Asianet News MalayalamAsianet News Malayalam

നിഗൂഢമായ ഒരു തിരോധാനം, ദിവസങ്ങൾക്കുള്ളിൽ കണ്ടെടുക്കപ്പെട്ട മൃതദേഹം, പറഞ്ഞുകേൾക്കുന്ന കഥകൾ രണ്ടെണ്ണം

ഹൈവേയിൽ നിന്ന് 45 അടി മാറി, ഒരു സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കുഞ്ഞിന്റെ മൃതദേഹം വളരെ യാദൃച്ഛികമായി കണ്ടെടുക്കപ്പെട്ടു. ഒരു ട്രക്ക് ഡ്രൈവറാണ് ഇത് കണ്ടെത്തുന്നത്. ഏതാണ്ട് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു കുഞ്ഞു ചാൾസിന്റെ ശരീരം. 

An abduction through window, murder, and two different conspiracy theories
Author
New Jersey, First Published Mar 2, 2020, 12:33 PM IST

ചാൾസ് അഗസ്റ്റസ് ലിൻബർഗ് ജൂനിയർ. 1927 -ൽ, അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ ആദ്യമായി വിമാനം പറത്തിയ അമേരിക്കൻ വ്യോമയാന ചരിത്രത്തിലെ വീരനായകനായ ആൻ മോറോ ലിംബർഗിന്റെ ഇരുപതുമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ്. 1932 മാർച്ച് ഒന്നാം തീയതി രാവിലെ ഒമ്പതുമണിയോടെ ന്യൂ ജേഴ്സിയിലെ ഹോപ്പ്‌വെല്ലിലുള്ള സ്വന്തം വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ, സ്വന്തം തൊട്ടിലിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ടു. ഏകദേശം ഒരുമണിക്കൂർ നേരം കഴിഞ്ഞാണ് കുഞ്ഞിനെ കാണാനില്ല എന്ന കാര്യം കുഞ്ഞിനെ പരിചരിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ആയ ബെറ്റി അവന്റെ അച്ഛനെയും അമ്മയെയും അറിയിക്കുന്നത്. വിവരമറിഞ്ഞയുടൻ ആ ബംഗ്ളാവിന്റെ പരിസരത്തുള്ള പുരയിടം മുഴുവൻ അരിച്ചു പെറുക്കി നോക്കി ബന്ധുക്കൾ എങ്കിലും കുഞ്ഞിനെ കണ്ടുകിട്ടിയില്ല.
 

An abduction through window, murder, and two different conspiracy theories

 

