യാത്രാച്ചെലവുകൾക്കായി ഏകദേശം 50,000 രൂപ ആയി. ഫോൺ, ഇൻഷുറൻസ്, മറ്റ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ബില്ലുകൾക്കും സബ്സ്ക്രിപ്ഷനുകൾക്കുമായി ഏകദേശം 63,000 രൂപ ചെലവായി.
മിതമായി ജീവിക്കാൻ ശ്രമിച്ചിട്ടും ന്യൂയോർക്ക് സിറ്റിയിൽ തനിക്കും ഭർത്താവിനും ഒരു മാസം ജീവിക്കാൻ ഏകദേശം 7.4 ലക്ഷം രൂപ ($7,840) ആവശ്യമായി വന്നതായി വെളിപ്പെടുത്തി ഒരു അമേരിക്കൻ യുവതി. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നിലെ ദൈനംദിന ജീവിതച്ചെലവുകൾ വ്യക്തമാക്കുന്ന ഈ വിവരങ്ങൾ 'ആലി എഡിഷൻ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി പങ്കുവെച്ചത്.
പോസ്റ്റ് പ്രകാരം അവരുടെ ഏറ്റവും വലിയ ചെലവ് വീട്ടുവാടകയായിരുന്നു. കൊളംബസ് സർക്കിളിന് സമീപമുള്ള, ഒരു ബെഡ്‌റൂമും ഒരു ബാത്ത്‌റൂമുമുള്ള അപാര്ട്മെന്റിനായി ഏകദേശം 2.6 ലക്ഷം രൂപ ആണ് ഇവർ വാടക നൽകുന്നത്. അപ്പാർട്ട്മെന്റിന് ചില പോരായ്മകളുണ്ടെങ്കിലും, ഈ ലൊക്കേഷന് ഈ വാടക വളരെ അനുയോജ്യമാണെന്നാണ് ആലി കരുതുന്നത്.
പലചരക്ക് സാധനങ്ങൾക്കായുള്ള ചെലവായിരുന്നു രണ്ടാമത്തേത്; ഇതിനായി ഏകദേശം 1.1 ലക്ഷം രൂപ ചെലവഴിച്ചു. ഓർഗാനിക്, ഹോൾ-ഫുഡ് ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നതിനാലാണ് ഈ തുക കൂടിയതെന്ന് ആലി പറഞ്ഞു. ഇവരുടെ ബജറ്റിൽ ആളുകൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായതും ഈ ഭക്ഷണച്ചെലവാണ്. ഇതിന് പുറമെ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനായി ഏകദേശം 58,000 രൂപ കൂടി ഇവർ ചെലവാക്കി.
യാത്രാച്ചെലവുകൾക്കായി ഏകദേശം 50,000 രൂപ ആയി. ഫോൺ, ഇൻഷുറൻസ്, മറ്റ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ബില്ലുകൾക്കും സബ്സ്ക്രിപ്ഷനുകൾക്കുമായി ഏകദേശം 63,000 രൂപ ചെലവായി. ഫിറ്റ്‌നസിനായി ചെലവഴിച്ചത് ഏകദേശം 15,000 രൂപയാണ്. കാപ്പിയ്ക്കും ഗ്രീൻടീയ്ക്കും മാത്രം ഏകദേശം 22,000 രൂപ ഒരു മാസത്തിനിടെ ഇവർ ചെലവഴിച്ചു.
ഷോപ്പിംഗിനായി ഏകദേശം 80,000 രൂപ, മറ്റ് പലവക ചെലവുകൾക്കായി ഏകദേശം 46,000 രൂപ, അപ്പാർട്ട്മെന്റിലെ കറന്റ്, വെള്ളം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകൾക്കായി ഏകദേശം 20,000 രൂപ, മറ്റ് ഗാർഹിക ആവശ്യങ്ങൾക്ക് ഏകദേശം 7,000 രൂപ എന്നിങ്ങനെയാണ് ബാക്കി ചെലവുകൾ. ആകെ മൊത്തം ഇവരുടെ പ്രതിമാസ ചെലവ് ഏകദേശം 7.4 ലക്ഷം രൂപയാണ്.
ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ന്യൂയോർക്ക് സിറ്റിയിലെ സ്വന്തം ജീവിതച്ചെലവുകളുമായി ആളുകൾ ഇതിനെ താരതമ്യം ചെയ്യാൻ തുടങ്ങി. ആകെ തുക കണ്ട് ചിലർ അത്ഭുതപ്പെട്ടപ്പോൾ, കൊളംബസ് സർക്കിളിന് സമീപം ഇത്രയും കുറഞ്ഞ വാടക വീട് ലഭിച്ചതിലായിരുന്നു മറ്റുള്ളവരുടെ ശ്രദ്ധ.
ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: 'ന്യായമായ ചെലവ്! പലചരക്ക് ചെലവുകൾ വെട്ടിച്ചുരുക്കരുത്. നന്നായി സമ്പാദിക്കുന്നതിന്റെ ലക്ഷ്യം തന്നെ നന്നായി ഭക്ഷണം കഴിക്കുക എന്നതാണല്ലോ'. മറ്റൊരാൾ അഭിപ്രായപ്പെട്ടത്, 'ഇത് വളരെ ന്യായമായ തുകയാണ്... ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീയായ ഞാൻ ഇതിനോട് അടുത്ത തുക ചെലവഴിക്കുന്നുണ്ട്' എന്നായിരുന്നു.
