Asianet News MalayalamAsianet News Malayalam

ആനന്ദ് പാൽ സിംഗ്, അധോലോക നായകനിൽ നിന്ന് റോബിൻഹുഡായി മാറിയ ഒരു അഭ്യസ്തവിദ്യൻ

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച്, കയ്യിൽ എകെ 47 തോക്കും നെഞ്ചിനുകുറുകെ വെടിയുണ്ടകൾ കോർത്ത ബെൽറ്റും ഒക്കെയായി ആകെ ഹോളിവുഡ് സ്റ്റൈലിൽ ആയിരുന്നു അന്നൊക്കെ ആനന്ദ് പാൽ സിംഗിന്റെ നടത്തം.

Anand pal singh life  from an educated youngster to gangster to robinhood
Author
Rajasthan, First Published Jun 29, 2020, 11:00 AM IST

ആനന്ദ് പാൽ സിംഗ് എന്ന ഗ്യാങ്‌സ്റ്റർ മറ്റുള്ള അധോലോക നായകന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു. നിയമത്തിൽ ബിരുദം നേടിയിരുന്ന അയാൾ അതിനു പുറമെ ബിഎഡും പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ, അഭ്യസ്തവിദ്യനായിരുന്നിട്ടും ആനന്ദ് പാൽ സിംഗ് എന്ന രാജസ്ഥാൻ സ്വദേശി തെരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നിട്ടുകൂടി അയാൾ വെടിപൊട്ടുന്ന സ്വരത്തിൽ ഇംഗ്ലീഷിൽ അനിർഗ്ഗളമായി സംസാരിച്ച് ആരുടേയും വായടച്ചിരുന്നു. തനിക്കുചുറ്റും ഒരു 'റോബിൻഹുഡ്' പരിവേഷം വാർത്തെടുക്കുന്നതിൽ അയാൾ വിജയിച്ചിരുന്നു. എന്നിട്ടെന്തായി, ഒടുവിൽ പൊലീസിന്റെ എൻകൗണ്ടറിൽ കൊല്ലപ്പെടാനായിരുന്നു അയാളുടെ നിയോഗം.ആയുഷ്കാലം മുഴുവൻ പൊലീസിന്റെ ഉറക്കം കെടുത്തിയ ആനന്ദ് പാൽ സിംഗ് എന്ന ഗ്യാങ്‌സ്റ്റർ, ഒടുവിൽ രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ(SOG) ഒരു വർഷം നീണ്ട വേട്ടയാടലിനൊടുവിൽ എൻകൗണ്ടറിൽ കൊല്ലപ്പെട്ടപ്പോൾ സംസ്ഥാനത്തെ സർക്കാർ പോലും ഒന്നാടിയുലഞ്ഞു.

 

Anand pal singh life  from an educated youngster to gangster to robinhood

 

സൊഹ്റാബുദ്ദീൻ എൻകൗണ്ടർ കേസിൽ ഏഴുവർഷം ജയിലിൽ കിടന്നിട്ടുള്ള ദിനേശ് എംഎൻ ഐപിഎസ് എന്ന SOG ഐജിയാണ് പിടികൂടുക അസാധ്യം എന്നുതന്നെ കരുതിയിരുന്ന ഈ ക്രിമിനലിനെ പിന്നാലെ കൂടി ഒടുവിൽ എൻകൗണ്ടറിൽ തീർത്തുകളഞ്ഞത്. 2015 -ൽ നാഗോറിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ സുരക്ഷാ ചുമതലയുണ്ടായിരുന്ന കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്നു കടന്നുകളഞ്ഞ ശേഷം വല്ലാത്തൊരു ഭീതി അയാളെച്ചുറ്റിപ്പറ്റി പോലീസുകാർക്കിടയിൽപോലും ഉണ്ടായിരുന്നു . അതുകൊണ്ട് വിവിധ ജില്ലകളിൽ നിന്നുള്ള പൊലീസുകാരുടെ ഒരു ദൗത്യസംഘമുണ്ടാക്കിയാണ് ഈ പിടികിട്ടാപ്പുള്ളിയെ ദിനേശ് എംഎൻ വിടാതെ പിന്തുടർന്നത്. രണ്ടുവർഷത്തെ നിരന്തരമായ ഓപ്പറേഷനിടെ 80 അധോലോക ക്രിമിനലുകളെ ഈ സംഘം അറസ്റ്റുചെയ്തു. 100  കോടിയിൽ പരം വരുന്ന ബിനാമി സ്വത്തുവകകൾ അറ്റാച്ച് ചെയ്‌തു. ഒടുവിൽ ആനന്ദ് പാൽ സിങിനെ കയ്യിൽ കിട്ടിയപ്പോഴോ അയാളെ ഈ ദൗത്യസംഘം എൻകൗണ്ടർ എന്ന് വരുത്തി വെടിവെച്ചു കൊന്നുകളയുകയും ചെയ്തു.

