കോഫ്മാൻ പറയുന്നതനുസരിച്ച്, ആമസോണിനു മുകളിലൂടെ പാലങ്ങൾ ഇല്ലാത്തതിന്റെ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്. 

ഒഴുകുന്ന വെള്ളത്തിന്റെ തോത് അനുസരിച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ നദി ആമസോൺ നദി(Amazon River)യാണ്. 6,400 കിലോമീറ്റർ നീളമുള്ള ഈ നദി തെക്കേ അമേരിക്കയുടെ 40 ശതമാനവും ഉൾക്കൊള്ളുന്നു. ആറ് രാജ്യങ്ങളെ തൊട്ടാണ് നദി ഒഴുകുന്നത്. ബ്രസീൽ, പെറു, കൊളംബിയ, ഇക്വഡോർ, ബൊളീവിയ, വെനസ്വേല എന്നിവയാണ് ആ രാജ്യങ്ങൾ. എന്നാൽ, ഇതിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യം ഇത്ര വിശാലമായ നദിയ്ക്ക് കുറുകെ പാലങ്ങളൊന്നുമില്ല എന്നതാണ്.

നമുക്കറിയാം കാലം പുരോഗമിക്കുകയാണ്, ആളുകളെ തമ്മിൽ ബന്ധിപ്പിക്കാൻ പുതിയ റോഡുകളും, പാലങ്ങളും ഒക്കെ നിർമ്മിക്കപ്പെടുന്നു. എത്ര ചെറിയ നദിയായാലും, തോടായാലും അതിനെ മുറിച്ച് കടക്കാൻ പാലങ്ങളും, ബണ്ടുകളും ഒക്കെ കാണും. എന്നാൽ, ഒൻപത് രാജ്യങ്ങളിലൂടെ കടന്ന് പോയിട്ടും, അവിടെ ഒന്നും നദിയ്ക്ക് കുറുകെ ഒരൊറ്റ പാലം പോലുമില്ലെന്നത് വിചിത്രമായി തോന്നാം. ഒരു സ്ഥലത്തും പാലങ്ങളില്ലാത്തതിനാൽ ആളുകൾക്ക് ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് കടക്കാൻ പ്രയാസമാണ്. എന്നാൽ, എന്തുകൊണ്ടായിരിക്കും അത്? തീർത്തും അസാധാരണമായി തോന്നുന്ന അതിന് പിന്നിൽ എന്നാൽ വ്യക്തമായ ഒരു കാരണമുണ്ട്.

സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സൂറിച്ചിലെ സ്ട്രക്ചറൽ എഞ്ചിനീയറിംഗ് അധ്യക്ഷൻ വാൾട്ടർ കോഫ്മാൻ ഇതിന്റെ കാരണം വിശദീകരിക്കുന്നു. കാരണം വളരെ സിമ്പിളാണ്, നദിയുടെ കുറുകെ പാലങ്ങൾ പണിയേണ്ട ആവശ്യമില്ല. ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് നദി കൂടുതലായും കടന്നുപോകുന്നത്. ജനവാസം കുറഞ്ഞ മേഖലകളിൽ പാലങ്ങൾ എന്നല്ല റോഡുകൾ പോലും കുറവായിരിക്കും. അതുകൊണ്ട് തന്നെ പാലം പണിതാലും അതിനെ ബന്ധിപ്പിക്കാൻ ആവശ്യമായ പ്രധാന റോഡുകളൊന്നും തന്നെ അവിടെയുണ്ടാകില്ല.

രണ്ടാമതായി, നദി ഒഴുകുന്ന വലിയ പട്ടണങ്ങളിൽ ആളുകളെ മറുകര എത്തിക്കാൻ സുസ്ഥിരമായ ഗതാഗത സൗകര്യങ്ങളുണ്ട്. അവിടങ്ങളിൽ പാലത്തിന്റെ ആവശ്യമില്ല. കോഫ്മാൻ പറയുന്നതനുസരിച്ച്, ആമസോണിനു മുകളിലൂടെ പാലങ്ങൾ ഇല്ലാത്തതിന്റെ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്. ഇത് കൂടാതെ മറ്റൊരു കാര്യമുള്ളത്, പാലങ്ങൾ നിർമ്മിക്കുന്നതിന് സാങ്കേതികമായ ബുദ്ധിമുട്ടുകളുമുണ്ട്. നദിയുടെ അടിത്തട്ട് ചതുപ്പാണ്. അവിടെ മൃദുവായ മണ്ണാണ് ഉള്ളത്. അത്തരമൊരു സ്ഥലത്ത് പാലം പണിയുമ്പോൾ, വളരെ നീളമുള്ള ആർച്ചുകളും വളരെ ആഴത്തിലുള്ള അടിത്തറയും പാകേണ്ടി വരും. ഇതിന് വേണ്ടിവരുന്ന ചിലവ്‌ ഭീമമാണ്.

ആമസോണിന്റെ പരിസ്ഥിതി ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ ഒന്നാണ്. ആഴമുള്ള നദിയായതിനാൽ ഇടുങ്ങിയ സ്ഥലങ്ങളിൽ കുറുകെ പാലങ്ങൾ പണിയുന്നത് വെല്ലുവിളിയാണ് എന്നദ്ദേഹം പറയുന്നു. പകരം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വായു നിറച്ച പോണ്ടൂണുകൾ എന്ന് വിളിക്കുന്ന പാലങ്ങൾ മാത്രമാകും അവിടെ സാധ്യമായതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. 

ലൈവ് സയൻസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്തത്. വിശാലമായ മഴക്കാടുകളും, വെള്ളച്ചാട്ടങ്ങളുമുള്ള ആമസോൺ, ലോകത്തെ ഏറ്റവും മനോഹരമായ കാടുകളിൽ ഒന്നാണ്. 

(ചിത്രം: വിക്കി, Neil Palmer/CIAT)