Asianet News Malayalam

ചരിത്രത്തിലാദ്യമായി 'വോ​ഗി'ന്റെ കവറിൽ ഒരു കവി, ജോ ബൈഡൻ സ്ഥാനമേൽക്കുമ്പോൾ കവിത ചൊല്ലിയ കറുത്ത വർ​ഗക്കാരി

'ഇവിടം വരെയെത്തുക എന്നത് ഒട്ടും ലളിതമായിരുന്നില്ല. അതിന് ഒരുപാട് അധ്വാനം വേണ്ടിവന്നു. ഞാന്‍ മാത്രമല്ല, എന്‍റെ വീടും ഗ്രാമവും എല്ലാം അതിന് പിന്നില്‍ അധ്വാനിച്ചു. ഇത് അമാന്‍ഡ ഗോര്‍മാന്‍റെ ഉദയമാണ്. ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ദൃശ്യരായവര്‍ക്കും അദൃശ്യരായവര്‍ക്കും. എന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാവര്‍ക്കും' -ഗോര്‍മാന്‍ പറഞ്ഞു. 

amanda gorman featured as Vogue cover
Author
USA, First Published Apr 8, 2021, 11:37 AM IST
  • Facebook
  • Twitter
  • Whatsapp

ചരിത്രത്തിലാദ്യമായി 'വോഗ്' മാഗസിന്‍റെ കവറില്‍ ഒരു കവയിത്രി പ്രത്യക്ഷപ്പെടുന്നു. അത് മറ്റാരുമല്ല, എഴുത്തുകാരിയായ അമാന്‍ഡ ഗോര്‍മാന്‍ ആണ് വോഗ് മാഗസിന്‍റെ കവറായി പ്രത്യക്ഷപ്പെടുന്നത്. ഹാർവാർഡ് ബിരുദധാരിയും യുവകവി പുരസ്‍കാര ജേതാവുമാണ് അമാന്‍ഡ ഗോര്‍മാന്‍. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ സ്ഥാനാരോഹണവേളയിൽ കവിത ചൊല്ലിക്കൊണ്ട് ആ​ഗോളശ്രദ്ധയാർജ്ജിച്ച കവി കൂടിയാണ് ​ഗോർമാൻ. മേയ് ലക്കത്തിലെ വോഗിന് വേണ്ടി ആനി ലീബോവിറ്റ്സ് ആണ് ഗോര്‍മാന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

കവറിനായി, അവൾ ഒരു ലൂയിസ് വിറ്റൺ പുതപ്പാണ് ധരിച്ചിരിക്കുന്നത്. സ്വര്‍ണനിറത്തിലുള്ള ഒരു ബെല്‍റ്റും ധരിച്ചിട്ടുണ്ട്. ഈ പാറ്റേൺ ആഫ്രിക്കൻ തുണിത്തരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇത് രൂപകൽപ്പന ചെയ്‍തത് വിർജിൽ അബ്ലോ ആണ്. ലൂയി വിറ്റണിന്റെ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ കലാസംവിധായകനാണ് വിർജിൽ അബ്ലോ എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.

'വോഗ് മാഗസിനിന്റെ മുഖചിത്രത്തിലെ ആദ്യത്തെ കവി... ഇങ്ങനെ സംഭവിച്ചതില്‍ ഞാൻ വളരെയധികം നന്ദിയുള്ളവളാണ്. എന്നാല്‍, ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ആളാണെങ്കിലും അവസാനത്തെ ആൾ ഞാനായിരിക്കും എന്ന് കരുതുന്നില്ല. സൗന്ദര്യമല്ലാതെ മറ്റെന്താണ് കവിത?' എന്ന് ഗോര്‍മാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതി. ഒപ്പം തന്നെ കറുത്ത വര്‍ഗക്കാരനായ ഒരു തകര്‍പ്പന്‍ ഡിസൈനര്‍ രൂപകല്‍പന ചെയ്‍ത വേഷത്തില്‍ പ്രത്യക്ഷപ്പെടുക എന്നത് എന്തും മാത്രം സന്തോഷമാണ് എന്നും ഗോര്‍മാന്‍ പറഞ്ഞു. 

'ദ ഹില്‍ വീ ക്ലൈംബ്' എന്ന തന്‍റെ കവിത അമേരിക്കന്‍ പ്രസിഡണ്ട് ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ വായിച്ചതോടെയാണ് ഗോര്‍മാന്‍ ആഗോളശ്രദ്ധ നേടിയത്. പിന്നീട്, പല പൊതുവിടങ്ങളിലും ഗോര്‍മാന്‍ പ്രത്യക്ഷപ്പെട്ടു. ഫെബ്രുവരി മാസത്തിലെ ടൈമിന്‍റെ കവറായി. വനിതാദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ പ്രമുഖര്‍ക്കൊപ്പം പല പരസ്യപരിപാടികളിലും പ്രത്യക്ഷപ്പെട്ടു. 

