വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനായി തൻറെ ഷർട്ടുകളിലും കുർത്തകളിലും ഒക്കെ അക്ഷരങ്ങളും ഗണിത സൂത്രവാക്യങ്ങളും ഒക്കെ അച്ചടിച്ച് അത് ധരിച്ചാണ് ഇദ്ദേഹം സ്കൂളിൽ എത്തുന്നത്.

പലപ്പോഴും തങ്ങൾക്കു മുൻപിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ പാഠഭാഗങ്ങൾ വേഗത്തിൽ പഠിപ്പിക്കാൻ അധ്യാപകർ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ, ഇതാദ്യമായിരിക്കും തൻറെ കുട്ടികൾ അക്ഷരമാലയും ഗണിത സൂത്രവാക്യങ്ങളും ഒക്കെ വേഗത്തിൽ പഠിക്കുന്നതിനായി ഒരു അധ്യാപകൻ സ്വന്തം ഡ്രസ്സിംഗ് സ്റ്റൈൽ തന്നെ മാറ്റുന്നത്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നിന്നുള്ള ഒരു പ്രൈമറി സ്‌കൂൾ അധ്യാപകൻ ആണ് ഇത്തരത്തിൽ തന്റെ നൂതന അധ്യാപന രീതികളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 

വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനായി തൻറെ ഷർട്ടുകളിലും കുർത്തകളിലും ഒക്കെ അക്ഷരങ്ങളും ഗണിത സൂത്രവാക്യങ്ങളും ഒക്കെ അച്ചടിച്ച് അത് ധരിച്ചാണ് ഇദ്ദേഹം സ്കൂളിൽ എത്തുന്നത്. നീലാംഭായി ചമൻഭായ് പട്ടേൽ എന്ന ഈ അധ്യാപകൻ കൊവിഡ് കാലത്തിന് ശേഷം സ്കൂളുകൾ തുറന്നപ്പോഴാണ് ഈ പുത്തൻ പരീക്ഷണം നടപ്പിലാക്കി തുടങ്ങിയത്. താൻ പ്രതീക്ഷിച്ചത് പോലെ തന്നെ കുട്ടികളിൽ ഇത് ഫലം കണ്ട് തുടങ്ങിയെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ഈ നൂതന ആശയത്തിന് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും പൂർണ്ണപിന്തുണയും ലഭിക്കുന്നുണ്ട്.

കഴിഞ്ഞ 16 വർഷക്കാലമായി അധ്യാപന ജീവിതം തുടരുന്ന ഇദ്ദേഹം ഗ്രാമത്തിലെ നിർദ്ധനരായ ആളുകളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിലും തല്പരനാണ്. വിദ്യാഭ്യാസത്തിൽ നിന്നും വിട്ടുനിൽക്കുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കൊടുത്ത് ഗ്രാമത്തിലെ നിരവധി കുട്ടികളെയാണ് ഇദ്ദേഹം വിദ്യാലയങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. ഇന്ന് വിദ്യാർത്ഥികളുടെ മാത്രമല്ല ഗ്രാമവാസികളുടെ മുഴുവൻ പ്രിയങ്കരനായ അധ്യാപകനാണ് നീലാംഭായി. 

കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന കുട്ടികൾക്കായി അവർ താമസിക്കുന്ന തെരുവുകളിൽ ചെന്ന് ഇദ്ദേഹം ക്ലാസുകൾ എടുത്തു നൽകിയിരുന്നു. പഠനത്തോടുള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കാനാണ് താൻ ഇത്തരത്തിലുള്ള നൂതനാശയങ്ങൾ നടപ്പിലാക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾക്ക് പൊതുവിൽ പഠിക്കാൻ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷ്, ഗണിത വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളാണ് തന്റെ വസ്ത്രങ്ങളിൽ അദ്ദേഹം പ്രിൻറ് ചെയ്തിട്ടുള്ളത്. ഇപ്പോൾ ഈ അധ്യാപകനും അദ്ദേഹത്തിൻറെ നൂതനാശയത്തിനും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഉൾപ്പെടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.