Asianet News MalayalamAsianet News Malayalam

ഒപ്പനയിൽ കറുത്ത മണവാട്ടി പറ്റില്ലേ, ക്ലാസ് മുറിയിലെ ബോഡി ഷെയിമിംഗിനെപ്പറ്റി അധ്യാപികയുടെ പോസ്റ്റ്

തമാശ എന്ന സിനിമ പറഞ്ഞു വെച്ചതിനപ്പുറം നമ്മൾ കാണാത്ത, കേൾക്കാത്ത തമാശകൾ ഇനിയും ഉണ്ട്. നമ്മുടെ ക്ലാസ്സ്മുറികളിൽ, കലാലയങ്ങളിൽ, വീട്ടകങ്ങളിൽ, സമൂഹത്തിൽ നിരന്തരം ഉദ്പാദിപ്പിക്കപ്പെടുന്ന തമാശകൾ

Ameera Aysha Begum facebook post against body shaming
Author
Thiruvananthapuram, First Published Jul 6, 2019, 5:32 PM IST

മറ്റൊരാളുടെ രൂപത്തെയും നിറത്തെയും അറിഞ്ഞും അറിയാതെയും പരിഹസിക്കുന്ന ബോഡിഷെയിമിംഗ് എല്ലായിടത്തുമുണ്ട്. നിര്‍ദ്ദോഷങ്ങളായ തമാശയായി ചിലര്‍ ഇത് പ്രയോഗിക്കുമ്പോള്‍ മറ്റ് ചിലര്‍ അറിഞ്ഞുകൊണ്ടുതന്നെ ബോഡി ഷെയിമിംഗ് നടത്താറുണ്ട്. പരിഹസിക്കുന്നവര്‍ക്ക് തമാശയാണെങ്കില്‍ അത് ഏറ്റുവാങ്ങുന്നവര്‍ക്ക് അങ്ങനെയല്ല. ഉള്ളില്‍ നീറുന്ന വേദനയായി അവര്‍ അത് കാലങ്ങളോളം കൊണ്ടുനടക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ക്ലാസ് റൂമുകളില്‍ നടക്കുന്ന  ബോഡിഷെയിമിംഗിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധനേടുന്നത്. അധ്യാപക സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പില്‍ അമീറ ഐഷാബീഗം ക്ലാസ് മുറികളില്‍ നടക്കുന്ന ബോഡിഷെയിമിംഗ് കുട്ടികളെ എത്രത്തോളം ബാധിക്കുന്നതാണെന്ന് വിരല്‍ചൂണ്ടുന്നു.

അമീറ ഐഷാബിഗത്തിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കാണാൻ കഴിയാത്ത, കണ്ടാലും തിരിച്ചറിയാത്ത ബോഡി ഷെയിമിംഗ് ഉണ്ട്, 

പ്രിയ അധ്യാപക സുഹൃത്തുക്കളേ

നിങ്ങൾ ബോഡി ഷെയിമിംഗിനെ അനുകൂലിക്കുന്നുണ്ടോ? നിറത്തിന്റെ, രൂപത്തിന്റെ, വണ്ണത്തിന്റെ, അതുമായി ബന്ധപ്പെട്ട താരതമ്യങ്ങളുടെ പേരിൽ മനുഷ്യരെ കളിയാക്കാറുണ്ടോ? നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വെളിയിലുള്ള മനുഷ്യരെക്കുറിച്ച് തമാശകൾ സൃഷ്ടിക്കാറുണ്ടോ? അത്തരം കളിയാക്കലുകൾ കണ്ടും കേട്ടും ആർത്ത് ചിരിക്കാറുണ്ടോ?