അങ്ങനെ എല്ലാവരും പരിഭ്രാന്തിയിൽ നിൽക്കുമ്പോഴാണ് കുഞ്ഞിന്റെ കിടക്കയ്ക്കരികിൽ നിന്ന് 50,000 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് ഒരു കുറിപ്പ് കണ്ടെടുക്കപ്പെടുന്നത്. കേസിന്റെ അന്വേഷണം അധികം താമസിയാതെ ന്യൂ ജേഴ്സി പൊലീസ് നേരിട്ടേറ്റെടുത്തു. മുറിക്കുള്ളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫോറൻസിക്കുകാർ ചെളി പുരണ്ട ഷൂസിന്റെ അടയാളങ്ങൾ കണ്ടെത്തി. രണ്ടാം നിലയിലെ ജനാലയ്ക്കലേക്ക് കയറാൻ ഉപയോഗിച്ച കോണിയുടെ രണ്ടു ഭാഗങ്ങളും പൊലീസ് കണ്ടെടുത്തു. ആ ഏണി രണ്ടായി മുറിഞ്ഞ നിലയിലായിരുന്നു. ഇറങ്ങുമ്പോൾ ഏണി പൊട്ടിയതാകാന്‍ സാധ്യത കല്പിക്കപ്പെട്ടു. മുറിയിൽ നിന്ന് ചോരപ്പാടുകളോ വിരലടയാളങ്ങളോ ഒന്നും തന്നെ പൊലീസിന് കിട്ടിയില്ല. സ്ഥലത്തെത്തിയ അന്വേഷണ സംഘം ബംഗ്ലാവിലെ ജോലിക്കാരെയും കുഞ്ഞിന്റെ ആയ ബെറ്റിയെയും അച്ഛനമ്മമാരെയും ഒക്കെ ചോദ്യം ചെയ്തു. കേണൽ ലിൻബെർഗ് തന്റെ കുഞ്ഞിന്റെ അപഹരണവിവരം സുഹൃത്തുക്കൾ വഴി എത്താവുന്നിടത്തൊക്കെ എത്തിച്ച് അന്വേഷിക്കാൻ ശ്രമിച്ചു. നാട്ടിലുള്ള പലരിൽ നിന്നും നിർണായകമായ തുമ്പുകൾ എന്ന പേരിൽ വ്യാജമായ വിവരങ്ങൾ നിരന്തരം കിട്ടിക്കൊണ്ടിരുന്നു. ന്യൂ ജേർസിയെ വൈകാരികമായി ഏറെ പിടിച്ചു കുലുക്കിയ ഒരു അപഹരണമായിരുന്നു കുഞ്ഞു ചാൾസിന്റേത്. നാട്ടിലെ പെറ്റി ക്രിമിനലുകൾ മുതൽ അധോലോകബന്ധങ്ങൾ ഉള്ളവർ വരെ അന്വേഷണത്തിന് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്തിന് അന്ന് ജയിലിൽ കിടന്നിരുന്ന കുപ്രസിദ്ധ അണ്ടർ വേൾഡ് ഡോൺ അൽ കപ്പോണി വരെ ചാൾസിനെ കണ്ടെത്താൻ സഹായിക്കാം എന്ന വാഗ്ദാനവുമായി സന്ദേശം കൊടുത്തുവിട്ടു. തട്ടിക്കൊണ്ടു പോകപ്പെട്ടതിന്റെ അഞ്ചാം ദിവസം രണ്ടാമതൊരു സന്ദേശം കൂടി ലിൻബെർഗ് കുടുംബത്തെ തേടിയെത്തി. ഇത്തവണ മോചനദ്രവ്യം 70,000 ഡോളറാക്കി ഉയർത്തപ്പെട്ടിരുന്നു. ഡോക്ടർ കോൺഡൻ എന്ന ഒരു മധ്യസ്ഥൻ വഴി രണ്ടാമത്തെ നോട്ടിൽ പറഞ്ഞ തുക കൈമാറാൻ ധാരണയായി. പത്രത്തിലെ പരസ്യത്തിന്റെ രൂപത്തിലായിരുന്നു അന്ന് അപഹരണ കർത്താവ് ഡോ. കോൺഡനുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നത്. 

 

An abduction through window, murder, and two different conspiracy theories

 

മാർച്ച് 29 -ന്, ആയ ബെറ്റി എസ്റ്റേറ്റിന്റെ ഗേറ്റിനു സമീപത്തു കിടക്കുന്ന നിലയിൽ കുഞ്ഞിന്റെ തംബ് ഗാർഡ് കണ്ടെടുത്തു. അവസാനമായി കിടത്തിയുറക്കിയപ്പോൾ അവന്റെ കയ്യിലുണ്ടായിരുന്നതായിരുന്നു അത്. അപ്പോഴേക്കും തട്ടിക്കൊണ്ടു പോകപ്പെട്ട് ഒരുമാസം കഴിഞ്ഞിരുന്നു. എന്നിട്ടും കുഞ്ഞിനെ കിട്ടിയില്ല എന്ന് മാത്രമല്ല മോചനദ്രവ്യം ഓരോ തവണ കുറിപ്പ് കിട്ടുമ്പോഴും കൂട്ടിക്കൊണ്ടുവന്നു. പത്താമത്തെ കുറിപ്പിൽ തുക ഒരു ലക്ഷം ഡോളറായിരുന്നു. ഡോ. കോൺഡൻ അപഹർത്താക്കളുടെ പ്രതിനിധികളുമായി വിലപേശി ഒടുവിൽ 50,000 ഡോളർ കൈമാറി. ആ പണം കൈപ്പറ്റിയ അപരിചിതൻ കുഞ്ഞിനെ മസാച്ചുസെറ്റ്സിലെ മാർത്താസ് വൈൻ യാർഡിനു സമീപമുള്ള നെല്ലി എന്ന് പേരായ ബോട്ടിനുള്ളിൽ ഉപേക്ഷിച്ചിട്ടുണ്ട് എന്നെഴുതിയ ഒരു കുറിപ്പ്  ഡോക്ടർക്ക് കൈമാറി. അടുത്ത ദിവസം പറഞ്ഞ സ്ഥലത്ത് പൊലീസ് ചെന്ന് പരിശോധിച്ചെങ്കിലും കുഞ്ഞിനെ കിട്ടിയില്ല. 

