അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ സ്‌കൂൾ വെടിവെപ്പിന്റെ വാർത്തകളാണ് ഇന്നലെ കാലിഫോർണിയയിലെ സാന്റാ ക്ലാരിറ്റയിൽ ഉള്ള സൗഗസ് ഹൈസ്കൂളിൽ നിന്ന് പുറത്തുവന്നത്. പതിനാറുകാരനായ ഒരു വിദ്യാർത്ഥി തന്റെ .45 സെമി ഓട്ടോമാറ്റിക് പിസ്റ്റലുമായെത്തി തുരുതുരാ വെടിയുതിർക്കുകയായിരുന്നു. രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. അതിനുശേഷം സ്വന്തം തലയിലേക്ക് തന്നെ വെടിപൊട്ടിച്ച് അതീവഗുരുതരാവസ്ഥയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് ആ കുട്ടിയും ഇപ്പോൾ. എന്തിനായിരുന്നു തന്റെ ജന്മദിനം കൂടിയായിരുന്ന ആ വ്യാഴാഴ്ച ദിവസം സ്വന്തം സ്‌കൂളിലേക്ക് ഒരു പിസ്റ്റലുമായെത്തി തന്റെ സഹപാഠികൾക്കു നേരെ ആ പതിനാറുകാരൻ വെടിയുതിർത്തത് എന്നത് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ.

ഗൺ വയലൻസ് ആർക്കൈവ് (GVA) എന്ന എൻജിഒയുടെ കണക്കുകൾ പ്രകാരം ഇത് അമേരിക്കയിൽ 2019 -ൽ നടക്കുന്ന 366 -ാമത്തെ കൂട്ടവെടിവെപ്പാണ്. അവസാനത്തെ ഷൂട്ടിങ് നടന്ന നവംബർ 14 ഈ വർഷത്തെ 318 -ാമത്തെ ദിവസം മാത്രമാണ്. അതായത്, ഒരു ദിവസം ശരാശരി ഒന്നിലധികം വെടിവെപ്പ് വെച്ച് നടന്നിട്ടുണ്ടെന്നർത്ഥം. 2018 -ൽ ആകെ നടന്ന വെടിവെപ്പുകളുടെ എണ്ണം 338 ആണ്. ഈ വർഷത്തിൽ ഇനിയും ദിവസങ്ങൾ കിടക്കുന്നതിനാൽ ഈ സംഖ്യ ഇനിയും കൂടുമോ എന്നറിയില്ല. അമേരിക്കയിൽ ഏറ്റവുമധികം മരണങ്ങൾ നടക്കുന്നത് വെടിവെപ്പ് എന്ന ഒരു വിഭാഗത്തിലാണ്. വർഷാവർഷം ഏകദേശം 11,000 പേരിലധികം അമേരിക്കയിൽ തോക്കിനിരയായി കൊല്ലപ്പെടുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരേസമയത്ത്, വെടിവെച്ച ആൾക്ക് പുറമെ നാലോ അതിലധികമോ പേർക്ക് ഒരു നിശ്ചിത സ്ഥലപരിധിക്കുള്ളിൽ വെടിയേൽക്കുകയോ/കൊല്ലപ്പെടുകയോ ചെയ്യുമ്പോഴാണ് അതിനെ അമേരിക്കയിൽ കൂട്ടവെടിവെപ്പ് (Mass Shooting) എന്ന സംജ്ഞ കൊണ്ട് സൂചിപ്പിക്കുന്നത്. മുകളിൽ കൊടുത്ത കണക്കുകൾ കൂട്ടവെടിവെപ്പിന്റെത് മാത്രമാണ്. ഒറ്റപ്പെട്ട വെടിവെപ്പുകൾ അതിൽ പെടുന്നില്ല. അങ്ങനെയുള്ള കൊലകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള  ഗൺ വയലൻസ് ആർക്കൈവിന്റെ കണക്കുകൾ പ്രകാരം അമേരിക്കയിൽ ഇക്കൊല്ലം ഇതുവരെ 34,000 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളിൽ 25,000 -ലധികം പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്. 408 മരണങ്ങളാണ് ജനുവരി മുതൽ നടന്ന ഈ കൂട്ടവെടിവെപ്പുകളിൽ നടന്നതായി ഗൺ വയലൻസ് ആർക്കൈവ് രേഖപ്പെടുത്തുന്നത്. 1477 പരിക്കുകളും ഈ കാലയളവിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
 
അമേരിക്കയിൽ നാളിതുവരെ നടന്ന കൂട്ടവെടിവെപ്പുകൾ

ഇതുവരെ നടന്ന കൂട്ടവെടിവെപ്പുകളിൽ ഏറ്റവും കുപ്രസിദ്ധമായത് 2017 -ൽ ലാസ് വെഗാസിൽ നടന്നതാണ്. അതിൽ ഒരു സംഗീത പരിപാടിക്ക് വന്ന കാണികൾക്ക് നേരെ നിർദാക്ഷിണ്യം വെടിയുതിർത്ത കൊലയാളി വധിച്ചത് 58 പേരെയാണ്. വെടിവെപ്പ് തുടങ്ങിയതോടെ ജനം ചിതറിയോടി. വെടിവെപ്പിലും, അല്ലാതെ വീണും മറ്റുമായി ആകെ 869 പേർക്ക് അന്ന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് സ്റ്റീഫൻ പാഡക്ക് എന്ന അറുപത്തിനാലുകാരൻ മാൻഡലേ ബേ ഹോട്ടലിന്റെ മുപ്പത്തിരണ്ടാം നിലയിലെ സ്യൂട്ടിൽ ഇരുന്നുകൊണ്ട് സെമി ഓട്ടോമാറ്റിക് റൈഫിളുകൾ ഉപയോഗിച്ചുകൊണ്ട് താഴെ പരിപാടി നടക്കുന്നിടത്തെ ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പതിനാലു വിവിധയിനം ഓട്ടോമാറ്റിക് റൈഫിളുകൾ പോലീസ് ആ മുറിയിൽ നിന്ന് കണ്ടെടുത്തു. ആകെ 1100 റൌണ്ട് വെടിയുതിർത്തശേഷം അവസാന വെടിയുണ്ട സ്വന്തം തലയിലേക്ക് പായിച്ച് ആത്മഹത്യാ ചെയ്തനിലയിലാണ് കൊലയാളിയെ പൊലീസ് കണ്ടെത്തുന്നത്. എന്തിന് അയാൾ അങ്ങനെ പ്രവർത്തിച്ചു എന്നത് ഇന്നുംവെളിപ്പെട്ടിട്ടില്ല. 

 അതുപോലെ തന്നെ നാശം വിതച്ച മറ്റൊരു കൂട്ടവെടിവെപ്പാണ് ഓർലാണ്ടോയിലെ സ്വവർഗരതിക്കാർക്കുവേണ്ടിയുള്ള ബാറിന് നേരെ ഒമർ മാറ്റീൻ എന്ന യുവാവ് നടത്തിയ കൂട്ടവെടിവെപ്പും. അബൂബക്കർ അൽ ബാഗ്ദാദിയുടെ നയങ്ങളോട് അനുഭവമുണ്ടായിരുന്നു ആ യുവാവിന്. ഇറാഖിൽ അമേരിക്കൻ സൈന്യം നടത്തിയ അക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നു ഈ ഒറ്റയാൾ വെടിവെപ്പ് എന്ന് പൊലീസ് പിന്നീട് പറഞ്ഞു. അന്ന് കൊല്ലപ്പെട്ടത് 49  പേരാണ്. അതുപോലെ വിർജീനിയ യൂണിവേഴ്സിറ്റിയിലും, സാൻഡി ഹുക്ക് എലിമെന്ററി സ്‌കൂളിലും, സതർലാൻഡ് പള്ളിയിലും, സാന്റിയാഗോയിലെ മക്‌ഡൊണാൾഡ്സിലും, ഫ്ളോറിഡയിലും  ഒക്കെ നടന്ന കൂട്ടവെടിവെപ്പുകളിലും നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.


ഈ കൂട്ടവെടിവെപ്പുകൾക്ക് കാരണമാകുന്നത് എന്താണ് ?

അമേരിക്കയിൽ നിലനിൽക്കുന്ന തോക്കുകളോടുള്ള ഭ്രമവും വളരെ എളുപ്പത്തിൽ തോക്കുകളും വെടിയുണ്ടകളും ആർക്കും വാങ്ങിക്കാൻ സാധിക്കുന്ന സാഹചര്യവുമാണ് ഇത്രയധികം വെടിവെപ്പുകളിലേക്ക് നയിക്കുന്ന പ്രധാന കാരണം. 100 പേർക്ക് 120 തോക്കെന്നതാണ് അമേരിക്കയിലെ തോക്കുകളുടെ കണക്ക്. അത്രയധികം തോക്കുകൾ അമേരിക്കയിൽ ഉപയോഗത്തിലുണ്ട്. ലോകത്തിലെ ഒന്നാം സ്ഥാനമാണ് ഈ കാര്യത്തിൽ അമേരിക്കയ്ക്ക്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന യെമനിൽ ഇതിന്റെ പകുതി തോക്കുകളേയുള്ളൂ. 100 പേർക്ക് 53 തോക്കുകളേ യെമനിലുള്ളൂ. മാനസികരോഗങ്ങളാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാനസികമായ സമനില തെറ്റുമ്പോൾ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള തോക്കുമെടുത്ത് പുറത്തേക്കിറങ്ങി വെടിവെക്കുന്നു. സ്‌കൂളുകളിൽ നിലനിൽക്കുന്ന ബുള്ളി സംസ്കാരവും മറ്റൊരു കാരണമാണ്. ക്ലാസിലെ ബുള്ളികളുടെ പീഡനങ്ങളിൽ സഹികെട്ടും പലപ്പോഴും ടീനേജ് കഴിയാത്ത കുട്ടികൾ പ്രതികാരത്തിനായി തോക്കും കൊണ്ട് സ്‌കൂളിൽ ചെന്ന് വെടിവെപ്പ് നടത്തിയ കേസുകളുണ്ട്.

ക്ലാസ്‍മുറികളിലെ അക്രമങ്ങൾ കൂടുന്നു; 'സ്‍കൂള്‍ ഷൂട്ടര്‍'മാര്‍ക്കെല്ലാം ഈ പൊതുസ്വഭാവം...


 

കുപ്രസിദ്ധിയാർജ്ജിക്കാനുള്ള ത്വര അമേരിക്കയിൽ പല കുട്ടികൾക്കുമുണ്ട്. തെരുവുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകളും ഒരു പരിധി വരെ ഇതിന് ആക്കം കൂട്ടുന്നു. ഈ ഗ്യാങ്ങുകളുടെ ഭാഗമാകുമ്പോൾ തോക്കുകൾ കൊണ്ടുള്ള അഭ്യാസങ്ങൾ കൂട്ടത്തിൽ ശ്രദ്ധപിടിച്ചുപറ്റാനുള്ള എളുപ്പവഴിയായി കുട്ടികൾ കാണുന്നു. ഒരു അക്രമസംഭവം നടക്കുമ്പോൾ അതിനെ അനുകരിച്ചുകൊണ്ട് മറ്റുള്ള ഇടങ്ങളിൽ 'കോപ്പിക്യാറ്റ്' ആക്രമണങ്ങൾ നടക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തോക്കുകളുടെ അനധികൃതമായ ഉപയോഗവും, സൂപ്പർമാർക്കറ്റുകളിൽ പോലും വെടിയുണ്ടകളും തോക്കുകളും വളരെ എളുപ്പത്തിൽ വാങ്ങിക്കാൻ പറ്റുന്ന സാഹചര്യമുള്ളതും അക്കാര്യത്തിൽ ഒരു നിയന്ത്രണവും കൊണ്ടുവരാൻ സാധിക്കാത്ത പൊലീസിന്റെ നിസ്സഹായാവസ്ഥയും ഇതിനു കാരണമായി സന്നദ്ധസംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
 

വർധിച്ചുവരുന്ന കൂട്ടവെടിവെപ്പുസംഭവങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ തോക്കുകളുടെയും വെടിയുണ്ടകളുടെയും ഉപഭോഗത്തിലും, ലഭ്യതയിലും വളരെ കർശനമായ നിയമങ്ങൾ കൊണ്ടുവരണം എന്ന ആവശ്യം ശക്തമാവുകയാണ്. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും ഇതുപോലെ പ്രതിഷേധങ്ങൾ ഉണ്ടാവുകയും, കുറച്ചുദിവസത്തേക്ക് ചാനൽ ചർച്ചകളിൽ ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉയരുകയും ചെയ്യുന്നതല്ലാതെ, ഇന്നുവരെ തോക്കുകളുടെ നിയന്ത്രണത്തിനായി ഒരു നിയമവും കൊണ്ടുവരാനുള്ള സന്നദ്ധത അമേരിക്കയിലെ ഗവണ്മെന്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതാണ് സത്യം.