സാധാരണ ഗതിയിൽ ഉത്തരം 'ഇല്ല' എന്നു‌തന്നെയാവും.‌കാരണം, ഇക്കാലത്ത് ജീവിക്കുന്ന, പരിഷ്കൃതരായ ഒരു മനുഷ്യനും ബോഡി ഷെയിമിംഗിനെ അനുകൂലിക്കാൻ പറ്റില്ല. ഒരു കാലത്തെ ശരി ആയിരുന്ന അടിമത്തത്തെ ഇപ്പോൾ ആർക്കും അംഗീകരിക്കാൻ പറ്റാത്തത് പോലെ, ഒരു കാലത്തെ ശരി ആയിരുന്ന ദേവദാസി സമ്പ്രദായത്തെ ഇന്ന് സമ്മതിക്കാൻ കഴിയാത്തത് പോലെ, ഈയൊരു കാലത്ത് ജീവിക്കുന്ന ആളുകൾ എന്ന നിലയിൽ നമുക്കാർക്കും അംഗീകരിക്കാനേ പറ്റില്ല ബോഡി ഷെയിമിംഗ്.

എന്നിട്ടും നമ്മളത് ചെയ്യുന്നില്ലേ? ഉണ്ട്. ഇപ്പോഴും അത് സാധാരണമാണ് . പക്ഷേ അതിനെതിരായ വലിയ അവബോധം ആളുകൾക്കിടയിൽ നടക്കുന്നുണ്ട്. മാധ്യമങ്ങൾ അടക്കം അതിനു പിന്തുണ നൽകുന്നുണ്ട്.‌ പതുക്കെ സമൂഹ മനോഭാവം മാറുന്നുണ്ട്. എങ്കിലും, നാമറിയാതെ, നമുക്ക് ചുറ്റും, ആരാലും ശ്രദ്ധിക്കപ്പെടാതെ തീവ്രമായും വ്യാപകമായും നിലനിൽക്കുന്നുണ്ട് ബോഡി ഷെയിമിംഗ്. ഒരു പൂർവ്വവിദ്യാർത്ഥിനി എന്ന നിലയിൽ, അധ്യാപിക എന്ന നിലയിൽ, കാമ്പസിനകത്തെ ലോകം നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ അക്കാര്യം എനിക്ക് പറയണമെന്നുണ്ട്. നമ്മുടെ ക്ലാസ് മുറികളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന, പലപ്പോഴും നോർമ്മൽ എന്ന നിലയിൽ തെറ്റിദ്ധരിക്കുന്ന വിധം നിലനിൽക്കുന്ന ബോഡിഷെയിമിംഗിനെ നാം തിരിച്ചറിയേണ്ടതുണ്ട്. അധ്യാപകരുടെയും വിദ്യാഭ്യാസ അധികൃതരുടെയും രക്ഷാകർത്താക്കളുടെയുമൊക്കെ മുൻ കയ്യിൽ അത് മാറേണ്ടതുണ്ട്. ഈ കുറിപ്പ് ലക്ഷ്യമിടുന്നത് അത് മാത്രമാണ്. 
.....
പി ജിക്കു പഠിക്കുന്ന സമയത്താണ്, 
സ്ഥിരമായി ജീൻസും ടോപ്പും അണിഞ്ഞു വന്നിരുന്ന പെൺകുട്ടിയെ കറുത്ത തൊലിയുടെ പേരിൽ മാത്രം അടുപ്പിൽ വീണ ഐശ്വര്യ റായി എന്ന്‌ കളിയാക്കിയിരുന്ന വിദ്യാർത്ഥികളെയും അത് കേട്ട് അടക്കി ചിരിക്കുന്ന അധ്യാപകരെയും കണ്ടത്. പ്രബുദ്ധരായ യൂണിവേഴ്സിറ്റി വിദ്യാർത്ഥി സമൂഹം ഇഷ്ടപെട്ട വസ്ത്രധാരണത്തിനും ഒരു നിബന്ധന കണ്ടെത്തിയിരുന്നു എന്നും അത് തൊലിവെളുപ്പായിരുന്നു എന്നും തിരിച്ചറിഞ്ഞതിലെ ജാള്യത പലപ്പോഴും അലോസരപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ആ സുഹൃത്തിന്റെ മാനസികാവസ്ഥ എന്തായിരുന്നു എന്ന്‌ പിന്നീട് പലവട്ടം ആലോചിച്ചിട്ടുമുണ്ട്. ജീവിതത്തെ ആത്മ വിശ്വാസമില്ലാതെ അഭിമുഖീകരിക്കുന്ന ഒരു തലത്തിലേക്ക് അന്നത്തെ കളിയാക്കലുകൾ ആ കുട്ടിയെ കൊണ്ടെത്തിച്ചില്ലെന്നു തന്നെ പ്രതീക്ഷിക്കാം.

