനെ ഇത്തവണയെങ്കിലും ദൈവം തനിക്ക് തന്നേക്കുമെന്ന്, ഓരോ പ്രാവശ്യം ഗർഭിണിയാവുമ്പോഴും ജെന്നിഫർ മനസ്സിൽ കരുതും. എന്നാൽ ആ പ്രതീക്ഷ മനസ്സിൽ നിറയും മുമ്പുതന്നെ അവളിൽ നിന്നും ദൈവം ആ കുരുന്നിനെ അടർത്തിയെടുത്തുകളയും.

ദിവസങ്ങൾ കഴിയുന്തോറും ജെന്നിഫറിന് പ്രായമേറിവരുന്നുണ്ടായിരുന്നു. അവളുടെ കൂടെപ്പഠിച്ച കുട്ടികൾക്കെല്ലാം കുട്ടികളായി. പലർക്കും രണ്ടു കുട്ടികളായി. ചിലർക്ക് മൂന്നുമക്കളായി. പലരും അവളോട് ചോദിക്കാൻ മടിച്ചു. ചിലരൊക്കെ ചോദിച്ചു. നിങ്ങൾ ശ്രമിക്കുന്നില്ലേ..? വേണ്ടെന്നു വെച്ചിട്ടാണോ..? ട്രീറ്റ് മെന്റ് എടുക്കാമായിരുന്നില്ലേ..?  വിഷമിക്കേണ്ട.. ഒക്കെ ശെരിയാവും. ഈ ചോദ്യങ്ങൾ നേരിടാൻ വയ്യാതെ അവൾ സ്‌കൂൾ കോളേജ് ഗെറ്റ് റ്റുഗദറുകൾക്ക് പോവാതെയായി.

ജെന്നീ നീ വിഷമിക്കേണ്ട.. അടുത്ത വട്ടം.. നിന്നെ ഞാനിവിടെനിന്നും ഒരു  കുഞ്ഞിനെ കയ്യിൽ തന്നെ വിടുകയുള്ളൂ.. ഉറപ്പ്..

ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടങ്ങൾ അവളുടെ ഉള്ളുപൊള്ളിച്ചു. ബന്ധുക്കളുടെ കുത്തുവാക്കുകളിൽ അവൾക്കൊപ്പം അവനും വിഷമിച്ചു.  എന്തുകൊണ്ടാണ് തനിക്കുമാത്രം ദൈവം ഒരു കുഞ്ഞിനെത്തരാത്തതെന്ന് തന്റെ പ്രാർത്ഥനകളിലെല്ലാം അവൾ ദൈവത്തോട് ചോദിച്ചുകൊണ്ടിരുന്നു. 

അവസാനത്തെ ഗർഭം അലസിപ്പോയപ്പോഴേക്കും കുഞ്ഞിന്  24 ആഴ്ച കഴിഞ്ഞിരുന്നു. അന്നവൾ തന്റെ ഗൈനക്കോളജിസ്റ്റിനോട് കരഞ്ഞുപറഞ്ഞു. "അലസിപ്പോയ ഈ ഗർഭത്തെ ഞാൻ കുഞ്ഞെന്നു വിളിച്ചോട്ടെ..? "  മച്ചിയല്ല, അമ്മയായിക്കഴിഞ്ഞിരുന്നു മനസ്സുകൊണ്ടവൾ അപ്പോഴേക്കും അവൾ..! അതു കേട്ട് മനം നൊന്ത ഗൈനക്കോളജിസ്റ്റും അവളെ ആശ്വസിപ്പിച്ചു, " ജെന്നീ നീ വിഷമിക്കേണ്ട.. അടുത്ത വട്ടം.. നിന്നെ ഞാനിവിടെനിന്നും ഒരു  കുഞ്ഞിനെ കയ്യിൽ തന്നെ വിടുകയുള്ളൂ.. ഉറപ്പ്.." 

പക്ഷേ, അപ്പോഴേക്കും അവരുടെ കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ കൊടുത്ത് തീർന്നുപോയിരുന്നു.പക്ഷേ, അവരെ  ചികിത്സിച്ചുകൊണ്ടിരുന്ന ക്ലിനിക്ക് അവർക്ക് അവസാനമായി ഒരു ഫ്രീ ചാൻസ് കൂടി നൽകാൻ തീരുമാനിച്ചു. അവിടെ  ചികിത്സയിലായിരുന്ന ദമ്പതികളിൽ നിന്നും നഴ്‌സുമാർ നടത്തിയ വോട്ടെടുപ്പിൽ, ഏറ്റവും അർഹതയുള്ള ദമ്പതികളാണ് തെരഞ്ഞെടുക്കപ്പെട്ടത് ജെന്നിയും ആൻഡ്രുവും ആയിരുന്നു. അങ്ങനെ ഒട്ടും പ്രതീക്ഷകൂടാതെ അവർ അവസാനമായി ഒരിക്കൽ കൂടി ശ്രമിക്കാൻ മനസ്സിനെ പാകപ്പെടുത്തി. 

After ten miscarriages when a baby brought happiness to jen and andrew's lives

തങ്ങളുടെ പതിനൊന്നാമത്തെ പരിശ്രമത്തിൽ അവൾക്ക് ഒരു ആൺകുഞ്ഞിനെക്കിട്ടി. ഒരു വ്യാഴവട്ടക്കാലത്തെ അവരുടെ സങ്കടങ്ങളെ തച്ചു തകർത്തുകൊണ്ട് ഒരു വികൃതിക്കുട്ടൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അങ്ങനെ ഒടുവിൽ ജെന്നിഫറും ഒരമ്മയായി. കുഞ്ഞ് ബോബി വില്യം ബെക്കലിന് ഇന്ന് ആറുമാസം പ്രായമുണ്ട്. തന്റെ മടിയിൽ വിരലുണ്ടുകൊണ്ട് മയങ്ങുന്ന ആ കുഞ്ഞിന്റെ മുഖത്ത് ഉറക്കത്തിൽ വിടരുന്ന പുഞ്ചിരി കാണുമ്പൊൾ  അത്രയും കാലം താനനുഭവിച്ച ദുരിതങ്ങളെല്ലാം ഞൊടിയിടകൊണ്ട് ജെന്നി മറന്നുപോകും.. 

 

Follow Us:
Download App:
  • android
  • ios