മെയ് 12 -ന് ലിൻബെർഗ് ബംഗ്ലാവിന് അഞ്ചു മൈൽ അകലെ, ഹൈവേയിൽ നിന്ന് 45 അടി മാറി, ഒരു സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കുഞ്ഞിന്റെ മൃതദേഹം വളരെ യാദൃച്ഛികമായി കണ്ടെടുക്കപ്പെട്ടു. ഒരു ട്രക്ക് ഡ്രൈവറാണ് ഇത് കണ്ടെത്തുന്നത്. ഏതാണ്ട് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു കുഞ്ഞു ചാൾസിന്റെ ശരീരം. തല പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. തലയോട്ടിക്ക് ദ്വാരങ്ങൾ വീണിട്ടുണ്ടായിരുന്നു. അവന്റെ പല ആന്തരികാവയവങ്ങളും ശരീരത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. തലക്ക് അടിയേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞു. കൊലപാതകം നടന്നിട്ട് ചുരുങ്ങിയത് രണ്ടുമാസമെങ്കിലും കഴിഞ്ഞുകാണുമെന്നും കൊറോണർ സ്ഥിരീകരിച്ചു. ജോൺ എന്ന പേരുള്ള, മോചനദ്രവ്യം വാങ്ങാൻ വന്നയാളെ താൻ ഇനി കണ്ടാൽ തിരിച്ചറിയുമെന്ന്  ഡോ. കോൺഡൻ പറഞ്ഞു. ഡോക്ടറുടെ സഹായത്തോടെ അയാളുടെ ഒരു രേഖാചിത്രവും വരയ്ക്കപ്പെട്ടു അന്നുതന്നെ.

മെയ് 23 -ന് അന്വേഷണം എഫ്ബിഐയെ ഏല്പിക്കപ്പെട്ടു. മോചനദ്രവ്യമായി നൽകിയ തുകയുടെ സീരിയൽ നമ്പറുകൾ പൊലീസ് എഴുതിയെടുത്തിട്ടുണ്ടായിരുന്നു. ഈ നമ്പറുകൾ പ്രദേശത്തെ ബാങ്കുകൾക്കും, സൂപ്പർ മാർക്കറ്റുകൾക്കും പ്രധാന വില്പനശാലകൾക്കുമെല്ലാം കൈമാറപ്പെട്ടിരുന്നു. ആ പണം സർക്കുലേഷനിൽ വരുന്നുണ്ടെങ്കിൽ ഉടനടി എഫ്‌ബിഐയെ അറിയിക്കണം എന്നും കർശനമായ നിർദേശം ഉണ്ടായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊന്നവരെക്കുറിച്ച് വിവരം തരുന്നവർക്ക് 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. കുഞ്ഞുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്ന എല്ലാവരെയും ഏജൻസി കൊണ്ടുപിടിച്ച് ചോദ്യം ചെയ്യലുകൾക്കും ചിലരുടെ കാര്യത്തിൽ ഭേദ്യം ചെയ്യലിനും വരെ വിധേയമാക്കി. അക്കൂട്ടത്തിൽ ലിൻബെർഗ് ബംഗ്ലാവിലെ ഭൃത്യ വയലറ്റ്, അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന്റെ കടുപ്പം കാരണമുണ്ടായ മാനസിക വിഷമം താങ്ങാനാകാതെ വിഷം കഴിച്ച് ആത്മാഹുതി ചെയ്തു.  എന്നാൽ വയലറ്റിന് ഈ അപഹരണവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന് പിന്നീട് തെളിഞ്ഞു. 

