ഇത്രയും ഉയർന്ന നിലവാരമുള്ള നഗരത്തെ വിദേശ രാജ്യങ്ങളുമായി സ്ഥിരം താരതമ്യപ്പെടുത്തുന്നതിന് പകരം ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി ഇനിയും വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു.

വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിമിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. സിക്കിമിന്റെ പൗരബോധത്തെയും ശുചിത്വത്തെയും തിളക്കമാർന്ന ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സംസ്ഥാനത്തെ വിദേശ രാജ്യങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്യരുത്. സ്വന്തം നിലയിൽ ആദരിക്കുകയും പ്രശംസിക്കുകയും ചെയ്യണമെന്നും ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ. സിക്കിമിനെ പലപ്പോഴും ജാപ്പനീസ് നഗരങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്.

ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ സത്യജീത് ദഹിയ പങ്കുവെച്ച വൈറൽ വീഡിയോയോട് പ്രതികരിക്കുകയായിരുന്നു ആനന്ദ് മഹീന്ദ്ര. സിക്കിമിലെ വൃത്തിയുള്ള തെരുവുകൾ, ചിട്ടയായ പാർക്കിംഗ്, മികച്ച രീതിയിൽ പരിപാലിക്കുന്ന പൊതു ഇടങ്ങൾ എന്നിവയെല്ലാം കാണിച്ചു തരുന്ന മനോഹരമായ ദൃശ്യങ്ങളാണ് സത്യജിത് ദഹിയ പങ്കുവെച്ചത്. ഇത്രയും ഉയർന്ന നിലവാരമുള്ള നഗരത്തെ വിദേശ രാജ്യങ്ങളുമായി സ്ഥിരം താരതമ്യപ്പെടുത്തുന്നതിന് പകരം ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി ഇനിയും വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു.

Scroll to load tweet…

നമ്മുടെ മാതൃകാ സംസ്ഥാനങ്ങളെ ഇന്ത്യക്കാർ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ. ഒരു പ്രദേശത്തിൻറെ വൃത്തിയും ഭംഗിയും മനോഹാരിതയും അളക്കാൻ വിദേശത്തേക്ക് നോക്കേണ്ട ആവശ്യമില്ല. ഈ അച്ചടക്കമുള്ള മാതൃക ഇന്ത്യയുടെ സാധ്യതകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ജപ്പാനെപ്പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യാതെ തന്നെ ഇത് അഭിനന്ദനം അർഹിക്കുന്നു എന്നും മഹീന്ദ്ര വാദിച്ചു.

ജനസംഖ്യയിലും വലിപ്പത്തിലും പിന്നിലുള്ള സിക്കിം ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതാണ്. ബുദ്ധാശ്രമങ്ങളും പർവ്വതങ്ങളും താഴ്വരകളും തടാകങ്ങളും തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കാൻ നിരവധി ഇടങ്ങൾ ഇവിടെ ഉണ്ട്. ജൈവകൃഷിരീതികളും സുസ്ഥിരമായ ജീവിതശൈലികളും സിക്കിമിന്റെ പ്രത്യേകതയാണ്.