(കടപ്പാട്: ടൈം)

സപ്‍തംബറില്‍ ഗോര്‍മാന്‍റെ രണ്ട് പുസ്‍തകങ്ങള്‍ ഇറങ്ങി. 'ദ ഹില്‍ വീ ക്ലൈംബും മറ്റ് കവിതകളും', കുട്ടികളുടെ ചിത്രപുസ്‍തകമായ 'ചെയ്‍ഞ്ച് സിംഗ്‍സ്: എ ചില്‍ഡ്രന്‍സ് ആന്തെം' എന്നീ പുസ്‍തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ പുസ്‍തകം ഇതിനോടകം തന്നെ ആമസോണിന്‍റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചു. 

'ഇവിടം വരെയെത്തുക എന്നത് ഒട്ടും ലളിതമായിരുന്നില്ല. അതിന് ഒരുപാട് അധ്വാനം വേണ്ടിവന്നു. ഞാന്‍ മാത്രമല്ല, എന്‍റെ വീടും ഗ്രാമവും എല്ലാം അതിന് പിന്നില്‍ അധ്വാനിച്ചു. ഇത് അമാന്‍ഡ ഗോര്‍മാന്‍റെ ഉദയമാണ്. ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ദൃശ്യരായവര്‍ക്കും അദൃശ്യരായവര്‍ക്കും. എന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാവര്‍ക്കും' -ഗോര്‍മാന്‍ പറഞ്ഞു. എഴുതാനുള്ള ആഗ്രഹം എന്നതോടൊപ്പം തന്നെ കവിത തനിക്കൊരു രാഷ്ട്രീയ ആയുധം കൂടിയാണ് എന്നും ഈ എഴുത്തുകാരി വ്യക്തമാക്കുന്നു. 'ചങ്ങലകള്‍ തകര്‍ക്കുകയും ലോകത്തെ മാറ്റിമറിക്കുകയും ചെയ്‍ത സ്വാതന്ത്ര്യസമരസേനാനികളുടെ പിന്മുറക്കാരായ കറുത്ത എഴുത്തുകാരുടെ മകളാണ് ഞാന്‍. അവരെന്നെ വിളിക്കുന്നു' -എന്നും ഗോര്‍മാന്‍ പറഞ്ഞു. 

അന്നത്തെ കവിത  

അടിമകളുടെ പിന്‍തലമുറക്കാരിയായ കറുത്ത പെണ്‍കുട്ടിയാണ് താനെന്ന് തനിക്ക് ശബ്‍ദം കിട്ടുന്ന എല്ലായിടങ്ങളിലും പറഞ്ഞ എഴുത്തുകാരിയാണ് അമാന്‍ഡ ഗോര്‍മാന്‍. അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന വേളയില്‍ കവിത ചൊല്ലിയപ്പോഴാണ് ഗോര്‍മാന്‍ ആഗോളശ്രദ്ധ നേടുന്നത്. 'ദ ഹില്‍ വീ ക്ലൈംബ്' എന്ന തന്‍റെ കവിതയിലൂടെ കറുത്തവർ​ഗക്കാരായ മനുഷ്യരുടെയും സ്ത്രീകളുടെയും അധ്വാനവും അതിജീവനവും അവളെടുത്തുകാട്ടി. കറുത്ത വര്‍ഗക്കാരന്‍റെ അതിജീവനത്തിന്‍റെ അടയാളമായി ലോകം ആ കവിതയെ കണ്ടു. 

ഓരോ പ്രഭാതത്തിലും 
നാം നമ്മോട് തന്നെ ചോദിക്കുന്ന ചോദ്യമിതാണ്
അവസാനമില്ലാത്ത ഈ നിഴലുകളില്‍
വെളിച്ചത്തിനായി നമ്മളെവിടെയാണ് 
തിരയേണ്ടത് - 

എന്ന് തുടങ്ങുന്നതായിരുന്നു ഗോര്‍മാന്‍റെ കവിത. ജനാധിപത്യത്തിന്‍റെ കരുത്തിനെ കുറിച്ച് പ്രചോദിപ്പിക്കുന്നത് കൂടിയായി മാറി ആ കവിത. മിഷേല്‍ ഒബാമയും ഹിലാരി ക്ലിന്‍റണും അടക്കം നിരവധിപ്പേര്‍ അമാന്‍ഡയുടെ കവിതയെ കുറിച്ച് ട്വീറ്റ് ചെയ്‍തു. എന്നെങ്കിലും ഒരിക്കല്‍ കറുത്ത വര്‍ഗക്കാരിയായ ഒരുവള്‍ പ്രസിഡണ്ട് പദത്തിലേക്ക് നടന്നു കയറുക എന്ന പ്രതീക്ഷ കൂടി ഗോര്‍മാന്‍റെ കവിതകളിലുണ്ട്. 

Follow Us:
Download App:
  • android
  • ios