പിന്നീടാണ് ആ സമയത്തു തന്നെ അവിടെ പഠിച്ചിരുന്ന സരിത കെ വേണു എഴുതിയ കറുത്ത ടാൽക്കം പൗഡറിന്റെ കാലം വരും മക്കളെ എന്ന കുറിപ്പ് വായിക്കുന്നത്. അവരുടെ തന്നെ ഭാഷയിൽ നിറം അവരെ ഒറ്റിക്കൊടുത്ത പല സംഭവങ്ങളും വായിച്ചപ്പോൾ ഉള്ളിൽ ലജ്ജയായിരുന്നോ കുറ്റബോധമായിരുന്നോ കൂടുതൽ എന്നറിയില്ല.

......
തമാശ എന്ന സിനിമ പറഞ്ഞു വെച്ചതിനപ്പുറം നമ്മൾ കാണാത്ത, കേൾക്കാത്ത തമാശകൾ ഇനിയും ഉണ്ട്. നമ്മുടെ ക്ലാസ്സ്മുറികളിൽ, കലാലയങ്ങളിൽ, വീട്ടകങ്ങളിൽ, സമൂഹത്തിൽ നിരന്തരം ഉദ്പാദിപ്പിക്കപ്പെടുന്ന തമാശകൾ. അറിഞ്ഞോ അറിയാതയോ കറുപ്പ് ഭീതി കുത്തി വെക്കുന്ന ഇടങ്ങൾ ആണിതെല്ലാം. ഇന്ത്യൻ സമൂഹത്തിനു ഒഴിഞ്ഞു മാറാൻ സാധിക്കാത്ത ജാതി എന്ന യാഥാർത്ഥ്യമാണ് ഇവിടങ്ങളിൽ ഈ ക്രൂരതയുടെ അടിനൂലുകളായി വർത്തിക്കുന്നത്.‌

വെളുപ്പിനെ ആരാധിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചതിൽ അതിനെ കോട്ടം പറ്റാതെ കൊണ്ട് നടക്കുന്നതിൽ നമുക്കും അനിഷേധ്യമായ പങ്കുണ്ട്. ഓർത്തു നോക്കുക നമ്മുടെ വിദ്യാലയ കാലഘട്ടത്തിൽ എത്ര തവണ നാം ഇങ്ങനത്തെ വിവേചനങ്ങൾ കണ്ടിട്ടുണ്ടെന്ന്?

......
കറുപ്പിനോടുള്ള ഇഷ്ടക്കേടും വെളുപ്പിനോടുള്ള പ്രതിപത്തിയും നമ്മുടെ നഴ്സറി ക്ലാസ്സുകൾ തൊട്ടേ നമ്മൾ കുത്തി വെക്കുന്നത് കൊണ്ടാണ് സ്കൂളിൽ എത്തുന്ന വിശിഷ്ടാതിഥിയെ സ്വീകരിക്കാൻ ക്‌ളാസ്സിലെ വെളുപ്പും തുടിപ്പുമുള്ള കുഞ്ഞുങ്ങളെ നമ്മൾ തിരഞ്ഞെടുക്കുന്നത്. അവിടെ ബൊക്കെ കൊടുക്കാൻ ആഗ്രഹമുള്ള കുട്ടിയല്ല പകരം വെളുപ്പ് നിറം എന്ന പ്രിവിലേജ് ഉള്ള കുഞ്ഞിനെയാണ് നാം തിരഞ്ഞെടുക്കുന്നത്.

കറുത്ത കുട്ടിയെ ഒപ്പനയിലെ മണവാട്ടി ആക്കിയ എത്ര ഉദാഹരണം ഉണ്ടാകും? കറുത്തവർക്കു മണവാട്ടി ആകാൻ പാടില്ലെന്ന് ആരാണ് പറഞ്ഞു വെച്ചത്? ഒപ്പനയിലെ മൊഞ്ചത്തിക്കു നമ്മൾ അഴകളവുകൾ നിശ്ചയിക്കുമ്പോൾ, തുമ്പപ്പൂവ്ന്റെ നിറം തന്നെ ഉള്ള കുട്ടിയെ തന്നെ തിരഞ്ഞു പിടിച്ചു സ്റ്റേജിൽ കേറ്റുന്നത്തിനു മുൻപ് നാലിഞ്ച് കനത്തിൽ പിന്നെയും മേക്കപ്പ് ഇട്ടുകൊടുത്തു നമ്മൾ എന്താണ് പറഞ്ഞു വെക്കുന്നത്?വെളുത്ത തൊലിക്കാർക്ക് മാത്രമുള്ളതാണ് വിവാഹ സങ്കൽപ്പങ്ങൾ എന്ന് ആരാണ് നമ്മളെ പഠിപ്പിക്കുന്നത്? കറുത്ത തൊലിയുള്ള ഒരു കുട്ടി വളരെ നിഷ്കളങ്കമായി എനിക്കും മണവാട്ടിയാകണം എന്ന് പറഞ്ഞാൽ എങ്ങിനെ ആയിരിക്കും അത് കേൾക്കുന്നവർ എടുത്തിട്ടുണ്ടാകുക എന്ന് നമുക്ക് 
ഊഹിക്കാം. സ്റ്റാഫ് റൂമിലെ കൂട്ടച്ചിരിയും അപമാനഭാരത്തോടെ ഇറങ്ങി പോകുന്ന ഒരു പെൺകൊടിയും, നിശ്ചയം, അതൊരു ഭാവനയല്ല.

എത്ര നടന വൈഭവം ഉണ്ടെങ്കിലും മേക്കപ്പ് ഇല്ലാതെ അല്ലെങ്കിൽ വെളുപ്പിക്കാതെ നമ്മുടെ കുഞ്ഞുങ്ങൾ സ്റ്റേജിൽ എത്തുമോ?എത്തിയാൽ വിധികർത്താക്കൾ അത് സ്വീകരിക്കുമോ? വെളുപ്പിക്കാതിരിക്കണമെങ്കിൽ ഒന്നുകിൽ ആ കുട്ടി വേലക്കാരിയോ നാടോടി സ്ത്രീയോ രാക്ഷസിയോ ഒക്കെ ആകണം. നമ്മൾ കണ്ട യുവജനോത്സാവ വേദികളോരോന്നും ഇതുപോലെ വെളുപ്പെന്ന മരീചികയിലേക്കു നമ്മളെ കൂട്ടികൊണ്ടു പോയിട്ടില്ലേ?

......
ഒരു കട ഉദ്ഘാടനത്തിന് താലം പിടിക്കാനും , സമ്മേളനങ്ങൾക്ക് സ്വാഗതംചെയ്യാനും രാഷ്ട്രീയ പാർട്ടികളുടെ ജാഥകൾക്ക് ബാനർ പിടിക്കാനും വരെ നമുക്ക് വെളുത്ത (സ്വാഭാവിക തൊലി വെളുപ്പും പോരാ..രണ്ടിഞ്ച് കനത്തിൽ പുട്ടി വേണം) തരുണീമണികളെ വേണം. സ്വര്ണക്കടകളിൽ, വസ്ത്ര വ്യാപാര ശാലകളിൽ,വിമാനത്തിൽ, വിവാഹത്തിന് വരുന്ന അതിഥികളെ സ്വീകരിക്കാൻ എല്ലാം നമ്മൾ ഇവരെ നിരത്തി നിർത്തും. സ്ത്രീയെ ഉപഭോഗ വസ്തുക്കളാകുന്നത്തിനെതീരെ പ്രതികരിക്കുന്ന ആരുടേയും ശബ്ദം ഇത്തരം സന്ദർഭങ്ങളിൽ ഉയർന്നു കാണാറില്ല. അതിനേക്കാളും വികൃതമായ രീതിയിൽ ഈ പ്രദർശന രീതി കണ്ടിട്ടുള്ള വേദികളാണ് ബൗദ്ധികത ഘോഷണം ചെയ്യുന്ന സെമിനാര് വേദികൾ.

അതിഥികളെ സ്വീകരിക്കാൻ കേരള സാരിയും താലപ്പൊലിയുമായി നിൽക്കാൻ വെളുത്ത സുന്ദരികളെ തിരയൽ അക്കാദമിക സെമിനാറുകളുടെ ഒരുക്കങ്ങളിൽ പ്രാധാനമാണ്.അഴകളവുകൾ തികഞ്ഞ വെളുത്തു തുടുത്ത സുന്ദരികളെ പൂച്ച നടത്തവും നടത്തിച്ചു സത്കരിച്ചാലേ സ്വീകരണം പൂർണമാകൂ എന്ന് എവിടെയോ എഴുതി വെച്ചപോലെയാണ് സംഘാടകരുടെ പരാക്രമം. അതിഥികൾക്ക് വേദിയിൽ പൂ നൽകാൻ, കുടിവെള്ളം നൽകാൻ, അവർക്കു വെഞ്ചാമരം വീശാൻ എല്ലാം വെളുത്ത സുന്ദരികൾ വേണം.

അമ്പലങ്ങളിൽ പ്രതിഷ്ഠക്കു മുന്നിൽ ആചാരങ്ങളുടെ ഭാഗമായി താലപ്പൊലിയുമായി നിൽക്കുന്ന സ്ത്രീകളുണ്ട്. വിശ്വാസത്തിന്റെ പേരിൽ അത് ചെയ്യുന്നതിനോട് എതിരുപറയുന്നില്ല.എന്നാൽ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും നടന്മാരും ആൾ ദൈവങ്ങളും വരുമ്പോൾ ഇതുപോലെ തൊലി വെളുത്ത കുഞ്ഞുങ്ങളെ തേടിപിടിക്കുന്നത് നിർത്താൻ നമുക്ക് ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.

........
ജാതിബോധം പോലെ തന്നെ തൂത്തെറിയപ്പെടേണ്ട ഒരു ബോധം നമ്മളെ ഭരിക്കുന്നുണ്ട്. വെളുപ്പ് സൗന്ദര്യലക്ഷണവും കറുപ്പ് സൗന്ദര്യത്തിന്റെ അഭാവവുമാണെന്ന ബോധം... അതിന്റെ വേരുകൾ എത്രമേൽ ആഴത്തിലാണ് നമ്മളിൽ പതിഞ്ഞിരിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് മേല്പറഞ്ഞത്.

കറുപ്പ് വെളുപ്പ് ദ്വന്ദം തെറ്റ് ശരി, സൗന്ദര്യം വൈരൂപ്യം എന്നീ ദ്വന്ദങ്ങളെ കൂടെ ദ്യോതിപ്പിക്കുന്ന സംജ്ഞകളായി നമ്മുടെ ഭാഷയിലും ബോധത്തിലും കുടിയേറി പാർത്തിട്ടുണ്ട്.

ലളിതമായി പറഞ്ഞാൽ നമ്മുടെ ഭാഷാ പ്രയോഗങ്ങൾ വരെ ഈ വെളുപ്പ് കറുപ്പ് ബോധത്തെ ഊട്ടി ഉറപ്പിക്കുന്ന തരത്തിൽ ആണ്.

'കാക്ക കുളിച്ചാൽ കൊക്കാകുമോ?' 'കാക്കയ്കും തൻകുഞ്ഞു പൊൻകുഞ്ഞു' എന്ന് തുടങ്ങി കാക്ക പറ്റിക്കുന്നവനും കള്ള കണ്ണുള്ളവനും എല്ലാം ആയി കവിതകൾ നമ്മൾ ഏറ്റുപാടുമ്പോൾ വരെ കറുപ്പിനോടുള്ള നമ്മുടെ മനോഭാവം കൂടെ വെളിവാക്കപ്പെടുന്നുണ്ട്. വെളുത്തിരിക്കുന്ന കൊക്കുകൾ ആണ് സൗന്ദര്യത്തിനുടമകൾ എന്ന് പതിരില്ലാത്ത പഴഞ്ചൊല്ലുകൾ പറയാതെ പറഞ്ഞു വെക്കുന്നുണ്ട്. കൊക്കുകൾ ആകാനുള്ള വ്യഗ്രത നമ്മുടെ ഓരോ കുഞ്ഞുമനസിൽ വരെ നാം അറിയാതെ പാകുന്നുണ്ട്.

നമ്മുടെ ദൈനം ദിന സംഭാഷണത്തിൽ എത്രയോ വട്ടം നമ്മൾ കേട്ടതും പറഞ്ഞതുമായ സംഭാഷണ ശകലങ്ങൾ ഓർത്തെടുക്കുക. 'കറുത്തിട്ടാണെങ്കിലും നല്ല മുഖ ലക്ഷണമുണ്ട്' 'എന്ത് പറ്റി ആകെ കറുത്ത് പോയല്ലോ' 'ഓ എന്നാ പറയാനാ ആകെ ഓട്ടപ്പാച്ചിലായിരുന്നു ആകെ കരുവാളിച്ചു പോയി' 'ഇങ്ങനെ വെയില് കൊണ്ടാൽ കറുത്ത് പോകുംട്ടാ' ഇങ്ങനെയൊക്കെ വളരെ സ്വാഭാവികമായി നമ്മൾ പറയുന്നുണ്ടെങ്കിൽ കാക്കയും കറുത്തവരും നമ്മുടെ സൗന്ദര്യസങ്കല്പങ്ങളിൽ നിന്ന് കടക്കു പുറത്തു എന്ന് പറഞ്ഞു നാം ഓടിച്ചവരാണ്.അതിലേക്ക് നമ്മളെ എത്തിച്ചത് നിർഭാഗ്യവശാൽ നമ്മുടെ ക്ലാസ്സ്മുറികളും കൂടെയാണ്.

......
എളുപ്പമല്ല ഈ കറുപ്പിനോടുള്ള ഭയത്തിൽ നിന്ന് പുറത്തു കടക്കൽ. തൊലിയുടെ നിറം കഴിവിനെയും കഴിവുകേടിനെയും സൂചിപ്പിക്കുന്ന രീതിയിലേക്ക് നമ്മൾ കാലങ്ങൾക്ക് മുന്നേ എത്തിയതാണ്. നമ്മുടെ ബ്യുട്ടി മിത്തുകളുടെ രൂപീകരണവും പ്രചാരണവും സൗന്ദര്യ വർധക വസ്തുക്കളുടെയും സംരക്ഷണികളുടെയും പരസ്യമായും സാഹിത്യ സിനിമ മാധ്യമങ്ങളിലൂടെയും കൃത്യമായി നമ്മുടെ ചിന്താമണ്ഡലത്തിൽ വേരൂന്നി കഴിഞ്ഞിരിക്കുന്നു. ബ്യുട്ടി പാർലറിൽ പോകാതെ മേക്കപ്പ് നൽകുന്ന കോൺഫിഡൻസ് ഇല്ലാതെ സമൂഹത്തെ അഭിമുഖീകരിക്കാൻ വിമുഖത കാണിക്കുന്ന ഒരു പറ്റം മനുഷ്യരെ ആണ് നാം പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായ രീതിയിൽ പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ മടിക്കുമ്പോൾ, അറിഞ്ഞോ അറിയാതെയോ വെളുപ്പിനെ പ്രകീർത്തിക്കുമ്പോൾ നമ്മളും കറുപ്പിനെതിരായ പോരാട്ടത്തിൽ പങ്കു ചേരുകയാണ്.

........
ടോണി മോറിസണ് എന്ന വിഖ്യാത നോവലിസ്സ്റ്റിന്റെ രണ്ടു കൃതികളാണ് ദി ബ്ലൂവെസ്റ് ഐയും ഗോഡ് ഹെല്പ് ദി ചൈൽഡും.. അമ്മയുടെയും സമൂഹത്തിന്റെയും അംഗീകാരത്തിനായി വെളുത്ത നിറവും നീലിമയുള്ള കണ്ണുകളും ആഗ്രഹിച്ചു അവസാനം മാനസിക നില തകർന്നു പോയ പെകോള എന്ന പെൺകുട്ടിയുടെയും ഇരുണ്ട നിറക്കാരിയായതിനാൽ 'അമ്മ എന്ന്‌ വിളിക്കാൻ പോലും അനുവാദം ഇല്ലാതെ അമ്മയുടെ സ്നേഹത്തോടെയുള്ള ചേർത്തുപിടിക്കൽ മാത്രം കൊതിച്ചു കൊണ്ട് സ്വന്തം ടീച്ചർക്കെതിരെ കള്ളസാക്ഷി പറഞ്ഞ ബ്രൈഡ് എന്ന പെണ്കുഞ്ഞിന്റെയും കഥ അങ്ങ് അമേരിക്കയിൽ സംഭവിക്കുന്നത് എന്ന്‌ പറഞ്ഞു നമുക്കു സ്വസ്ഥമാകാൻ കഴിയില്ല. അറിഞ്ഞോഅറിയാതെയോ പെകോളമാരെയും ബ്രൈഡുകളെയും നമ്മളും സൃഷ്ടിക്കുന്നുണ്ട്.

.......
അതുകൊണ്ട് മാറ്റങ്ങൾ അനിവാര്യമാണ്. അത് തുടങ്ങേണ്ടത് നമ്മുടെ ക്ലാസ്സ്മുറികളിൽ നിന്നാണ്. നമ്മൾ ഉരുവിടുന്ന കഥകളിൽ നിന്നാണ്, കവിതകളിൽ നിന്നാണ്, പഴഞ്ചൊല്ലുകളിൽ നിന്നാണ്. നമ്മുടെ യുവജനോത്സാവ വേദികളിൽ നിന്നാണ്.

lഅതിനാദ്യം വേണ്ടത് ഇതൊരു യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കുകയാണ്. ഇങ്ങനെയും അവസ്ഥകൾ ഉണ്ട് എന്ന് അംഗീകരിക്കുകയാണ്. ഇതും ബോഡി ഷെയിമിംഗ് ആണെന്ന് തിരിച്ചറിയുകയാണ്. 
അങ്ങനെ വന്നാൽ നമ്മുടെ ക്ലാസ് മുറികൾ മാറും. അധ്യാപകർ മാറേണ്ടി വരും. വിദ്യാഭ്യാസ അധികൃതർക്ക് ഇതിലൊരു‌ നിലപാട് എടുക്കേണ്ടി വരും. സഹപാഠികൾക്ക് ഈ ക്രൂരതയെ ചോദ്യം ചെയ്യേണ്ടി വരും.

 

Follow Us:
Download App:
  • android
  • ios