 

An abduction through window, murder, and two different conspiracy theories

 

1934 സെപ്റ്റംബർ 15 -ന് അപ്പർ മാൻഹാട്ടനിലെ ലെക്സിങ്ടൻ അവന്യൂവിലുള്ള വാർണർ ക്വിൻലാൻ സർവീസ് സ്റ്റേഷനിലെ പെട്രോൾ ബങ്കിൽ ഒരു കടും നീല ഡോഡ്ജ് സെഡാൻ പെട്രോള്‍ നിറയ്ക്കാനെത്തി. പെട്രോൾ അടിച്ചു കഴിഞ്ഞപ്പോൾ അറ്റൻഡർ പറഞ്ഞു, "98 സെന്റ്സ് ആയി..." ഡ്രൈവർ ഒരു വെളുത്ത കവറിൽ നിന്ന്  നിന്ന് എടുത്തുനീട്ടിയത് 10 ഡോളറിന്റെ ഒരു നോട്ടായിരുന്നു. ആ നോട്ട് അങ്ങനെ അധികം സർക്കുലേഷനിൽ ഇല്ലാത്ത ഒന്നായിരുന്നു. അതൊരു ലയിൽ ഗോൾഡ് സർട്ടിഫിക്കറ്റ് ആയിരുന്നു. റൂസ്‌വെൽറ്റ് അധികാരത്തിൽ വന്ന ശേഷം പിൻവലിച്ച ആ നോട്ടുകൾ അധികമൊന്നും ഇനി സർക്കുലേഷനിൽ ബാക്കിയില്ലാത്തതായിരുന്നു. അതുകൊണ്ട് മാത്രമല്ല പെട്രോൾ ബങ്ക്‌ ജീവനക്കാരൻ അത് ശ്രദ്ധിച്ചത്. ഗോൾഡ് സർട്ടിഫിക്കറ്റുകൾ വ്യാപകമായ തട്ടിപ്പിന് ഉപയോഗിക്കപ്പെടുന്നുണ്ട് എന്നൊരു മുന്നറിയിപ്പ് പെട്രോൾ ബങ്കുടമ തന്റെ ജീവനക്കാർക്ക് നൽകിയിരുന്നു. അതുകൊണ്ട് ആ ഗോൾഡ് സർട്ടിഫിക്കറ്റിന്റെ മാർജിനിൽ അയാൾ ആ ഡോഡ്ജ് കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ കുറിച്ചിട്ടു.  

അടുത്ത ദിവസം ബങ്കിലെ കളക്ഷൻ ബാങ്കിൽ അടച്ചപ്പോഴാണ് ബാങ്കിലെ ഗുമസ്തൻ ആ ഞെട്ടിക്കുന്ന കാര്യം തിരിച്ചറിയുന്നത്. ഈ ഗോൾഡ് സർട്ടിഫിക്കറ്റ് ആ നൂറ്റാണ്ടിലെ ഏറ്റവും വലിയ അപഹരണവുമായി ബന്ധമുള്ളതാണ് എന്ന്. ചാൾസിന്റെ അപഹർത്താക്കൾക്ക് നൽകിയ മോചനദ്രവ്യത്തിലെ അടയാളപ്പെടുത്തപ്പെട്ട കറൻസിയുമായി ഈ സർട്ടിഫിക്കറ്റിന് ബന്ധമുണ്ട് എന്ന്. അതോടെ എഫ്ബിഐ നേരിട്ട് ഇടപെട്ടു. അവരോട് ബാങ്ക് ജീവനക്കാരൻ താൻ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കുറിച്ചെടുത്ത കാര്യം അറിയിച്ചു. അത് പിന്തുടർന്നുള്ള അന്വേഷണം ചെന്നെത്തിയത് ആ കാറിന്റെ ഉടമ ബ്രൂണോ റിച്ചാർഡ് ഹോപ്റ്റ്മാൻ എന്ന കാർപെന്ററിലാണ്. പണ്ട് ഈ മോചനദ്രവ്യം വാങ്ങാൻ വന്നയാളെപ്പറ്റി അന്ന് ഡോ. കോൺഡൻ ബ്യൂറോയ്ക്ക് നൽകിയ വിവരണത്തോട് ചേരുന്ന ശരീരപ്രകൃതിയായിരുന്നു ഹോപ്റ്റ്മാനും. അയാളുടെ വീട്ടിൽ എഫ്ബിഐ നടത്തിയ പരിശോധനയിൽ അതേ സീരീസിൽ പെട്ട 13750 ഡോളറിന്റെ നോട്ടുകൾ കണ്ടെത്തി. എന്നുമാത്രമല്ല അയാളുടെ കടും നീല ഡോഡ്ജ് സെഡാൻ ഈ അപഹരണം നടക്കുന്ന ദിവസം ബംഗ്ലാവിന്റെ പരിസരത്ത് പ്രദേശവാസികൾ കണ്ടു എന്ന് പറഞ്ഞിരുന്ന കാറിന്റെ വിവരണത്തോട് ചേരുന്നതുമായിരുന്നു.  

