സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ ഇയാൾ മുഖം മറച്ച് കടയ്ക്കുള്ളിലൂടെ നടക്കുന്നതും ഫോണുകൾ എടുക്കുന്നതും കാണാം. ശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

മൊബൈൽ കടയുടെ ഭിത്തി തുരന്ന് അകത്തു കയറിയ കള്ളൻ 5 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. ഹൈദരാബാദിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. കടയുടെ ചുമരിൽ ഒരു ദ്വാരം ഉണ്ടാക്കിയാണ് ഇയാൾ അകത്തു കയറിയത്. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

ഹൈദരാബാദിലെ തിരക്കേറിയ ദിൽസുഖ്‌നഗർ-കോട്ടി മെയിൻ റോഡിലുള്ള ബിഗ് സി മൊബൈൽ ഷോറൂമിൽ ജൂൺ 29 -ന് രാത്രിയാണ് മോഷണം നടന്നത്. മലക്പേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ ഇയാൾ മുഖം മറച്ച് കടയ്ക്കുള്ളിലൂടെ നടക്കുന്നതും ഫോണുകൾ എടുക്കുന്നതും കാണാം. ശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് മോഷണം നടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കടയുടെ ഒരു ഭാഗത്തെ ഭിത്തിയിൽ വൃത്താകൃതിയിൽ ഒരു ദ്വാരം ഉണ്ടാക്കിയാണ് മോഷ്ടാവ് കടയുടെ അകത്ത് കടന്നത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടക്കാൻ കഴിയുന്നത്ര വലിപ്പം മാത്രമേ ഈ ദ്വാരത്തിനുള്ളൂ. മോഷ്ടാവുണ്ടാക്കിയ ഈ ദ്വാരത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Scroll to load tweet…

റിപ്പോർട്ടുകൾ പ്രകാരം, കടയുടമയുടെ പരാതിയിൽ കേസെടുത്ത മലക്പേട്ട് പോലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്. കടയ്ക്കുള്ളിലെയും പരിസരപ്രദേശങ്ങളിലും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ, പ്രതിയെ കുറിച്ചുള്ള സൂചനകൾ ഒന്നും ഇതുവരെയും ലഭിച്ചിട്ടില്ല. എത്രയും വേഗത്തിൽ തന്നെ മോഷ്ടാവിനെ കണ്ടെത്താൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.

ദിൽസുഖ്‌നഗർ പ്രദേശത്തെ കട ഉടമകൾക്കും ഈ സംഭവം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാത്രികാല പട്രോളിംഗ് വർദ്ധിപ്പിക്കാനും വാണിജ്യ സ്ഥാപനങ്ങൾക്ക്, പ്രത്യേകിച്ച് തിരക്കേറിയ മാർക്കറ്റ് മേഖലകളിൽ സുരക്ഷാ നടപടികൾ മെച്ചപ്പെടുത്താനും പോലീസിനോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ വ്യാപാരികൾ.