മരിച്ചുപോയ അമ്മാവന്റെ പ്രതിമയുടെ മടിയിലിരുത്തി കുഞ്ഞുങ്ങളുടെ കാതുകുത്ത്...

2020 ജൂണ്‍ മാസത്തിലെ ഒരു ഞായറാഴ്ച തമിഴ്നാട്ടിലെ (Tamil Nadu) ദിണ്ടിഗല്‍ (dindigul) ജില്ലയിലെ ഒഡംഛത്ര എന്ന സ്ഥലത്ത് ഒരു വാഹനാപകടം ഉണ്ടായി. അതില്‍ എസ്. പാണ്ടിദുരൈ (S Pandidurai) എന്ന -24 കാരന്‍ ദാരുണമായി മരണപ്പെട്ടു. അവന്റെ വിയോഗം കുടുംബത്തെ, പ്രത്യേകിച്ച് 42 കാരിയായ അമ്മ പശുംകിലിയെ (S Pasumkizhi) തകര്‍ത്തു.

ജീവനില്ലാത്ത ശരീരം കെട്ടിപിടിച്ച് ആ അമ്മ കരഞ്ഞു. ദുഃഖിതരായ കുടുംബാംഗങ്ങള്‍ അവന്റെ മരണം തീര്‍ത്ത ശൂന്യത മറികടക്കാനാകാതെ വിഷമിച്ചു. പിന്നീടുള്ള രണ്ടു വര്‍ഷം അവര്‍ അവനെ ഓര്‍ത്ത് വെന്തു. ഒടുവില്‍ പാണ്ടിദുരൈയുടെ അനന്തരവന്റെയും അനന്തിരവളുടെയും കാത്ത് കുത്തല്‍ ചടങ്ങ് വന്നെത്തി. അവന്റെ മടിയില്‍ ഇരുത്തി വേണമായിരുന്നു കുഞ്ഞുങ്ങള്‍ക്ക് കാത് കുത്താന്‍. അവനില്ലാതെ ഈ ചടങ്ങുകള്‍ നടത്തുന്നതിനെ കുറിച്ച് വീട്ടുകാര്‍ക്ക് ചിന്തിക്കാന്‍ കൂടി സാധിച്ചില്ല. ഒടുവില്‍ അവര്‍ അതിനൊരു ഉപായം കണ്ടെത്തി. 

പാണ്ടിദുരൈയെ വീണ്ടും വീട്ടിലേയ്ക്ക് കൊണ്ടുവരിക, ജീവനോടെയല്ല മറിച്ച് ജീവന്‍ തുടിക്കുന്ന ഒരു പ്രതിമയുടെ രൂപത്തില്‍.

അങ്ങനെ അപകടം നടന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, മറ്റൊരു ഞായറാഴ്ച, പാണ്ടിദുരൈയുടെ ഒരാള്‍ വലിപ്പമുള്ള സിലിക്കണ്‍ പ്രതിമ വിനോഭ നഗറിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. പാണ്ടിദുരൈയ്ക്ക് അനന്തരവള്‍ തരികശ്രീയെയും അനന്തരവന്‍ മോനേഷ് കുമാറിനെയും ജീവനായിരുന്നുവെന്നും, കുട്ടികളുടെ കാത് കുത്തല്‍ ചടങ്ങ് കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പാണ്ടിദുരൈയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു. ചടങ്ങ് ആര്‍ഭാടമായി തന്നെ നടത്തണമെന്ന് പാണ്ടിദുരൈയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2020 -ല്‍ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അതിന് കൃത്യം മൂന്ന് മാസം മുന്‍പ് പാണ്ടിദുരൈ മരണപ്പെടുകയായിരുന്നു. 2020 ജൂണ്‍ 28-നായിരുന്നു അപകടം. എന്നാല്‍ മകന്‍ ഏറെ ആഗ്രഹിച്ച ആ ചടങ്ങ് മകനില്ലാതെ നടത്താന്‍ ആ അമ്മയ്ക്ക് മനസ്സ് വന്നില്ല. അങ്ങനെ അവന്റെ അതെ വലുപ്പമുള്ള ഒരു പ്രതിമ നിര്‍മ്മിക്കാന്‍ അവര്‍ തീരുമാനിക്കുകയും കര്‍ണാടകയില്‍ നിന്നുള്ള ഒരാളെ ഇതിനായി ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. 

കോവിഡ് മഹാമാരി മൂലമുണ്ടായ നിയന്ത്രണങ്ങള്‍ കാരണം ഏകദേശം ഒരു വര്‍ഷമെടുത്തു പ്രതിമ വീട്ടിലെത്താന്‍. 50 കിലോയോളം ഭാരമുള്ള പാണ്ടിദുരൈയുടെ സിലിക്കണ്‍ പ്രതിമ കര്‍ണാടകയില്‍ നിന്ന് കാറിലാണ് വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, വെള്ള ഷര്‍ട്ടും മുണ്ടും വേഷ്ടിയും ധരിച്ച അദ്ദേഹത്തിന്റെ പ്രതിമ രഥത്തില്‍ വേദിയിലെത്തിച്ചു. ആചാരപ്രകാരം, കുട്ടികളെ പ്രതിമയുടെ മടിയില്‍ ഇരുത്തിയാണ് ചടങ്ങുകള്‍ നടത്തിയത്.

വീട്ടിലെ സ്വീകരണമുറിയില്‍ തന്റെ മകന്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുന്നത് എപ്പോഴും തന്റെ മനസ്സില്‍ മിന്നിമായുമെന്ന് പാണ്ടിദുരൈയുടെ അമ്മ വികാരഭരിതയായി പറഞ്ഞു. അതുകൊണ്ട് തന്നെ, കുടുംബാംഗങ്ങള്‍ എപ്പോഴും സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന ഹാളിലാണ് പാണ്ടിദുരൈയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 

''റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട മകനാണ് പാണ്ടിദുരൈ. അവന്‍ ഞങ്ങളെ വിട്ടുപോയി ഏതാനും മാസങ്ങള്‍ക്കുശേഷം, എന്റെ മകന്റെ ഒരു വലിയ പ്രതിമ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇപ്പോള്‍ ഞങ്ങളുടെ വീടിന്റെ സ്വീകരണമുറിയില്‍ ആ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. അത് ഒരു പ്രതിമയാണെങ്കിലും, ഈ രൂപത്തിലെങ്കിലും എന്റെ മകനെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്,' ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പശുംകിലി പറഞ്ഞു.