ഈ പ്രത്യേകതയ്ക്ക് പിന്നില്‍ ചരിത്രപരമായ കാരണങ്ങളുണ്ടെന്നാണ് ഗജേന്ദ്ര ജാംഗിഡ് വിലയിരുത്തുന്നത്. 1947 -ലെ വിഭജനത്തിന് ശേഷം അഭയകേന്ദ്രങ്ങളിലെത്തി സ്വന്തം പ്രയത്നം കൊണ്ട് ജീവിതം പടുത്തുയര്‍ത്തിയ കുടുംബങ്ങളുടെ ചരിത്രമാണ് വെസ്റ്റ് ഡെല്‍ഹിക്കുള്ളത്.

വെസ്റ്റ് ഡെല്‍ഹിയില്‍ നിന്നുള്ള പ്രമുഖരുടെയും സംരംഭകരുടെയും വിജയത്തെ കുറിച്ചുള്ളൊരു പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 'കാര്‍സ്24' സഹസ്ഥാപകൻ ഗജേന്ദ്ര ജാംഗിഡാണ് ഈ കുറിപ്പ് എക്സിൽ പങ്കുവച്ചത്. തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലുമായി ഒട്ടനവധി സംരംഭകരെയും ബിസിനസ്സ് നേതാക്കളെയും പരിചയപ്പെട്ടിട്ടുണ്ടെന്നും, അവരില്‍ പലരും വെസ്റ്റ് ഡെല്‍ഹിയില്‍ നിന്നുള്ളവരാണെന്നും ഗജേന്ദ്ര ജാംഗിഡ് നിരീക്ഷിക്കുന്നു. താന്‍ ഓഫീസില്‍ കാണുന്നവരും ബിസിനസ്സുകാരും എന്തിന് സ്വന്തം ജിം ട്രെയിനര്‍ പോലും ഈ മേഖലയില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തുടക്കത്തില്‍ ഇതൊരു യാദൃച്ഛികതയോ സെലക്ഷന്‍ ബയാസോ ആണെന്നാണ് കരുതിയതെങ്കിലും, പിന്നീട് പുറംലോകത്തേക്ക് നോക്കിയപ്പോഴും കാര്യം ഇതുതന്നെയാണെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറയുന്നു.

ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി (ഉത്തം നഗർ), വീരേന്ദർ സേവാഗ് (നജ്‌ജഗഢ്), ഗായത്രി നേഹ കക്കർ എന്നിവരെയെല്ലാം അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പ്രത്യേകതയ്ക്ക് പിന്നില്‍ ചരിത്രപരമായ കാരണങ്ങളുണ്ടെന്നാണ് ഗജേന്ദ്ര ജാംഗിഡ് വിലയിരുത്തുന്നത്. 1947 -ലെ വിഭജനത്തിന് ശേഷം അഭയകേന്ദ്രങ്ങളിലെത്തി സ്വന്തം പ്രയത്നം കൊണ്ട് ജീവിതം പടുത്തുയര്‍ത്തിയ കുടുംബങ്ങളുടെ ചരിത്രമാണ് വെസ്റ്റ് ഡെല്‍ഹിക്കുള്ളത്. പഞ്ചാബി ബാ​ഗ്, രജൗരി ഗാര്‍ഡന്‍, പട്ടേല്‍ നഗര്‍, കീര്‍ത്തി നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജീവിച്ച ഈ കുടുംബങ്ങളുടെയെല്ലാം പശ്ചാത്തലം കഠിനാധ്വാനത്തിന്റേതാണ്.

'അത്തരം വീടുകളില്‍ ബിസിനസ്സ് എന്നത് ഒരിക്കല്‍ മാത്രം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുന്ന ഒന്നല്ല, അത് ആ വീടുകളിലെ അന്തരീക്ഷത്തിന്റെ ഭാഗമാണ്. കട താഴെയായിരിക്കും, അത്താഴ സമയത്തെ സംസാരം പോലും കസ്റ്റമേഴ്സിനെക്കുറിച്ചും കടങ്ങളെക്കുറിച്ചും ലാഭക്കണക്കുകളെക്കുറിച്ചുമായിരിക്കും. പ്രായപൂർത്തിയാകും മുമ്പേ ഒരു കുട്ടി ലാഭനഷ്ടക്കണക്കുകള്‍ പഠിച്ചുകഴിഞ്ഞിട്ടുണ്ടാകും' അദ്ദേഹം കുറിച്ചു.

Scroll to load tweet…

കൂടാതെ, ഈ കുടുംബങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി വീടുകളുണ്ടെന്നും, ഇത് സാമ്പത്തിക സുരക്ഷിതത്വം നല്‍കുമ്പോള്‍ തന്നെ പുതിയ തലമുറയ്ക്ക് യാതൊരു ഭയവുമില്ലാതെ ബിസിനസ്സില്‍ പരീക്ഷണം നടത്താന്‍ ധൈര്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 'അതുകൊണ്ടെല്ലാമായിരിക്കാം വെസ്റ്റ് ഡെല്‍ഹിക്കാര്‍ ഇത്രയധികം സംരംഭകരായി മാറുന്നത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റിനെ അം​ഗീകരിച്ചുകൊണ്ട് ഒരുപാടുപേർ കമന്റ് നൽകി. നല്ല നിരീക്ഷണം എന്നാണ് പലരും പറഞ്ഞത്.