'ഏതൊരു തരത്തിലുള്ള ഇന്ത്യൻ വസ്ത്രവും ഈ റെസ്റ്റോറന്റിൽ അനുവദനീയമാണ് (സാരി, സ്യൂട്ട് etc)' എന്ന് എഴുതിയ നോട്ടീസ് പതിക്കുന്ന ജീവനക്കാരെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഡെൽഹിയിൽ നിന്നുള്ള ഒരു വീഡിയോ വൈറലായി മാറിയത്. അതിനുപിന്നാലെ വലിയ വിമർശനവും ഉയർന്നു. പിതംപുരയിലെ ഒരു റെസ്റ്റോബാർ ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയതിനാൽ തങ്ങൾക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ദമ്പതികൾ ആരോപിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്.

പാന്റും ടി ഷർട്ടും ധരിച്ചെത്തിയ പുരുഷനും ചുരിദാർ ധരിച്ചെത്തിയ ഒരു സ്ത്രീയുമായിരുന്നു വീഡിയോയിൽ. തങ്ങൾ ഈ വസ്ത്രം ധരിച്ചതിനാൽ തങ്ങളെ റെസ്റ്റോറന്റിന്റെ അകത്തേക്ക് കയറാൻ അനുവദിച്ചില്ല എന്നായിരുന്നു ദമ്പതികളുടെ ആരോപണം. 'പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചവരെയും ദേഹം കാണുന്ന തരത്തിൽ വസ്ത്രം ധരിച്ചവരെയും അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും ഈ നാട്ടിലെ വസ്ത്രധാരണം മാത്രമാണ് തങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടയാൻ കാരണമായത്' എന്നായിരുന്നു ഇവരുടെ ആരോപണം.

പിന്നാലെ, വലിയ വിമർശനമാണ് നെറ്റിസൺസിന്റെ ഭാ​ഗത്ത് നിന്നും ഉയർന്നത്. ഇത് തീരെ ശരിയായില്ല എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ മറ്റൊരു റെസ്റ്റോറന്റിൽ നിന്നുള്ളത് എന്ന് കരുതുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

'ഏതൊരു തരത്തിലുള്ള ഇന്ത്യൻ വസ്ത്രവും ഈ റെസ്റ്റോറന്റിൽ അനുവദനീയമാണ് (സാരി, സ്യൂട്ട് etc)' എന്ന് എഴുതിയ നോട്ടീസ് പതിക്കുന്ന ജീവനക്കാരെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 'സോഷ്യൽ മീഡിയയുടെ ശക്തി' എന്നും വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം.

View post on Instagram

അതേസമയം, കഴിഞ്ഞ ദിവസം ദമ്പതികളെ തടഞ്ഞത് പിതം പുരയിലെ തുബാറ്റ ബാർ ആൻഡ് റെസ്റ്റോറന്റാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സംഭവത്തിൽ അന്വേഷണം നടത്താൻ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്.

'പീതംപുരയിലെ ഒരു റസ്റ്റോറന്റിൽ ഇന്ത്യൻ വസ്ത്രങ്ങൾക്ക് നിരോധനമുള്ളതായിട്ടുള്ള ഒരു വീഡിയോ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി രേഖ ഗുപ്ത ഇത് ഗൗരവമായി തന്നെ കാണുകയും സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്' എന്നായിരുന്നു ഡൽഹി ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി കപിൽ മിശ്രയുടെ ട്വീറ്റ്.