വിവാഹം കഴിച്ച് സ്വന്തമായി കുടുംബം തുടങ്ങാൻ ആഗ്രഹം. ശമ്പളത്തിലെ 15% വും അമ്മയ്ക്കാണ് നൽകുന്നത്. ആ തുക നിർത്തലാക്കിയാൽ താൻ ചെയ്യുന്നത് തെറ്റാണോ എന്ന് യുവാവ്.
താൻ ഏറെക്കാലമായി പ്രണയിക്കുന്ന യുവതിയെ വിവാഹം കഴിക്കാൻ പോവുകയാണ്, തന്നെ ആശ്രയിച്ച് കഴിയുന്ന അമ്മയ്ക്ക് കൊടുക്കുന്ന പണം നിർത്തലാക്കുന്നത് തെറ്റാണോ എന്ന് റെഡ്ഡിറ്റിൽ യുവാവിന്റെ ചോദ്യം. അമ്മയുടെ എതിർപ്പ് വകവയ്ക്കാതെയാണ് താൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയത്. എന്നാലിന്ന് ശമ്പളത്തിന്റെ 15% അമ്മയ്ക്ക് നൽകുകയും അവരുടെ എല്ലാ ചെലവുകളും വഹിക്കുകയും ചെയ്യുന്നത് താനാണ് എന്നും യുവാവ് പറയുന്നു. എന്നാൽ, അമ്മ തനിക്ക് ഒരു കുഞ്ഞു വേണമെന്ന് പറഞ്ഞ് നിർബന്ധിക്കുന്നുണ്ട്, പക്ഷേ അമ്മയ്ക്ക് ഇതുപോലെ പണം കൊടുത്തുകൊണ്ടിരുന്നാൽ ഒരു കുടുംബമുണ്ടാക്കുക എന്നത് എളുപ്പമല്ല എന്നാണ് യുവാവ് പറയുന്നത്.
യുവാവിന് ഇപ്പോൾ 35 വയസുണ്ട്. തനിക്ക് ഇപ്പോൾ മാന്യമായ ഒരു ജോലിയുണ്ട്, നൈറ്റ് ക്ലാസുകളിലിരുന്നും ബാങ്ക് ലോണെടുത്തുമാണ് യൂണിവേഴ്സിറ്റി പാസായത്. ബിരുദം നേടുന്നതിൽ അമ്മയ്ക്ക് കടുത്ത എതിർപ്പായിരുന്നു, ബിരുദധാരികൾക്ക് തൊഴിലൊന്നും കിട്ടില്ല എന്നാണ് അവർ പറഞ്ഞത്. അമ്മയുടെ എതിർപ്പ് വകവയ്ക്കാതെ പഠിച്ച തനിക്ക് ഡിഗ്രി ലെവലിൽ ഉള്ള ശമ്പളം കിട്ടുന്നുണ്ട്. തന്റെ ശമ്പളത്തിന്റെ 15% അമ്മയ്ക്കാണ് നൽകുന്നത്. കൂടാതെ അമ്മയുടെ നെറ്റ്ഫ്ലിക്സും വളരെ ചെലവേറിയ മെഡിക്കൽ ഇൻഷുറൻസ് പോളിസിയും പൂർണ്ണമായും താനാണ് നോക്കുന്നത് എന്ന് യുവാവ് പറയുന്നു. അതുപോലെ, അമ്മ തന്നോട് കാണിച്ച ചില ക്രൂരതകളെ കുറിച്ചും യുവാവ് പറയുന്നുണ്ട്. താൻ പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ തനിക്ക് ഗുരുതരമായ രോഗം പിടിപ്പെട്ടിരുന്നു. ആ സമയത്ത് ഒരു മേജർ പരീക്ഷ എഴുതാൻ അമ്മ നിർബന്ധിച്ചു. രോഗം കാരണം പോളിയിൽ നിന്ന് 4 വർഷം വൈകിയാണ് താൻ ബിരുദം നേടിയത്. വളർന്നപ്പോൾ, നിന്റെ 'വിധി' എന്നാണ് അമ്മ അതിനെ കുറ്റപ്പെടുത്തിയത് എന്നും യുവാവ് പറയുന്നു.
അമ്മ ഒരു ജോലിക്കും പോകില്ല. അമ്മയ്ക്ക് ഇംഗ്ലീഷ് അറിയില്ല. ഈ ലോകം മൊത്തം മോശം ആൾക്കാരാണ് എന്നും പറഞ്ഞാണ് അമ്മ ജോലിക്കൊന്നും പോകാത്തത് എന്നാണ് യുവാവ് പറയുന്നത്. അമ്മ തന്നോട് കാണിക്കുന്ന പക്ഷഭേദം കാരണം സഹോദരൻ നേരത്തെ തന്നെ അമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചു. കുഞ്ഞ് വേണമെന്ന് പറഞ്ഞപ്പോൾ അമ്മയോട് എപ്പോഴും അമ്മയുടെ ചെലവ് പൂർണമായും നോക്കിയാൽ അത് അസാധ്യമാണ് എന്നും എന്തെങ്കിലും പാർട് ടൈം ജോലിയോ മറ്റോ നോക്കാമോ എന്നും ചോദിച്ചതും അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അമ്മ തന്റെ കാമുകിയോട് മോശമായി പെരുമാറാൻ തുടങ്ങി എന്നും യുവാവ് പറയുന്നു. എന്തായാലും, അമ്മയ്ക്ക് കൊടുക്കുന്ന തുക വെട്ടിക്കുറച്ചാൽ അത് തെറ്റാണോ എന്നാണ് യുവാവിന്റെ ചോദ്യം.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. എത്ര പ്രിയപ്പെട്ടവരാണെങ്കിലും നേരത്തെ തന്നെ ഒരു അതിർവരമ്പ് വക്കേണ്ടിയിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇങ്ങനെ അലവൻസ് നൽകിക്കൊണ്ടിരുന്നാൽ അവർ അത് പ്രതീക്ഷിക്കുകയും അതൊരു സൗകര്യമായി കാണുകയും ചെയ്യും. സ്വന്തം ജീവിതം നോക്കാൻ മറക്കരുത് എന്നും പലരും ഉപദേശിച്ചു.
