'നിങ്ങളുടെ ഭർത്താവ് നിങ്ങളെ വിവാഹം കഴിച്ചിരിക്കുന്നത് ഗ്രീൻ കാർഡിന് വേണ്ടിയാണ്. നിങ്ങൾ വിവാഹം കഴിച്ചത് കറുത്ത ഒരാളെയാണല്ലോ, അതിൽ വിഷമമുണ്ട്. ഇന്ത്യയിലേക്ക് താമസം മാറ്റുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ ജീവിതം നശിപ്പിച്ചിരിക്കുകയാണ്.'
അതിർത്തി കടന്നുള്ള വിവാഹങ്ങൾ ഇന്നൊരു പുതുമയല്ല. നിരവധിപ്പേർ ഇന്ന് ഇന്ത്യയ്ക്ക് പുറത്തുള്ളവരുമായി വിവാഹം കഴിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യക്കാരായ യുവാക്കളെ വിവാഹം കഴിക്കുന്ന വിദേശികളായ സ്ത്രീകൾക്ക് പലപ്പോഴും പല കമന്റുകളും അധിക്ഷേപങ്ങളും കേൾക്കേണ്ടി വരാറുണ്ട് എന്ന് പറയുകയാണ് ഒരു അമേരിക്കൻ യുവതി.
ജെസിക്കയുടെ ഭർത്താവ് ഇന്ത്യക്കാരനാണ്. ഇന്ത്യക്കാരനെ വിവാഹം ചെയ്തതിന്റെ പേരിൽ വിദേശത്ത് നിന്നുള്ളവർക്ക് കേൾക്കേണ്ടി വരുന്ന പരാമർശങ്ങളെ കുറിച്ചാണ് ജെസിക്ക തന്റെ സോഷ്യൽ മീഡിയയിൽ തുറന്നു പറയുന്നത്.
നിങ്ങളുടെ ഭർത്താവ് നിങ്ങളെ വിവാഹം കഴിച്ചിരിക്കുന്നത് ഗ്രീൻ കാർഡിന് വേണ്ടിയാണ്. നിങ്ങൾ വിവാഹം കഴിച്ചത് കറുത്ത ഒരാളെയാണല്ലോ, അതിൽ വിഷമമുണ്ട്. ഇന്ത്യയിലേക്ക് താമസം മാറ്റുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ ജീവിതം നശിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ കുട്ടികൾ നിങ്ങളെപ്പോലെ വെളുത്തവരല്ലല്ലോ, അത് ദയനീയമാണ് തുടങ്ങിയ കമന്റുകളാണ് പ്രധാനമായും കേൾക്കേണ്ടി വരുന്നത് എന്നാണ് വീഡിയോയ്ക്ക് മുകളിൽ അവർ എഴുതിയിരിക്കുന്നത്.
'ഇതിൽ എത്രയെണ്ണം നിങ്ങൾ ഓൺലൈനിൽ കേൾക്കുകയോ കാണുകയോ ചെയ്തിട്ടുണ്ട്? ഇത് ഞാൻ ദിവസേന കാണുന്ന വർണവിവേചനത്തിന്റെയും വംശീയതയുടെയും വെളുത്ത ചർമ്മത്തിന്റെയും വെസ്റ്റേൺ പാസ്‌പോർട്ട് ആരാധനയുടെയും ഒരു സാമ്പിൾ മാത്രമാണ്' എന്നാണ് ജെസിക്ക വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
ഇന്ത്യയിലെ തെരുവുകളിലൂടെ നടക്കുന്ന ജെസിക്കയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധിപ്പേരാണ് ജെസിക്ക അവരുടെ 'ഇന്ത്യാ വിത്ത് ജെസിക്ക' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും.
'ഗ്രീൻ കാർഡ് കമന്റാണ് താൻ എല്ലായ്പ്പോഴും കേൾക്കാറുള്ളത്' എന്നാണ് അതിൽ ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്. 'താൻ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ കാര്യം ആ മണമൊന്ന് ആലോചിച്ചു നോക്കൂ എന്നതാണ്' എന്നാണ് മറ്റൊരു യൂസർ കമന്റ് നൽകിയിരിക്കുന്നത്. സമാനമായ അനേകം കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്.


