Asianet News MalayalamAsianet News Malayalam

അമേരിക്ക പിടിച്ചിട്ടും നിൽക്കാത്ത താലിബാന്റെ ഹെറോയിൻ ലബോറട്ടറികൾ കൊയ്യുന്നത് കോടികളുടെ ലാഭം

ഗുഹകളിൽ പ്രവർത്തിക്കുന്ന ലബോറട്ടറികളിൽ വെച്ച് ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു.

Americas inebility to curb heroin factories in talibani areas of Afghanistan a boost to terrorism in the region
Author
Afghanistan, First Published Feb 24, 2020, 2:27 PM IST

അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രതിനിധികളുമായുള്ള ചർച്ച അവസാന ഘട്ടത്തിലാണ് എന്നും, വിദേശമണ്ണിൽ അമേരിക്കൻ സൈന്യം വർഷങ്ങളായി തുടരുന്ന നീണ്ട യുദ്ധം അവസാനിക്കാൻ ഇനി ഏറെ നാളുകളില്ല എന്നുമാണ് ട്രംപ് ഭരണകൂടം പറയുന്നത്. എന്നാൽ, ഈ ചർച്ചകൾ കൊണ്ടൊന്നും അവസാനിപ്പിക്കാൻ പറ്റാത്ത ഒന്നുണ്ട്, അതാണ് താലിബാന്റെ മൗനാനുവാദത്തോടെ, ഒരുപക്ഷേ, മേൽനോട്ടത്തിൽ എന്നുപോലും പറയാവുന്ന കറുപ്പ് നിർമാണം. മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്കസ് അഥവാ കശകശ എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. അമേരിക്കയെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒരു മൂല്യവർധിത വസ്തു ഈ ഓപ്പിയം സിറപ്പിൽ നിന്ന് വേർതിരിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട് താലിബാനി ഭീകരവാദികൾ. പേര് നമുക്കൊക്കെ സുപരിചിതമാണിതിന്റെ, ഹെറോയിൻ. അറിയപ്പെടുന്ന ഒരു മയക്കുമരുന്നാണ്‌ ഹെറോയിൻ. 

Americas inebility to curb heroin factories in talibani areas of Afghanistan a boost to terrorism in the region

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രധാന വരുമാന മാർഗമാണ് കറുപ്പിന്റെ ഉത്പാദനം. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. എന്നിട്ടെന്തായി? ഇപ്പോൾ യുദ്ധം തന്നെ വേണ്ടെന്നു വെച്ച് തിരിച്ചുപോരാൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്ന ഈ വേളയിലും താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും ഒന്ന് തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. 

Americas inebility to curb heroin factories in talibani areas of Afghanistan a boost to terrorism in the region

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം  വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്കും. 'ആവശ്യം സൃഷ്ടിയുടെ മാതാവാണ്' എന്നാണല്ലോ പറയുക. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്കൃത ഓപ്പിയത്തിന്റെ  അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്. 

Americas inebility to curb heroin factories in talibani areas of Afghanistan a boost to terrorism in the region

ഗവൺമെന്റിനോട് പോരാടി താലിബാനികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പലതും അവർ പ്രയോജനപ്പെടുത്തുന്നത് പോപ്പി വിത്തുകൾ കൃഷിചെയ്യാനാണ്. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിംഗ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീര്‍ണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്‌നീഷ്യൻമാർ കോട്ടും മാസ്കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈഫൈ അല്ല. ഒരു കൊച്ചു കുടിൽ, ചായ്പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിന്‍ തയ്യാർ ചെയ്തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്‌സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു  ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. 

അഫ്ഗാൻ പൊലീസും, അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്സസും ചേർന്ന് പരമാവധി റെയ്ഡുകൾ നടത്തിയിട്ടുണ്ട്. നശിപ്പിക്കാവുന്നത്ര ലാബുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വരുമാനം ഇരട്ടിപ്പിക്കുന്ന ഈ പുതിയ പ്രോസസിംഗ് ടെക്‌നോളജി മനസ്സിലായതോടെ താലിബാന്റെ മുൻകൈയിൽ കൂണുകൾ പോലെ രാജ്യത്തിന്റെ പലഭാഗത്തും മുളച്ചുപൊന്തിയിട്ടുണ്ട് ഇങ്ങനെയുള്ള ലാബുകൾ. ഇവിടെ നിന്ന് ഏഷ്യയിലെയും, യൂറോപ്പിലെയും, ആഫ്രിക്കയിലെയും അമേരിക്കയിലെയും മറ്റും സപ്ലൈ ചെയിനുകളിലേക്ക് ഇപ്പോൾ നേരിട്ടാണ് ഹെറോയിൻ വിതരണം ചെയ്യപ്പെടുന്നത്. കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിൻ ലാബുകളിൽ നിന്നാണ്. 

അമേരിക്കൻ സൈന്യം കൂടെയുണ്ടായിരുന്നിട്ടും നിയന്ത്രിക്കാൻ സാധിക്കാതിരുന്ന അനധികൃത ഹെറോയിൻ നിർമ്മാണത്തിന് ഇനി അവർ പൂർണ്ണമായും പിന്മടങ്ങിക്കഴിഞ്ഞ് എങ്ങനെ തടയിടും എന്ന ആശങ്ക അഫ്ഗാനിസ്ഥാൻ ഗവൺമെന്റിനുണ്ട്. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞത്, "താലിബാനികൾക്ക് മയക്കുമരുന്ന് ഉത്പാദിപ്പിക്കാൻ അറിയില്ലായിരുന്നു എങ്കിൽ എന്നേ തീരേണ്ട യുദ്ധമാണിത്" എന്നാണ്. ഒപ്പിയത്തിൽ നിന്ന് ഹെറോയിൻ ഉത്പാദിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യ മനസ്സിലാക്കിയത് ഭീകരവാദപ്രവർത്തനങ്ങൾക്ക് പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കാനുള്ള കെൽപ്പ് പകരുന്നുണ്ട്. അതിനെ നേരിടാൻ പ്രദേശത്തെ സർക്കാരിനോ ഭീകരവാദവിരുദ്ധ സേനകൾക്കോ ഒക്കെ എന്തുചെയ്യാൻ സാധിക്കും എന്നത് കാത്തിരുന്ന് കാണാം.  
 

Follow Us:
Download App:
  • android
  • ios