 

An abduction through window, murder, and two different conspiracy theories

 

ഹോപ്റ്റ്മാനെക്കൊണ്ട് എഫ്ബിഐ തങ്ങൾ കണ്ടെടുത്ത കുറിപ്പുകൾ വീണ്ടും എഴുതിച്ചു. ആ കയ്യക്ഷരങ്ങളും, ഹോപ്റ്റ്മാന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത അയാളുടെ ഡയറിയിലെ എഴുത്തും ഒക്കെ ആ ഒറിജിനൽ കുറിപ്പുകളുടെ കയ്യക്ഷരങ്ങൾ മാച്ച് ചെയ്യിക്കാനുള്ള പഠനങ്ങൾ നടന്നു. കയ്യക്ഷരങ്ങൾ രണ്ടും ഒന്നാണ് എന്ന് തെളിഞ്ഞു. ആശാരിയായിരുന്ന ഹോപ്റ്റ്മാൻ തന്റെ ഗാരേജിനുവേണ്ടി നിർമിച്ച ഏണിയുടെയും, അപഹരണം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത കോണിയുടെയും നിർമാണങ്ങൾ തമ്മിലും ശാസ്ത്രീയമായ താരതമ്യങ്ങൾ നടന്നു. രണ്ടും ഒരേ ഉപകരണങ്ങൾ കൊണ്ട് നിർമിച്ചവയാണ് എന്ന് തെളിഞ്ഞു. കോടതിയിൽ ഹോപ്റ്റ്‌മാന്റെ വക്കീലിന് പ്രോസിക്യൂഷന്റെ തെളിവുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ കോടതി 1935 ഫെബ്രുവരി  13 -ന് കോടതി ഹോപ്റ്റമാന് വധശിക്ഷ വിധിച്ചു. ഒക്ടോബറിൽ സുപ്രീം കോടതിയും വിധി ശരിവെച്ചു. 1936 ഏപ്രിൽ 3 -ന്, ചാൾസ് അഗസ്റ്റസ് ലിൻബർഗ് ജൂനിയറിനെ തട്ടിക്കൊണ്ടുപോയി വധിച്ച കുറ്റത്തിന്  ബ്രൂണോ റിച്ചാർഡ് ഹോപ്റ്റ്മാൻ വൈദ്യുതകസേരയിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ടു. 

 

An abduction through window, murder, and two different conspiracy theories

 

കേസിനെ സംബന്ധിച്ച് പ്രചരിച്ച രണ്ടാമത്തെ കഥ

വൈദ്യുതക്കസേരയിൽ മരണത്തെ അഭിമുഖീകരിക്കുന്ന നേരത്തും ഹോപ്റ്റ്മാൻ ആവർത്തിച്ചത് ഒരു കാര്യം മാത്രമാണ്. താൻ നിരപരാധിയാണ് എന്നത്. ഹോപ്റ്റ്മാൻ പറഞ്ഞത് ആരും തന്നെ വിശ്വസിക്കുന്നില്ല എങ്കിലും, നിഗൂഢമായ ഈ അപഹരണത്തെയും കുഞ്ഞു ചാൾസിന്റെ കൊലപാതകത്തെയും പറ്റി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളും പിന്നീട് പ്രചരിച്ചിരുന്നു. റിക്കറ്റ്സ് രോഗിയായ ചാൾസിനെ ഒഴിവാക്കാൻ വേണ്ടി അച്ഛൻ ലിൻബെർഗ് തന്നെ ഹോപ്റ്റ്‌മാനെ കരാർ ഏൽപ്പിച്ചതാണ് എന്ന ഒരു കഥപോലും അന്ന് പ്രചാരത്തിലുണ്ടായിരുന്നു. എന്തായാലും ഹോപ്റ്റ്മാന്റെ വധശിക്ഷ നടപ്പിലായതോടെ ആ സാദ്ധ്യതകൾ ഒക്കെ അവിടെ അവസാനിച്ചു. താമസിയാതെ ഈ കേസും വിസ്മൃതിയിൽ മറയുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios