ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഈ മേഖലയ്ക്കു തന്നെയും ഭീഷണിയാണ് പാക് താലിബാന്റെ ശ്രമങ്ങള്‍ എന്നാണ് വിലയിരുത്തല്‍. 

സര്‍ക്കാറുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍നിന്നും പാക് താലിബാന്‍ പിന്‍മാറിയതോടെ, പാക്കിസ്താന്റെ ഗോത്രവര്‍ഗ മേഖലകള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. ഒരു മാസം മുമ്പാണ്, അഫ്ഗാനിസ്താനിലെ താലിബാന്റെ മധ്യസ്ഥതയില്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാറും പാക് താലിബാനുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയത്. കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ച് പാക് താലിബാന്‍ കരാറില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു. യുദ്ധത്തിന്റെ വഴിയല്ലാതെ മറ്റ് മാര്‍ഗമില്ല എന്നാണ് പാക് താലിബാന്‍ വക്താവ് ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്. 

ആരാണ് തെഹ്‌രീകെ താലിബാന്‍ പാക്കിസ്താന്‍? 
അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്ത താലിബാനില്‍നിന്നും വേറിട്ടാണ് തെഹ്‌രീകെ താലിബാന്‍ പാക്കിസ്താന്‍ പ്രവര്‍ത്തിക്കുന്നത്. പാക്കിസ്താനില്‍ അധികാരം പിടിച്ചടക്കുകയാണ് അവരുടെ ലക്ഷ്യം. അഫ്ഗാന്‍ മാതൃകയില്‍ പാക്് ഭരണം പിടിച്ചടക്കി ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകളായി ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാലളവിനിടെ ഇവര്‍ ആയിരക്കണക്കിന് പാക് സൈനികരെ കൊന്നൊടുക്കുകയും സിവിലിയന്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. അതിനിടെ, പല തവണ പാക്കിസ്താന്റെ വലിയ പ്രദേശങ്ങള്‍ ഇവര്‍ പിടിച്ചടക്കുകയും ചെയ്തു. 

വടക്കു പടിഞ്ഞാറന്‍ മേഖലയിലെ സ്വാത് താഴ്‌വര വര്‍ഷങ്ങളോളം ഇവരുടെ പിടിയിലായിരുന്നു. അമേരിക്കയുടെ സഹായത്തോടെ പാക് സൈന്യം നടത്തിയ രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയാണ് അന്ന് സ്വാത് താഴ്‌വര പിടിച്ചടക്കിയത്. ആയിരക്കണക്കിന് സിവിലിയന്‍മാര്‍ അടക്കം കൊല്ലപ്പെട്ട സ്വാത് യുദ്ധത്തിനു ശേഷവും പാക് താലിബാന്‍ മറ്റിടങ്ങളില്‍ ശക്തമായി തുടരുകയാണ്. നോബല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായിയെ കൊല ചെയ്യാന്‍ ശ്രമിച്ചതടക്കം അനേകം കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ഉള്ളത്. 


താലിബാന്‍ വെടി നിര്‍ത്തല്‍ നിര്‍ത്തിയത് എന്തിന്?

അതിനിടെ, അഫ്ഗാനിസ്താനില്‍ അമേരിക്കയുടെ പിന്‍മാറ്റമുണ്ടാവുകയും ആ ഒഴിവില്‍ താലിബാന്‍ ഭരണകൂടത്തെ കടപുഴക്കുകയും ചെയ്തു. ഇത് പാക് താലിബാന് വലിയ പ്രചോദമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒതുങ്ങിപ്പോയ പാക് താലിബാന്‍ ഇതിനുശേഷം ഏകോപിക്കുകയും സര്‍ക്കാറിനെതിരെ ആക്രമണം കടുപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്താനിലേതുപോലെ പാക് ഭരണം പിടിച്ചടക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പാക് സൈന്യത്തിനെതിരെ ആക്രമണം കടുത്ത സാഹചര്യത്തിലാണ് അഫ്ഗാനിസ്താനിലെ താലിബാന്റെ സഹായത്തോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഒരു മാസം ആവുമ്പോള്‍ തന്നെ കരാര്‍ പാലിക്കില്ലെന്ന് വ്യക്തമാക്കി വെടിനിര്‍ത്തല്‍ ലംഘിച്ചിരിക്കയാണ് പാക് താലിബാന്‍. 

കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പറഞ്ഞാണ് പാക് താലിബാന്‍ ഇപ്പോള്‍ വെടിനിര്‍ത്തലില്‍നിന്നും പിന്‍വാങ്ങിയത്. 100 താലിബാന്‍ തടവുകാരെ മോചിപ്പിക്കുക, കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മധ്യസ്ഥ സംഘത്തെ നിയോഗിക്കുക എന്നീ കാര്യങ്ങളായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് താലിബാന്‍ കുറ്റപ്പെടുത്തുന്നത്. അതോടൊപ്പം, വെടിനിര്‍ത്തലിന്റെ മറവിലും പാക് സൈന്യം തങ്ങള്‍ക്കെതിരെ ആക്രമണം തുടരുകയാണെന്നും താലിബാന്‍ ഇതിനു കാരണമായി പറയുന്നു. എന്നാല്‍, പാക് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

പാക്കിസ്താന്‍ താലിബാന്റെ ലക്ഷ്യം എന്താണ്? 

അഫ്ഗാന്‍ മാതൃക പിന്തുടര്‍ന്ന് സായുധ പോരാട്ടത്തിലൂടെ പാക് മേഖലകള്‍ പിടിച്ചടക്കി പതിയെ സര്‍ക്കാറിനെ താഴെയിറക്കുകയാണ് പാക് താലിബാന്റെ ലക്ഷ്യം. പുതിയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് പാക് താലിബാന്റെ വിലയിരുത്തല്‍. അഫ്ഗാനിസ്താനിലെ താലിബാന്റെ സഹായം തങ്ങള്‍ക്ക് ലഭിക്കുമെന്നും ആ സഹായത്തോടെ പാക്കിസ്താന്‍ പിടിക്കാനാവുമെന്നുമാണ് പാക് താലിബാന്‍ കരുതുന്നത്. 

ഇതിനായി അഫ്ഗാനിസ്താനില്‍ തന്നെയുള്ള അല്‍ ഖാഇദ, ഐസിസ് എന്നീ സംഘങ്ങളുടെ സഹായവും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് അവരുടെ ധാരണ. അഫ്ഗാനിസ്താനിലെ താലിബാന്‍ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളും പഴയതുപോലെ ഇടപെടില്ലെന്നും പാക് താലിബാന്‍ കരുതുന്നു. ഇംറാനെതിരെ രൂപം കൊണ്ട യാഥാസ്ഥിതിക കക്ഷികളുടെ പിന്തുണയോടെ രാഷ്ട്രീയമായ ദുര്‍ബലമായ പാക്കിസ്താന്‍ സര്‍ക്കാറിനെ മറിച്ചിടാനാണ് ഇപ്പോള്‍ അവരുടെ ശ്രമം. 

അതിന്റെ ഭാഗമായാണ് വെടിനിര്‍ത്തലില്‍നിന്നുള്ള പിന്‍മാറ്റം എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പാക്കിസ്താനിലെ ഈ സംഭവവികാസങ്ങള്‍ അയല്‍രാജ്യങ്ങള്‍ കരുതലോടെയാണ് കാണുന്നത്. ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഈ മേഖലയ്ക്കു തന്നെയും ഭീഷണിയാണ് പാക് താലിബാന്റെ ശ്രമങ്ങള്‍ എന്നാണ് വിലയിരുത്തല്‍. 

ഇംറാന്‍ ഖാന്റെ അഫ്ഗാന്‍ നയത്തിനുപിന്നിലെന്ത്?

ഈ ഭീഷണി മുന്‍കൂട്ടിക്കണ്ടാണ്, അഫ്ഗാനിസ്താനിലെ താലിബാനോടുള്ള പഴയ നിലപാട് ഇംറാന്‍ സര്‍ക്കാര്‍ മാറ്റിയതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതോടെ ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ താലിബാന്‍ വിരുദ്ധ സമീപനം സ്വീകരിച്ചപ്പോള്‍ ഇംറാന്‍ സര്‍ക്കാറാണ് അവര്‍ക്ക് അനുകൂലമായി നിന്നത്. 

തുടക്കം മുതല്‍ താലിബാനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഇംറാന്‍ ഖാന്‍ സ്വീകരിച്ചത്. ലോകരാജ്യങ്ങള്‍ എതിര്‍നിലപാട് സ്വീകരിച്ചപ്പോള്‍ അഫ്ഗാന്‍ താലിബാനെ സഹായിക്കാന്‍ പാക് സര്‍ക്കാര്‍ ആദ്യമേ മുന്നിട്ടിറങ്ങി. അഫ്ഗാന്‍ താലിബാനുമായി നല്ല ബന്ധം പുലര്‍ത്താനും ഇതുവഴി ഇംറാന്‍ സര്‍ക്കാറിന് കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയായാണ് അവരെ ഉപയോഗിച്ച് ഇംറാന്‍ പാക് താലിബാനെ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചത്. പാക് താലിബാന് അഫ്ഗാനിസ്താനില്‍നിന്നുള്ള പിന്തുണ ഇല്ലാതാക്കാനും അതുവഴി അവരെ ഒറ്റപ്പെടുത്താനും തങ്ങള്‍ക്ക് കഴിയുമെന്നാണ് പാക് സര്‍ക്കാറിന്റെ വിശ്വാസം. ഇതു മുന്‍കൂട്ടിക്കണ്ടാണ് വെടിനിര്‍ത്തല്‍ കരാറില്‍നിന്നും പാക് താലിബാന്‍ പിന്‍മാറിയതെന്നു കരുതുന്നു.