മഹാരാഷ്ട്രയിലെ പൂനെയിൽ പ്രായപൂർത്തിയാകാത്ത കൊലക്കേസ് പ്രതികളെ പോലീസ് കാറിന്‍റെ ബോണറ്റിൽ കെട്ടിയിട്ട് പ്രദർശിപ്പിച്ചത് വൻ വിവാദമായി. കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധു പ്രതിയെ ചെരുപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി.

ഹാരാഷ്ട്രയിലെ പൂനെയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കൊലക്കേസ് പ്രതികളെ പൊലീസ് പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദം ശക്തമായി. പൊലീസ് കാറിന്‍റെ മുൻവശത്ത് ബോണറ്റിൽ കെട്ടിയ നിലയിൽ മൂന്ന് പ്രതികളെ പൊതുജനങ്ങൾക്ക് മുന്നിലൂടെ പ്രദർശന വസ്തുക്കളായി കൊണ്ടു പോയെന്നത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിനിടെ, കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുവെന്ന് പറയപ്പെടുന്ന ഒരു സ്ത്രീ ഈ യാത്രാ മദ്ധ്യേ പ്രതികളിൽ ഒരാളെ ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കാറിന്‍റെ ബോണറ്റിൽ കെട്ടിവച്ച്...

പൂനെയിലെ കത്രജ് മേഖലയിലാണ് സംഭവം നടന്നത്. 17 -കാരനായ ഗണേഷ് രവീന്ദ്ര മാൽവെ എന്ന കൗമാരക്കാരൻ മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ ഒരു ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുന്നു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഏഴ് പേർക്കെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഇവരിൽ ചിലരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റാരോപണ വിധേയരായ ഈ കൗമാരക്കാരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

Scroll to load tweet…

നിയമം പാലിക്കാൻ പോലീസിനും ഉത്തരവാദിത്വമുണ്ട്

ശക്തമായ മഴയ്ക്കിടെ മൂന്ന് കുറ്റാരോപിതരെ പോലീസ് കാറിന്‍റെ ബോണറ്റിൽ കെട്ടിയിട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇതിനിടെ വഴിയരികിൽ നിന്ന ചിലർ ഇവരെ ചെരുപ്പ് കൊണ്ട് അടിക്കുകയും അസഭ്യം പറയുന്നതും കേൾക്കാമായിരുന്നു. ഇത്രയും പ്രശ്നബാധിതമായ ഒരു സംഭവത്തെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്ത പോലീസിന്‍റെ രീതി സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. നിരവധി പേർ പൊലീസ് നടപടികളുടെ നിയമ സാധുതയും, ജനക്കൂട്ടത്തിനുമുന്നിൽ പ്രതികളെ പ്രദർശിപ്പിക്കുന്ന രീതിയെയും ചോദ്യം ചെയ്തു. നിയമം അനുസരിക്കാൻ പോലീസിനും ഉത്തരവാദിത്വമുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി.

കൊലയിൽ അവസാനിച്ച മുൻ വൈരാഗ്യം

സംഭവം വിവാദമായതിന് പിന്നാലെ വൈറൽ വീഡിയോകളെക്കുറിച്ചോ പ്രതികളെ പൊതുജനങ്ങൾക്കുമുന്നിൽ നടത്തിച്ച രീതിയെക്കുറിച്ചോ മഹാരാഷ്ട്ര പൊലീസ് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം, കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട നിയമവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. മൊബൈൽ ഫോൺ തിരികെ വാങ്ങാനായി റിപ്പയർ കടയിലെത്തിയ ഗണേഷ് മാൽവെയെ മുൻ വൈരാഗ്യത്തിന്‍റെ പേരിൽ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.