ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിവരുന്ന മനോഹരമായ ചെടിയാണ് പോയിന്‍സെറ്റിയ. അതുപോലെ ഇതേ കുടുംബത്തില്‍പ്പെട്ട മറ്റൊരു ചെടിയാണ് ലിറ്റില്‍ ക്രിസ്മസ് ഫ്ളവര്‍ എന്നറിയപ്പെടുന്ന സ്നോ ബുഷ്. പ്രധാനമായും അലങ്കാരച്ചെടികളായി വളര്‍ത്തുന്ന ഈ ചെടികളെപ്പറ്റി ചില കാര്യങ്ങള്‍.

മെക്സിക്കോക്കാരിയായ ക്രിസ്മസ് ട്രീ നമ്മുടെ കേരളത്തിലും ക്രിസ്മസ് സീസണില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ച മനംകുളിര്‍പ്പിക്കുന്നതാണ്. ഇതിന്റെ നക്ഷത്രാകൃതിയിലുള്ള ഇലകള്‍ ബേത്ലഹേമില്‍ വിശുദ്ധന്‍മാര്‍ ദര്‍ശിച്ച വാല്‍നക്ഷത്രത്തെയാണ് സൂചിപ്പിക്കുന്നത്. യൂഫോര്‍ബിയ പള്‍ക്കെറീമ എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം.

ഈ ചെടിക്ക് പോയിന്‍സെറ്റിയ എന്ന പേര് വരാന്‍ കാരണം മെക്സിക്കോയിലെ അമേരിക്കന്‍ അംബാസഡറായ ജോയല്‍ റോബര്‍ട്ട്സ് പോയിന്‍സെറ്റ് അമേരിക്കയിലേക്ക് ഈ ചെടി എത്തിച്ചതിന്റെ പേരിലാണ്. ഇലകള്‍ക്ക് ഇരുണ്ട പച്ചനിറവും ചുവപ്പ് നിറവുണ്ടാകും. ക്രിസ്മസ് കാലത്ത് അലങ്കാരത്തിനായാണ് ഈ ചെടി നമ്മള്‍ പ്രയോജനപ്പെടുത്തുന്നത്.

ഇലകള്‍ക്ക് ഏകദേശം 7 മുതല്‍ 16 സെ.മീ വരെ നീളം കാണും. നമ്മള്‍ കാണുന്ന ഇനത്തില്‍പ്പെട്ട ചെടി മാത്രമല്ല പോയിന്‍സെറ്റിയ എന്ന വര്‍ഗത്തിലുള്ളത്. നൂറില്‍ക്കൂടുതല്‍ ചെടികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

കേരളത്തില്‍ മാത്രമല്ല, വളരെ പണ്ടുമുതലേ ക്രിസ്മസ് സീസണില്‍ ഈ ചെടി ഉപയോഗിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിലും ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ ക്രിസ്മസ് ആഘോഷത്തിനായി ഈ ചെടികള്‍ ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രം സൂചിപ്പിക്കുന്നു.

ക്രിസ്മസ് ട്രീയുടെ പ്രത്യേകത

ഇതിന്റെ കടുംചുവപ്പ് ഇലകള്‍ യേശുവിന്റെ കുരിശുമരണത്തെ സൂചിപ്പിക്കുന്നുവെന്നാണ് ക്രൈസ്തവവിശ്വാസികള്‍ കരുതുന്നത്. ഈ ചെടി അലങ്കാരത്തിനായാണ് ഉപയോഗിച്ചുവരുന്നത്. വടക്കേഅമേരിക്കയില്‍ ഈസ്റ്ററിനും പുതുവര്‍ഷത്തിനും അലങ്കരിക്കാന്‍ പോയിന്‍സെറ്റിയയുടെ ഇലകള്‍ ഉപയോഗിക്കുന്നു.

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചട്ടിയില്‍ പോയിന്‍സെറ്റിയ വളര്‍ത്താം. കേരളത്തിനേക്കാള്‍ യോജിച്ച കാലാവസ്ഥയുള്ളത് ആസ്ട്രേലിയ,റുവാണ്ട,മാള്‍ട്ട എന്നീ രാജ്യങ്ങളിലാണ്. ഇത് പറമ്പിലും വളര്‍ത്താവുന്നതാണ്. ബോണ്‍സായി രീതിയില്‍ ചട്ടിയില്‍ വളര്‍ത്തുന്നവരുണ്ട്.

ഈ ചെടിയുടെ ഇലകള്‍ക്ക് തന്നെയാണ് ചുവപ്പ് നിറമുള്ളത്. അഞ്ച് ദിവസത്തേക്ക് 12 മണിക്കൂര്‍ എന്ന തോതില്‍ ഇരുട്ട് ലഭിച്ചാലേ ഇലകള്‍ക്ക് ഈ നിറം ലഭിക്കുകയുള്ളു. ഇവയുടെ പൂക്കള്‍ ഇലകളെപ്പോലെ ആകര്‍ഷകമല്ല. ചെറിയമഞ്ഞനിറത്തിലാണ് ഇവ കാണപ്പെടുന്നത്.

