1.2 കോടി രൂപ വാർഷിക ശമ്പളവും 7 കോടിയുടെ സമ്പാദ്യവുമുള്ള ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥൻ ഗുഡ്ഗാവിലെ ഭീമമായ വീട് വിലയിൽ അമ്പരന്നു. ജോലിസ്ഥലത്തിനടുത്ത് ഒരു വീട് വാങ്ങാൻ തന്‍റെ സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം ചിലവാക്കേണ്ടി വരുമെന്ന് അദ്ദേഹം ഭയക്കുന്നു.
ഉയർന്ന ശമ്പളവും കോടികളുടെ സമ്പാദ്യവുമുണ്ടായിട്ടും ദില്ലിക്കടുത്തുള്ള ഗുഡ്ഗാവിലെ (Gurugram) റിയൽ എസ്റ്റേറ്റ് വിപണിയിലെ അമിതവില കണ്ട് അമ്പരന്നിരിക്കുകയാണ് ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥൻ. 1.2 കോടി രൂപ വാർഷിക ശമ്പളമുള്ള ഇദ്ദേഹം, ഗുഡ്ഗാവിലെ വീടുകളുടെ വില താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് സമൂഹ മാധ്യമമായ റെഡിറ്റിൽ എഴുതിയതോടെ വിഷയം വലിയ തോതിൽ ചർച്ചയായി.
കോടികളുടെ സമ്പാദ്യം എന്നിട്ടും
ഐഐഎം ബാംഗ്ലൂർ പൂർവ്വ വിദ്യാർത്ഥിയായ ഈ 40 -കാരൻ ഒരു പ്രമുഖ ലിസ്റ്റഡ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. പ്രതിമാസം ഏകദേശം 6 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്‍റെ ശമ്പളം. കഴിഞ്ഞ കാലങ്ങളിലെ കഠിനാധ്വാനം കൊണ്ട് 7 കോടി രൂപയോളം സമ്പാദ്യമായി ഇദ്ദേഹത്തിനുണ്ട്. ഭാര്യയും ഒരു കുട്ടിയും അടങ്ങുന്നതാണ് കുടുംബം. നിലവിൽ മറ്റ് വലിയ ബാധ്യതകളോ കടങ്ങളോ ഇദ്ദേഹത്തിനില്ല. ഇത്രയധികം തുക കൈവശമുണ്ടായിട്ടും ഗുഡ്ഗാവിലെ പ്രധാന സ്ഥലങ്ങളിൽ ഒരു ഫ്ലാറ്റ് അല്ലെങ്കിൽ വീട് വാങ്ങുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു. വിപണിയിലെ ഇപ്പോഴത്തെ വില അനുസരിച്ച് ഒരു നല്ല വീട് വാങ്ങണമെങ്കിൽ തന്‍റെ സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം ചിലവാക്കേണ്ടി വരുമെന്നതാണ് ഇദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നത്.
തൊട്ടാൽ പൊള്ളുന്ന വില
തന്‍റെ ജോലി സ്ഥലത്തിന് അടുത്തായി ഒരു വീട് കണ്ടെത്താൻ നടത്തുന്ന കഠിനമായ പരിശ്രമങ്ങളെക്കുറിച്ചാണ് ഈ റെഡിറ്റ് ഉപയോക്താവ് വിശദീകരിക്കുന്നത്. ഗുഡ്ഗാവിലെ പ്രമുഖ സ്ഥലങ്ങളിലെ വിലനിലവാരം ഇപ്രകാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു, ഇവിടെ ഏകദേശം 2,300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബിൽഡർ ഫ്ലോറുകൾക്ക് 5 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. എംജിഎഫ് വിലാസ് (MGF Vilas) പോലുള്ള ഉയർന്ന നിലവാരമുള്ള പ്രദേശങ്ങളിൽ 4BHK ഫ്ലാറ്റുകൾക്ക് 14 കോടി രൂപയ്ക്ക് മുകളിലാണ് വില. ഇതിന്‍റെ ഡൗൺ പേയ്‌മെന്‍റോ മാസ തവണകളോ തന്‍റെ വരുമാന പരിധിയിൽ നിൽക്കുന്നതല്ലെന്നും അദ്ദേഹം പറയുന്നു. താരതമ്യേന പഴക്കമുള്ള അപ്പാർട്ട്മെന്‍റുകൾക്ക് പോലും 3.5 കോടി മുതൽ 4.5 കോടി രൂപ വരെയാണ് വില. ഇതിനോടൊപ്പം വീട് പുതുക്കിപ്പണിയുന്നതിനുള്ള ചിലവ്, ബ്രോക്കറേജ്, രജിസ്ട്രേഷൻ ഫീസ് എന്നിവ കൂടി ചേരുമ്പോൾ മൊത്തം ചിലവ് 5 കോടി രൂപയ്ക്ക് അടുത്താകും.
സാധാരണക്കാർക്ക് അപ്രാപ്യം
'റെഡിറ്റിൽ' (Reddit) പങ്കുവെച്ച ഈ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. ഇന്ത്യയിലെ 95 ശതമാനം ആളുകളെക്കാളും കൂടുതൽ വരുമാനം ഉണ്ടായിട്ടും സ്വന്തം നഗരത്തിൽ ഒരു വീട് വാങ്ങാൻ കഴിയുന്നില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് വിപണി സാധാരണക്കാർക്ക് താങ്ങാനാവില്ലെന്നൈാണ് ഇദ്ദേഹം വാദിക്കുന്നത്. നിരവധി പേരാണ് ഇദ്ദേഹത്തിന്‍റെ പോസ്റ്റിനോട് പ്രതികരിച്ചത്. ചിലർ ഇദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് യോജിച്ചു. എന്നാൽ , മറ്റു ചിലർ അഭിപ്രായപ്പെട്ടത് 1 കോടി രൂപ ശമ്പളമുള്ളവർക്ക് കുറഞ്ഞത് ടയർ-2 നഗരങ്ങളിലെങ്കിലും ആഡംബര ജീവിതം നയിക്കാമെന്നാണ്.


