Asianet News Malayalam

ഭോപ്പാലിൽ മരിച്ച പത്തുപേരും ഗ്യാസ് ട്രാജഡി ഇരകൾ, ദുരന്തം പ്രതിരോധശേഷി നശിപ്പിച്ച ലക്ഷക്കണക്കിനുപേർ ആശങ്കയിൽ

സാധാരണക്കാരനായ ഒരാൾക്ക് കൊവിഡ് വന്നാൽ മരിക്കാനുള്ള സാധ്യതയേക്കാൾ എത്രയോ അധികമാണ് ഒരു ഗ്യാസ് ട്രാജഡി സർവൈവറുടെ മരണ സാധ്യത

All 10 casualties in Bhopal due to covid 19 ex bhopal gas tragedy victims
Author
Bhopal, First Published Apr 29, 2020, 12:26 PM IST
  • Facebook
  • Twitter
  • Whatsapp

1984 ഡിസംബർ 2 -ന് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് എന്ന ഫാക്ടറിയിൽ നിന്ന് മീതൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം ചോർന്ന സംഭവം ലോകത്തിലെ വ്യാവസായിക അപകടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. അന്ന് ആ നഗരത്തിനു മുകളിലേക്ക് തുറന്നു വിടപ്പെട്ട 30 ലക്ഷം ടൺ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടത് 15000 -ലധികം പേരാണ്. അതിന്റെ ദുരന്ത ഫലങ്ങൾ അനുഭവിച്ച് അവിടെ അവശേഷിച്ചത് ആറു ലക്ഷത്തിലധികം ഭോപ്പാൽ നിവാസികളാണ്. അവരിൽ പലരും ഇന്നും ജീവനോടെയുണ്ട്. കൂടെയുള്ള പലരുടെയും മരണത്തിനു കാരണമായ അതേ വാതകം ശ്വസിച്ചിട്ടും മരണപ്പെടാതിരുന്ന അവർക്ക് പക്ഷേ അതിന്റെ ഗുരുതരമായ പാർശ്വഫലങ്ങൾ സഹിക്കേണ്ടതായി വന്നു. അത് അവരുടെ രോഗപ്രതിരോധ ശേഷി വല്ലാതെ കുറച്ചു. അവരുടെ ശ്വാസകോശങ്ങൾ അത് വളരെ ക്ഷയിപ്പിച്ചു. ജീവനോടെ ഉണ്ടായിരുന്നു എന്നുമാത്രം

 

അങ്ങനെ ജീവിച്ചിരുന്ന, മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇനിയും മരിച്ചില്ലാത്ത ചിലരിലേക്ക് കൊറോണാ വൈറസ് ബാധ കടന്നുവന്നത് വളരെ കടുത്ത ആഘാതങ്ങളാണ് അവരുടെ ആരോഗ്യത്തിൽ ഉണ്ടാക്കിയത്. ഏപ്രിൽ 22 -ന്  എഴുപതുകാരനായ റസാഖ് ഖുറേഷി എന്ന പുത്‌ലിഘർ സ്വദേശി കൊവിഡ് രോഗം ഗുരുതരമായി മരണത്തിനു കീഴടങ്ങിയപ്പോൾ അത് ഭോപ്പാലിൽ കൊവിഡിനാൽ മരണപ്പെടുന്ന പത്താമത്തെ രോഗിയായിരുന്നു അത്. ഞെട്ടിക്കുന്ന ഒരു നിരീക്ഷണമെന്തെന്നാൽ, ഭോപ്പാൽ നഗരത്തിൽ അന്നുവരെ കൊവിഡ് ബാധിച്ചു മരിച്ച പത്തു രോഗികളും ഭോപ്പാൽ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായിരുന്നു. ഹമീദിയ സർക്കാർ ആശുപത്രിയിലായിരുന്നു റസാഖ് ഖുറേഷിയുടെ മരണം. മരിച്ച് രണ്ടു ദിവസത്തിനുള്ളിൽ, അതായത് ഏപ്രിൽ 24 -നാണ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. 

ഭോപ്പാലിലെ ഗ്യാസ് ട്രാജഡിയെ അതിജീവിച്ചവരുടെ സമൂഹത്തിൽ ഇന്നും അഞ്ചരലക്ഷത്തോളം പേരുണ്ട്. നഗരത്തിൽ കൊവിഡ് ബാധിതരായി മരണപ്പെട്ടവരിൽ 100 ശതമാനവും തങ്ങൾക്കിടയിൽ നിന്നാണ് എന്നത് അവരെ വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്കും പ്രാണഭയത്തിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. നഗരത്തെ മുഴുവൻ ഒരു ഗ്യാസ് ചേംബർ ആക്കി മാറ്റിയ ആ ദുരന്താനുഭവത്തിന്റെ ഓർമകളിൽ നിന്ന് ഇന്നും മുക്തരാകാൻ പലർക്കുമായിട്ടില്ല. തലമുറകളായി അവർ പാർത്തുപോന്നിരുന്ന നഗരത്തിലെ കുടിവെള്ളത്തെപ്പോലും അത് ഉപയോഗശൂന്യമാക്കിക്കളഞ്ഞു. പലരുടെയും ശ്വാസകോശങ്ങളും, ഹൃദയവും, കരളും എല്ലാം ഇന്ന് ഏറെ ദുർബലമാണ്. അതുകൊണ്ടുതന്നെ കൊവിഡ് ബാധയുണ്ടാകുമ്പോൾ മരണനിരക്ക് ഉയരാൻ കാരണമാകുന്ന, 'പ്രീ എക്സിസ്റ്റിങ് കണ്ടീഷൻസ്' അഥവാ 'നേരത്തെ തന്നെ ഉള്ള അസുഖങ്ങൾ' എന്ന ഗണത്തിൽ പെടുന്ന ഹൈപ്പർ ടെൻഷൻ, കാർഡിയോ വാസ്കുലാർ ഡിസോർഡേഴ്സ്, പ്രമേഹം, കിഡ്‌നി തകരാറ് തുടങ്ങി, നാനാവിധ അസുഖങ്ങളാൽ വലഞ്ഞിരിക്കുകയാണ് അവരിൽ മിക്കവരും.  ചുരുക്കിപ്പറഞ്ഞാൽ സാധാരണക്കാരനായ ഒരാൾക്ക് കൊവിഡ് വന്നാൽ മരിക്കാനുള്ള സാധ്യതയേക്കാൾ എത്രയോ അധികമാണ് ഒരു ഗ്യാസ് ട്രാജഡി സർവൈവറുടെ മരണ സാധ്യത എന്നർത്ഥം. 

 

 

മാർച്ച് 22 -നാണ് ഭോപ്പാലിലെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിന്റെ തലേന്ന് തന്നെ ഭോപ്പാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാല് എൻജിഒകൾ ചേർന്ന്, ഭോപ്പാൽ ഗ്യാസ് ട്രാജഡിയുടെ ഇരകൾക്ക് കൊവിഡ് ബാധയുടെ കാര്യത്തിൽ സവിശേഷ പരിചരണം ലഭ്യമാക്കണം എന്ന് ചൂണ്ടിക്കാട്ടി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതിയിരുന്നു. അവർക്ക് അസുഖം വന്നാൽ മരണസാധ്യത ഏറെയാണ് എന്ന് ആ കത്തിൽ അവർ സൂചിപ്പിച്ചിരുന്നു. അടുത്ത ദിവസം തൊട്ടുതന്നെ സംസ്ഥാനത്തെ പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി പല്ലവി ജെയിൻ ഗോഹിൽ ഭോപ്പാൽ ഗ്യാസ് ട്രാജഡി പീഡിതർക്കുവേണ്ടിയുള്ള ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എന്ന നഗരത്തിലെ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്ത മൂന്നാഴ്ചത്തേക്ക് അവിടെ ഒരു രോഗിയെപ്പോലും അഡ്മിറ്റ് ചെയ്തില്ല എന്ന് 'വൈസ്'ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. . സംസ്ഥാന ഗവണ്മെന്റ് അവർക്ക് പറ്റിയ തെറ്റ് തിരിച്ചറിയും മുമ്പ് ആറു ഭോപ്പാൽ ഗ്യാസ് ട്രാജഡി ഇരകൾക്ക് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായിരുന്നു. 

മുമ്പ് ഒരു ഗ്യാസ് ട്രാജഡിക്ക് ഇരയായവർ എന്ന പരിഗണന തങ്ങളോട് കാണിക്കാനോ, തങ്ങൾക്ക് വേണ്ട മുന്നറിയിപ്പുകളും മാർഗനിർദേശങ്ങളും നൽകാനോ ഒന്നും ആരുമുണ്ടായിരുന്നില്ല എന്ന് അക്കൂട്ടത്തിൽ പലരും പരാതിപ്പെട്ടു. മധ്യപ്രദേശിലെ കൊവിഡ് നിവാരണപ്രവർത്തനങ്ങൾ ആകെ താറുമാറായ അവസ്ഥയിലാണ് എന്നാണ് ഗ്യാസ് ട്രാജഡി പീഡിതരിൽ പലരും പറയുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി തന്നെ കൊവിഡ്  ബാധിച്ച് ക്വാറന്റൈനിൽ ആണ്. ഗ്യാസ് ദുരന്തത്തിൽ ദേഹം ദുർബലമായവർക്ക് രോഗം ബാധിച്ചാൽ മരിക്കാനുള്ള സാധ്യതയ്‌ക്കൊപ്പം മറ്റുള്ളവരെക്കാൾ വേഗത്തിൽ കൊവിഡ് ബാധിക്കാനുള്ള സാധ്യതയും അധികമാണ് എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios