2010 മെയ് 22 ലെ പ്രഭാതം. ദുബായിൽ നിന്ന് 166 പേരെയും വഹിച്ചുകൊണ്ട് രാത്രി 01:06 അടുപ്പിച്ച് പറന്നുയന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 812 എന്ന ബോയിങ് 737-8NG(SFP) വിമാനം മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ  രാവിലെ ആറുമണിയോടെ ലാൻഡ് ചെയ്യാൻ ശ്രമിക്കവേ തകർന്നുവീണു. 166 -ൽ 158 പേരും അന്ന് അപകടത്തിൽ കൊല്ലപ്പെട്ടു. രണ്ടായി പിളർന്ന് കുന്നിൻ ചെരിവിലേക്ക് മറിഞ്ഞുവീണു തീനാളങ്ങളിൽ അമരും മുമ്പ് ചാടി രക്ഷപ്പെട്ട എട്ടുപേർ പരിക്കുകളോടെയെങ്കിലും ആ അപകടത്തെ അതിജീവിച്ചു.  പനമ്പൂരിലുള്ള വിമാനത്താവളത്തിൽ അവരുടെ ഓർമ്മയ്ക്കായി പരിപാലിക്കപ്പെടുന്ന പൂന്തോട്ടത്തിൽ വെച്ച് ചെറിയ ഒരു അനുസ്മരണ ചടങ്ങു നടന്നു. ഏതാനും മണിക്കൂറുകൾക്കു ശേഷം അറബിക്കടലിന്റെ തന്നെ തീരത്തോട് ചേർന്നുള്ള മറ്റൊരു നഗരത്തിലെ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസകേന്ദ്രത്തിലേക്ക് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർ ബസ് A320 വിമാനം തകർന്നുവീണു. അവിടെയും കൊല്ലപ്പെട്ടത് 97 പേരായിരുന്നു. രണ്ടു പേർ ഈ അപകടത്തിലും രക്ഷപ്പെട്ടു. 

അന്ന് വിനയായത് പൈലറ്റ് ഉറങ്ങിപ്പോയതും, വിമാനം റൺവേ  ഓവർഷൂട്ട് ചെയ്തതും 

38,000 അടി ഉയരത്തിലൂടെ, 880–926 kmph സ്പീഡിൽ പറന്നു പോകുന്ന ആകാശയാനങ്ങളാണ് വിമാനങ്ങൾ. ഒരിക്കൽ ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞാൽ പിന്നെ അവ ആ ഉയരത്തിൽ നിന്ന് താഴേക്കിറങ്ങുന്നത് ലാൻഡിംഗ് അഥവാ നിലത്തിറക്കൽ നടത്തേണ്ടി വരുമ്പോൾ മാത്രമാണ്. മംഗലാപുരത്തേത് ഒരു ടേബിൾ ടോപ്പ് എയർപോർട്ട് ആയിരുന്നു. കേന്ദ്ര സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (DGCA) 'ക്രിട്ടിക്കൽ എയർഫീൽഡു'കളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുള്ള ഏഴ് വിമാനത്താവളങ്ങളിൽ ഒന്ന്. ഇവിടെ അസിസ്റ്റഡ് ലാൻഡിംഗ് അനുവദിച്ചിട്ടില്ല. അതായത് കോ പൈലറ്റിന് ലാൻഡ് ചെയ്യാൻ അനുവാദമില്ല. ക്യാപ്റ്റൻ തന്നെ വേണം അത് ചെയ്യാൻ. പത്തുവർഷം മുമ്പ് അപകടമുണ്ടായ ശേഷം നടന്ന ഔദ്യോഗിക അന്വേഷണത്തിൽ വെളിപ്പെട്ട പ്രധാനകാരണം ലാൻഡിംഗ് സമയത്ത് ക്യാപ്റ്റൻ  പൂർണമായ ബോധത്തിൽ അല്ലായിരുന്നു എന്നതായിരുന്നു. പറക്കലിന്റെ മുക്കാൽ ഭാഗവും കൂർക്കം വലിച്ചുറങ്ങിയ, സെർബിയൻ പൗരനായ ക്യാപ്റ്റൻ  ഗ്ലൂസിക്ക, ലാൻഡിംഗ് വേളയിൽ കൃത്യമായ ദിശാബോധത്തോടെയല്ല വിമാനത്തിന്റെ നിയന്ത്രണം കയ്യാളിയത് എന്ന് തെളിഞ്ഞിരുന്നു. ക്യാപ്റ്റന്റെ കൂർക്കം വലി ബ്ലാക്ക് ബോക്സിൽ വ്യക്തമായി റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ലാൻഡിങ്ങിന് അൽപനേരം മുമ്പുമാത്രം വിളിച്ചുണർത്തപ്പെട്ട ക്യാപ്റ്റനെ 'സ്ലീപ് ഇനേർഷ്യ' ബാധിച്ചിരുന്നു എന്നാണ് അന്വേഷകർ കരുതുന്നത്. 

