ഗൂഗിളിൽ ജോലി ചെയ്തിരുന്ന കാലത്ത് ആരംഭിച്ച റിട്ടയര്‍മെന്‍റ് സേവിംഗ് പദ്ധതി ഇപ്പോഴും തന്റെ പേരിലുണ്ടെങ്കിലും കഴിഞ്ഞ 10 വർഷമായി അതിലേക്ക് പണം നിക്ഷേപിച്ചിട്ടില്ലെന്ന് സോറെസ് പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടുത്ത 10 വർഷത്തിനുള്ളിൽ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നും അതിനാൽ വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം പോലും താൻ വേണ്ടെന്നു വെച്ചിരിക്കുകയാണെന്നും മുൻ ഗൂഗിൾ എൻജിനീയർ നേറ്റ് സോറെസ്. ബെർക്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റാണ് അദ്ദേഹം.

എഐ മേഖലയിൽ ആധിപത്യം നേടുന്നതിനായി ആഗോള കമ്പനികൾ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനിടെ, ഈ സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയാണ് നേറ്റ്സോ റെസ് പങ്കുവെച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

2014 -ൽ ഗൂഗിളിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. മനുഷ്യർ ഉദ്ദേശിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതും സുരക്ഷിതമായി ഉപയോഗിക്കാവുന്നതുമായ നൂതന എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ് അദ്ദേഹം വർഷങ്ങളായി ഏർപ്പെട്ടിരിക്കുന്നത്.

ഗൂഗിളിൽ ജോലി ചെയ്തിരുന്ന കാലത്ത് ആരംഭിച്ച റിട്ടയര്‍മെന്‍റ് സേവിംഗ് പദ്ധതി ഇപ്പോഴും തന്റെ പേരിലുണ്ടെങ്കിലും കഴിഞ്ഞ 10 വർഷമായി അതിലേക്ക് പണം നിക്ഷേപിച്ചിട്ടില്ലെന്ന് സോറെസ് പറഞ്ഞു. ദി അറ്റ്ലാന്റിക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത 10 വർഷത്തിനുള്ളിൽ മനുഷ്യർ ഭൂമിയിൽ അവശേഷിക്കാനുള്ള സാധ്യത 50 ശതമാനത്തിൽ താഴെയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, 10 വർഷം കൂടി മനുഷ്യരാശിക്ക് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2025-ൽ പുറത്തിറങ്ങിയ If Anyone Builds It, Everyone Dies എന്ന പുസ്തകത്തിലും സോറെസ് തന്റെ ആശങ്കകൾ വിശദീകരിച്ചിട്ടുണ്ട്. മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകൻ എലീസർ യുദ്കോവ്സ്കിക്കൊപ്പം രചിച്ച പുസ്തകത്തിൽ, മനുഷ്യരുടെ ബുദ്ധിശേഷിയെ മറികടക്കുന്ന അത്യധികം വികസിതമായ എഐ സംവിധാനങ്ങൾ അവയുടെ സ്രഷ്ടാക്കൾ ഉദ്ദേശിക്കാത്ത ലക്ഷ്യങ്ങൾ പിന്തുടരാൻ സാധ്യതയുണ്ടെന്നും ഇത് മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാമെന്നും ഇരുവരും വാദിക്കുന്നു.

എഐയുടെ വളർച്ച മനുഷ്യരാശിക്ക് അപകടമാകുമെന്ന മുന്നറിയിപ്പ് നൽകുന്ന പ്രമുഖരിൽ സോറെസ് മാത്രമല്ല ഉള്ളത്. എഐയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രമുഖ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റണും സമാനമായ ആശങ്കകൾ നേരത്തേ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് ഉപയോഗിക്കുന്ന നിരവധി എഐ ഉൽപ്പന്നങ്ങൾക്കും ആപ്ലിക്കേഷനുകൾക്കും അടിത്തറയായ മെഷീൻ ലേണിങ് സാങ്കേതികവിദ്യയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഹിന്റൺ. എന്നാൽ, എഐയുടെ ഭാവി വികസനത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ, ഈ വിഷയത്തിൽ കൂടുതൽ സ്വതന്ത്രമായി സംസാരിക്കാനായി അദ്ദേഹം ഗൂഗിളിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു.