നേരത്തെ തന്നെ ഫ്ലഷ് വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ, അവർ അത് ശരിയാക്കിയില്ല എന്നും കുടുംബം ആരോപിച്ചു.

ടോയ്‍ലെറ്റ് ബ്ലോക്കായതിന്റെ പേരിൽ Airbnb -ൽ നിന്നും പുറത്താക്കിയെന്ന് അമേരിക്കൻ കുടുംബം. ഏഷ്യയിൽ യാത്ര നടത്തുന്ന അമേരിക്കൻ കുടുംബമാണ് ആരോപണവുമായി എത്തിയത്. ചിക്കാ​ഗോയിൽ നിന്നുള്ള ഹെൻഡ്രിക്സ് കുടുംബം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ Airbnb -ക്ക് പുറത്തിരിക്കുന്ന കുടുംബത്തെ കാണാം.

മുഴുവൻ സമയവും യാത്ര ചെയ്യുന്ന കുടുംബമാണിത്. അതിന്റെ വിശേഷങ്ങൾ കണ്ടന്റ് ക്രിയേറ്ററായ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഏഷ്യയിലൂടെയുള്ള യാത്രയിൽ Airbnb -യിൽ താമസിക്കവെ ടോയ്‍ലെറ്റിൽ ടിഷ്യൂ പേപ്പറിട്ടതിനെ തുടർന്ന് ബ്ലോക്ക് ആയതിന് പിന്നാലെയാണ് കുടുംബത്തെ ഇവിടെ നിന്നും പുറത്താക്കിയത്.

ഈയൊരു നിസ്സാരകാര്യത്തിനാണ് തങ്ങളെ പുറത്താക്കിയത് എന്ന പരാതിയുമായിട്ടാണ് കുടുംബം സോഷ്യൽ മീഡിയയിൽ എത്തിയത്. ഫ്ലഷ് ചെയ്യാനാവാത്ത ടോയ്‍ലെറ്റ് പേപ്പറിന്റെ ചിത്രവും ഇവർ പങ്കുവച്ചിട്ടുണ്ട്. ടോയ്‍ലെറ്റ് ബ്ലോക്കായതിനെ തുടർന്ന് മറ്റൊരു രാജ്യത്ത് എയർബിഎൻബിയിൽ നിന്നും പുറത്താക്കപ്പെട്ടു എന്നും മൂന്ന് കുട്ടികളും കൂടെയുണ്ട് എന്നും ഇവരുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നു.

തങ്ങൾ നേരത്തെ തന്നെ ഫ്ലഷ് വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ, അവർ അത് ശരിയാക്കിയില്ല എന്നും കുടുംബം ആരോപിച്ചു. കുറച്ച് ദിവസങ്ങളായി ഇത് തുടർന്നപ്പോൾ Airbnb സപ്പോർട്ടിന്റെ സഹായം തേടി. അപ്പോൾ ഞങ്ങളോട് അവിടെ നിന്നും ഇറങ്ങാനും റീഫണ്ട് തരുമെന്നുമാണ് പറഞ്ഞത്. എന്നാൽ, റീഫണ്ട് കിട്ടിയില്ല എന്നാണ് ഇവരുടെ പരാതി.

View post on Instagram

പിറ്റേന്ന് രാവിലെ ആള് വന്ന് ബഹളം വയ്ക്കുകയായിരുന്നു. 30 മിനിറ്റ് നേരം തന്നിട്ട് ഇറങ്ങാൻ പറഞ്ഞു. റീഫണ്ട് കിട്ടിയില്ല എന്തായാലും അതേ കോംപ്ലക്സിൽ തന്നെ മറ്റൊരു Airbnb കിട്ടി എന്നും കുടുംബം പോസ്റ്റിൽ പറയുന്നു. എന്നാൽ, സഹതാപം കിട്ടും എന്ന് കരുതിയിട്ട പോസ്റ്റിന് താഴെ കുടുംബത്തിന് നേരെ വലിയ വിമർശനമാണ് വന്നിരിക്കുന്നത്.

സ്ഥിരമായി ഇരവാദം മുഴക്കലാണ് ഇവരുടെ രീതി, നേരത്തെയും പല പോസ്റ്റുകളിലും ഇത് കാണാം എന്നാണ് പലരും പറഞ്ഞത്. മറ്റ് പലരും ടിഷ്യൂ പേപ്പർ ഫ്ലഷ് ചെയ്യരുതാത്ത ഒരു സ്ഥലത്ത് പോയി അത് ചെയ്ത് ബ്ലോക്കാക്കി വീണ്ടും ഇരവാദം പറയുകയാണോ എന്നാണ് ചോദിച്ചിരിക്കുന്നത്. എന്തായാലും, കുടുംബത്തെ അനുകൂലിച്ചവരേക്കാളും വിമർശിച്ചവരാണ് ഏറെയും.