Asianet News MalayalamAsianet News Malayalam

മയക്കുമരുന്ന് ടെസ്റ്റിൽ മഠാധിപതിയടക്കം മുഴുവൻ സന്യാസിമാരും പൊസിറ്റീവ്, ആരുമില്ലാതെ അനാഥമായി ക്ഷേത്രം

മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനുള്ള ഒരു ദേശീയ കാമ്പയിനിന്റെ ഭാ​ഗമായിട്ടാണ് ഇവർക്കിടയിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച പൊലീസ് യൂറിൻ ടെസ്റ്റ് നടത്തുകയായിരുന്നു. ഇതിൽ പൊസിറ്റീവ് ആയതോടെ സന്യാസിമാരെ പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

all monks found positive in drug test in tai budhist temple
Author
First Published Nov 30, 2022, 9:32 AM IST

തായ്‍ലാൻഡിലെ ഒരു ബുദ്ധക്ഷേത്രത്തിൽ ഒറ്റ ദിവസം കൊണ്ട് ഒരു സന്യാസിയും ഇല്ലാതെയായി. എല്ലാ സന്യാസിമാരെയും പിരിച്ചു വിടുകയായിരുന്നു. എന്തിന് എന്നല്ലേ? ഇവർക്ക് മയക്കുമരുന്ന് ടെസ്റ്റ് നടത്തി. എന്നാൽ, മയക്കുമരുന്ന് ഉപയോ​ഗിക്കാത്ത ഒരു സന്യാസി പോലും അവിടെ ഇല്ല എന്ന് കണ്ടെത്തി. ഇതോടെ എല്ലാവരേയും പിരിച്ച് വിടുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. 

വടക്കൻ പ്രവിശ്യയായ ഫെറ്റ്‌ചാബണിലാണ് സംഭവം. ഇവിടെ മഠാധിപതി ഉൾപ്പെടെ നാല് സന്യാസിമാർക്ക് മെത്താംഫെറ്റാമൈൻ പോസിറ്റീവ് ആയിരുന്നു എന്ന് ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. പിന്നീട് മയക്കുമരുന്ന് ഉപയോ​ഗ​ത്തിൽ നിന്നും ഇവരെ മോചിപ്പിക്കുന്നതിനായി ഒരു പുനരധിവാസകേന്ദ്രത്തിലേക്ക് അയച്ചതായും ബൂൺലെർട്ട് തിന്റപ്തൈ പറഞ്ഞു.

മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനുള്ള ഒരു ദേശീയ കാമ്പയിനിന്റെ ഭാ​ഗമായിട്ടാണ് ഇവർക്കിടയിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച പൊലീസ് യൂറിൻ ടെസ്റ്റ് നടത്തുകയായിരുന്നു. ഇതിൽ പൊസിറ്റീവ് ആയതോടെ സന്യാസിമാരെ പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നാലു പേരും ടെസ്റ്റിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് ഉദ്യോ​ഗസ്ഥർ ഇവിടെ പരിശോധന നടത്താൻ തീരുമാനിച്ചത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. 

ഈ ക്ഷേത്രത്തിൽ ഇപ്പോൾ ആരുമില്ല. അതോടെ തങ്ങൾക്ക് സന്ദർശനമോ ചടങ്ങുകളോ നടത്താൻ കഴിയുന്നില്ല എന്ന ആശങ്കയിലാണ് പ്രദേശത്തുകാർ. ബുദ്ധമത വിശ്വാസികൾക്ക് വളരെ പ്രധാനമായ പല ആചാരങ്ങളും നടത്താൻ ഇതുവഴി കഴിയുന്നില്ല എന്നാണ് ആശങ്ക. എന്നാൽ, ഉദ്യോ​ഗസ്ഥർ പ്രദേശത്തെ സന്യാസിമാരുടെ മേധാവിയെ കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മറ്റ് ചില സന്യാസിമാരെ ക്ഷേത്രത്തിൽ നിയോ​ഗിക്കും എന്നാണ് കരുതുന്നത്. 

സമീപ വർഷങ്ങളിലായി, തായ്‍ലാൻഡിൽ മെത്താംഫെറ്റാമൈൻ ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് പറയുന്നതനുസരിച്ച് മയക്കുമരുന്ന് പിടിച്ചെടുക്കുന്നത് വളരെ അധികം വർധിച്ച് വരികയാണ്.

Follow Us:
Download App:
  • android
  • ios