 

 

10,000 -ലധികം മണിക്കൂറിന്റെ ഫ്ളയിങ് എക്സ്പീരിയൻസ് ഉണ്ടായിരുന്നു ക്യാപ്റ്റൻ  ഗ്ലൂസിക്കയ്ക്ക്. അപകടം നടന്ന ദിവസം വിമാനത്താവളം നിന്ന പ്രദേശത്ത് കനത്ത മഴ പെയ്യുകയായിരുന്നു. 2400 മീറ്റർ നീളമുള്ള റൺവേയുടെ 1500 മീറ്ററും കഴിഞ്ഞാണ് ക്യാപ്റ്റൻ തന്റെ വിമാനം ലാൻഡ് ചെയ്യിക്കുന്നത്. വിമാനം റൺവേ തീർന്നാലും നിൽക്കില്ല എന്ന് ക്യാപ്റ്റൻ മനസ്സിലാക്കാൻ ഏറെ വൈകി. അദ്ദേഹവും കോപൈലറ്റ് എച്ച് എസ് ആലുവാലിയയും കൂടി അവസാനനിമിഷം വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യിക്കാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. റൺവെയുടെ അറ്റത്തെത്തിയിട്ടും അവർ ഉദ്ദേശിച്ച ഉയരം കിട്ടിയില്ല. കുന്നിൻ ചെരിവിലൂടെ ആ വിമാനം താഴേക്ക് പതിച്ചു. രണ്ടാമതും ടേക്ക് ഓഫ് ചെയ്യുന്നതിന് പകരം ക്യാപ്റ്റൻ എമർജൻസി ബ്രേക്ക് ഇട്ട് വിമാനം നിർത്താൻ ശ്രമിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അപകടം ഒഴിവായിരുന്നേനെ എന്ന് അന്വേഷകർ പിന്നീട് നിരീക്ഷിച്ചു. തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം ഇരു പൈലറ്റുമാരും "ഓ.. മൈ ഗോഡ്.." എന്ന് പറയുന്നത് ബ്ലാക്ക് ബോക്സിൽ രേഖപെടുത്തപ്പെട്ടിരുന്നു.

 

 