പൂപ്പല്‍ രോഗം പോയിന്‍സെറ്റിയയുടെ ഇലകളെ ബാധിക്കുന്നു. ഇലകള്‍ ഭക്ഷ്യയോഗ്യമല്ല. അബദ്ധവശാല്‍പ്പോലും കുട്ടികള്‍ ഇതിന്റെ ഇലകള്‍ കടിക്കാന്‍ പാടില്ല. വയറിളക്കം,ഛര്‍ദ്ദി,ചര്‍മരോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

ലിറ്റില്‍ ക്രിസ്മസ് ഫ്ളവര്‍ അഥവാ സ്നോ ബുഷ്

ഡിസംബര്‍ മാസത്തില്‍ പൂവിടുന്ന ചെടിയാണ് സ്നോബുഷ്. ചെറിയ തൂവെള്ള നിറത്തിലുള്ള പൂക്കളാണ് ഇവയ്ക്ക്. ചെടിയുടെ ഇലകള്‍ കാണാത്ത വിധത്തില്‍ പൂക്കള്‍ ഇടതൂര്‍ന്ന് അലങ്കരിച്ചിരിക്കുന്ന ഈ ചെടി പോയിന്‍സെറ്റിയയുടെ കുടുംബക്കാരനാണ്. യൂഫോര്‍ബിയ ല്യൂക്കോസെഫാല എന്നാണ് ശാസ്ത്രനാമം.

കേരളത്തിലും വളരുന്ന സ്നോബുഷ് യഥാര്‍ഥത്തില്‍ മധ്യ അമേരിക്കയിലാണ് ജനിച്ചത്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ് സ്നോബുഷ്. വെള്ളം അധികം ലഭിച്ചില്ലെങ്കിലും ഈ ചെട്ി വളരും. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൃഷി ചെയ്യാന്‍ നല്ലത്.

സ്നോബുഷിന്റെ ഇലകള്‍ക്ക് ഇളംപച്ചനിറമാണ്. അഗ്രഭാഗം കൂര്‍ത്ത ആകൃതിയാണ്. വിപരീത ദിശകളിലായിരിക്കും ഇലകള്‍ ക്രമീകരിച്ചത്. ഈ ചെടിയുടെ ഇലകള്‍ പൂവിട്ട് കഴിഞ്ഞാല്‍ പൊഴിഞ്ഞുപോകും. കൊമ്പുകോതല്‍ നടത്തുന്നത് നല്ലതാണ്.

നമുക്കും കൃഷി ചെയ്യാം

തണ്ടു മുറിച്ച് നട്ടാണ് ചെടി വളര്‍ത്തുന്നത്.ചെടിയുടെ അഗ്രഭാഗത്ത് പൂമൊട്ടുകള്‍ വിരിയുന്നതിന് മുമ്പ് അല്‍പ്പം ഇലകളോടെ തണ്ട് മുറിച്ചെടുക്കണം. തണ്ടിന്റെ താഴ്ഭാഗം വേര് പിടിപ്പിക്കാനായി ഹോര്‍മോണില്‍ മുക്കിവെക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ തണ്ട് മുറിച്ചെടുക്കുമ്പോള്‍ പുറത്തേക്ക് വരുന്ന കറ കഴുകി അല്‍പസമയം വെള്ളത്തില്‍ മുക്കിവെച്ച് നടുകയും ചെയ്യാം. വേപ്പിന്‍ പിണ്ണാക്ക് 10 ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോ എന്ന അളവില്‍ മൂന്ന് ദിവസം കുതിര്‍ത്തുവെച്ച് തെളിയൂറ്റി ഒരാഴ്ച ഇടവിട്ട് ചെടിയുടെ ചുവട്ടില്‍ ഒഴിക്കാം.

സ്നോബുഷ് പൂത്തുതുടങ്ങിയാല്‍ രണ്ടുമാസത്തോളം നിറയെ പൂക്കളുണ്ടാകും. ഇതും അലങ്കാരച്ചെടിയായാണ് ഉപയോഗിക്കുന്നത്. റോഡരികുകളിലും ട്രാഫിക് ഐലന്റുകളിലും പൂത്തുനില്‍ക്കുന്ന കാഴ്ച മനോഹരമാണ്. പൂക്കള്‍ക്ക് സുഗന്ധവും ഉണ്ടാകും. മഞ്ഞുപാളി എന്ന അര്‍ഥത്തില്‍ സ്നോ ഫ്ളോക്ക് എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ചെടികള്‍ നട്ട് വളര്‍ത്തുന്നത്.