'ലോകത്തിൽ പ്രവേശനം കിട്ടാൻ ഏറ്റവും പ്രയാസമേറിയ കോളേജുകളിലൊന്നാണ് ഐഐടി. അവിടത്തെ ഒരു ബിരുദധാരിയെ റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞത് മോണ്ടാനയ്ക്ക് ലഭിച്ച വലിയൊരു നേട്ടമാണ്.'
അമേരിക്കയിലെ മോണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വംശജയായ പ്രൊഫസറെയടക്കം ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കാൻ ശ്രമിച്ച യുവാവിന് കണക്കിന് മറുപടി നൽകി സോഷ്യൽ മീഡിയ. ലോകപ്രശസ്തമായ ഐഐടിയുടെ അക്കാദമിക മികവ് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകളാണ് പ്രൊഫസർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ‘ഓയിൽഫീൽഡ് റാൻഡോ’ എന്ന പേരിൽ എക്സിലുള്ള അമേരിക്കൻ പൗരനാണ് ഇന്ത്യയിൽ നിന്നുള്ള വിവിധ പ്രൊഫസർമാരെ ലക്ഷ്യമിട്ട് വംശീയ വിദ്വേഷമുള്ള കുറിപ്പ് പങ്കുവെച്ചത്.
മോണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ പ്രൊഫസർമാരുടെ പട്ടിക പങ്കുവെച്ച ഇയാൾ, അതിൽ അഗ്രികൾച്ചറൽ പ്രോസസ്സ് എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിഖാലി ബാനർജിയുടെ പേരും ഉൾപ്പെടുത്തിയിരുന്നു. ഐഐടി ബോംബെയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ വ്യക്തിയാണ് ഡോ. ശിഖാലി ബാനർജി.
അമേരിക്കൻ സർവ്വകലാശാലകളിൽ ഇന്ത്യൻ ഫാക്കൽറ്റികളുടെ എണ്ണം കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അവരെ പരിഹസിക്കുകയായിരുന്നു പോസ്റ്റിട്ടയാളുടെ ലക്ഷ്യം. എന്നാൽ, സംഭവം ഇയാൾക്ക് തന്നെ തിരിച്ചടിയായിത്തീർന്നു.
പോസ്റ്റ് പുറത്തുവന്ന ഉടൻ തന്നെ ഐഐടി ബോംബെയുടെ ഉന്നത നിലവാരം ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. 'ലോകത്തിൽ പ്രവേശനം കിട്ടാൻ ഏറ്റവും പ്രയാസമേറിയ കോളേജുകളിലൊന്നാണ് ഐഐടി. അവിടത്തെ ഒരു ബിരുദധാരിയെ റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞത് മോണ്ടാനയ്ക്ക് ലഭിച്ച വലിയൊരു നേട്ടമാണ്' എന്ന് ഡാറ്റാ സയന്റിസ്റ്റായ അർമാൻ ഡോമാലെസ്കി കുറിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ചിലരാണ് ഐഐടിയിൽ നിന്ന് പുറത്തുവരുന്നതെന്നും, അമേരിക്കയിലെ മോണ്ടാന പോലുള്ള സർവ്വകലാശാലകളിൽ അവർ ജോലി ചെയ്യുന്നത് അമേരിക്കയ്ക്ക് തന്നെ വലിയൊരു നേട്ടമാണെന്നും പലരും പിന്നാലെ കമന്റുകളിൽ കുറിച്ചിട്ടുണ്ട്.
മാത്രമല്ല, ഇയാളുടെ വംശീയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ഉയർന്നത്. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിന്ന ഇയാൾ, ഇന്ത്യയെക്കുറിച്ചും ഇന്ത്യയിലെ ഇതുപോലെയുള്ള ആളുകളെ കുറിച്ചും വീണ്ടും അപകീർത്തികരമായ പരാമർശങ്ങളുമായി രംഗത്തെത്തുകയാണുണ്ടായത്.