കത്തുന്ന വിമാനത്തിൽ നിന്ന് ജീവിതത്തിലേക്ക് നടന്ന കൂളിക്കുന്നുകാരൻ കൃഷ്ണൻ 

അന്ന് നടന്ന അപകടത്തെപ്പറ്റി ഓർക്കുമ്പോൾ ഇന്നും ഉള്ളു കിടുങ്ങുന്നുണ്ട് എന്ന് കാസർഗോഡ് ചെമ്മനാട് കൂളിക്കുന്ന് സ്വദേശി കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ്.കോമിനോട് പറഞ്ഞു. അന്ന് അപകടം നടക്കുമ്പോൾ 47 വയസ്സ് പ്രായമുള്ള കൃഷ്ണൻ ദുബായിലെ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാട്ടിലേക്ക് മടങ്ങുമ്പോൾ യാത്രയിൽ ഉടനീളം യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം ഓർക്കുന്നു. "ലാൻഡ് ചെയ്യാൻ നേരം എയർപോർട്ട് പരിസരത്ത് നല്ല മഴയുണ്ടായിരുന്നു. നിലം തൊടാറായപ്പോഴേക്കും വിമാനം വല്ലാതെ കുലുങ്ങാൻ തുടങ്ങി. പിന്നെ വല്ലാത്ത ഒരു ഒച്ച കേട്ടത് വിമാനത്തിന്റെ ചിറകുകൾ നിലത്ത് തട്ടി വിമാനം രണ്ടായി പിളർന്നുപോയതിന്റെ ആണെന്ന് പിന്നീട് ഊഹിച്ചു. കണ്ണ് തുറന്നപ്പോൾ തലകുത്തനെയായിരുന്നു കിടന്നത്. ആകെ പുക. സഹിക്കാനാവാത്ത ചൂട്. എന്തൊക്കെയോ കരിഞ്ഞ ഗന്ധം. അപ്പോഴും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അധികം പരിക്കേറ്റില്ലയിരുന്നു. പക്ഷേ അസഹ്യമായ ചൂട്. ചൂടുകൊണ്ട് കണ്ണുപോലും പുകയുന്നു. ഒരുവിധം സീറ്റ് ബെൽറ്റ് ഊരി. ഇരുട്ടിലൂടെ കുറേദൂരം നടന്നപ്പോൾ പുറത്തേക്കിറങ്ങാൻ ഒരു ഒഴിവുകണ്ടു. അത് വിമാനം രണ്ടായി പിളർന്നതിന്റേതായിരുന്നു. അതിലൂടെ എങ്ങനെയോ പുറത്തിറങ്ങി. 

 

ഏതോ കാട്ടിലാണ് വിമാനത്തിന്റെ ആ കഷ്ണം കിടക്കുന്നത്. എന്നെപ്പോലെ വേറെയും ചിലർ രക്ഷപ്പെട്ടു പുറത്തിറങ്ങിയിട്ടുണ്ട്.  എല്ലാവരും കൂടി വിമാനത്തിൽ നിന്ന് ദൂരേക്ക് മാറി നടന്നു. കുറച്ചു ദൂരം എത്തിയപ്പോൾ പിന്നിൽ കാതടപ്പിക്കുന്ന ഒരു സ്ഫോടനശബ്ദം കേട്ടു. ദേഹത്ത് അവിടവിടെയായി പൊള്ളൽ ഏറ്റിരുന്നു എങ്കിലും സാരമായൊന്നും പറ്റിയില്ല. പിന്നീട്  രണ്ടു വർഷത്തേക്ക് ദുബായിലേക്ക് തിരികെ പോയില്ല. പിന്നെ, എന്നും നാട്ടിൽ തന്നെ നിന്നാൽ പറ്റില്ലല്ലോ. രണ്ടു പെൺകുട്ടികളുള്ളതല്ലേ. രണ്ടു വർഷം കഴിഞ്ഞപ്പോൾ പിന്നെയും പെട്ടിയും കയ്യിലെടുത്ത് നടന്നു.

വിമാനത്തിൽ കേറിയ നിമിഷം മുതൽ പടപടാ ഇടിച്ച നെഞ്ചൊന്നടങ്ങിയത് ദുബായിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്തപ്പോഴാണ്. നടന്നിട്ട് പത്തു വർഷമായി എങ്കിലും ഇന്നും സ്വപ്നം കണ്ടു ഞെട്ടിയുണരാറുണ്ട് ഞാൻ അന്നത്തെ ആ ക്രാഷ് ലാൻഡിംഗ്. "

മംഗലാപുരം വിമാനത്താവളത്തിൽ അന്ന് ആ അപകടം നടന്ന് കൃത്യം പത്തുവർഷം കഴിഞ്ഞ് അറബിക്കടലിന്റെ മറ്റൊരു തീരത്തുള്ള കറാച്ചിയിൽ അതേ ദിവസം വീണ്ടുമൊരു യാത്രാ വിമാനം തകർന്നു വീണു, അതിലും രണ്ടുപേർ അതിശയകരമായ രക്ഷപ്പെട്ടു എന്നൊക്കെ കേൾക്കുമ്പോൾ അത് മെയ് 22 നെ വിമാനയാത്രകളുടെ ചരിത്രത്തിലെ ഒരു കരിദിനമാക്കി മാറ്റുകയാണ്.