 

Anand pal singh life  from an educated youngster to gangster to robinhood

 

കഴിഞ്ഞ ദിവസം സിബിഐ ആ എൻകൗണ്ടർ കൊലപാതകത്തിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രത്തിൽ എൻകൗണ്ടറിനു ശേഷം നടന്ന അക്രമങ്ങളിൽ പങ്കെടുത്തവരെക്കൂടി പ്രതി ചേർത്തിട്ടുണ്ട്. അക്രമത്തിൽ പങ്കെടുത്തതിന് ചാർജ് ഷീറ്റിൽ പേര് വന്നവരിൽ രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ മുതൽ ആനന്ദ് പാൽ സിങിന്റെ മകൾ വരെയുണ്ട്. ഈ അധോലോകനായകനെ വെള്ളപൂശാൻ മിനക്കെട്ടുനടന്നിരുന്ന രജപുത്ര നേതാക്കളുടെ സമ്മർദ്ദം മൂത്താണ് എൻകൗണ്ടെറിന്മേൽ സിബിഐ അന്വേഷണമുണ്ടായത്. മരണത്തോടെ റോബിൻഹുഡ് പ്രതിച്ഛായയിലേക്കുള്ള ആനന്ദ് പാൽ സിങിന്റെ ആരോഹണം പൂർത്തിയായിരുന്നു. അയാളെ പൊലീസ് നിയമത്തിനു വിട്ടുകൊടുക്കാതെ എൻകൗണ്ടർ ചെയ്ത കൊന്നുകളഞ്ഞതോടെ ഇളകിമറിഞ്ഞ് അക്രമം നടത്തിയവരിൽ ഭൂരിഭാഗവും ആ റോബിൻഹുഡിന്റെ ആരാധകരുമായിരുന്നു. എങ്ങനെയാണ് ഒരു ക്രിമിനലിന് ജനങ്ങളുടെ പ്രീതിപിടിച്ചുപറ്റി ഇത്തരം ഒരു പ്രതിച്ഛായ ആർജ്ജിച്ചെടുക്കാൻ സാധിക്കുന്നത് ? എങ്ങനെയാണ് ആനന്ദ് പാൽ സിംഗ് എന്ന 'ആരാധ്യനായ' ഗ്യാങ്‌സ്റ്റർ ജനിക്കുന്നത്?  

പഠിപ്പിസ്റ്റായ ഒരു പയ്യൻ

രാജസ്ഥാനിലെ ദിദ്വാനാ ജില്ലയിലുള്ള സാംവ്റാദ് ഗ്രാമത്തിൽ 'എത്ര പഠിക്കാമോ, അത്രയും പഠിക്കണം' എന്നാഗ്രഹിച്ചിരുന്ന ഒരു പാവം പയ്യനുണ്ടായിരുന്നു. ആ കൗമാരക്കാരന്റെ സുഹൃത്തുക്കളിൽ പലരും ഡ്രൈവറാകണം, എഞ്ചിനീയർ ആകണം, ഡോക്ടറാകണം എന്നൊക്കെ പറഞ്ഞപ്പോൾ അവൻ പറഞ്ഞത് 'എനിക്ക് ഒരു മാഷാവണം' എന്നായിരുന്നു. എന്നിട്ട് ഗ്രാമത്തിലെ പഠിക്കാനാവാത്ത കുട്ടികളെ ഒക്കെ പഠിപ്പിക്കണം. അതായിരുന്നു അവന്റെ ആഗ്രഹം. എന്നാൽ യൗവ്വനാരംഭത്തിൽ ആ പയ്യന് പ്രദേശത്തെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടി വന്നു. അവന്റെ ജീവിതത്തിലേക്ക് രാഷ്ട്രീയം ഇടപെടലുകൾ നടത്തി എന്ന് പറയുന്നതാവും നല്ലത്. ആ ഇടപെടലുകൾ അവനെ പ്രദേശത്തെ ഏറ്റവും ഭീകരനായ ഗ്യാങ്‌സ്റ്റർ ആക്കി മാറ്റുന്നതിലാണ് ചെന്നവസാനിച്ചത്.

 

Anand pal singh life  from an educated youngster to gangster to robinhood

 

പൊലീസ് റെക്കോർഡുകളിൽ കൊടും ക്രിമിനൽ എന്ന് രേഖപ്പെടുത്തപ്പെട്ടിരുന്ന ആനന്ദ് പാൽ സിങിന് പാവങ്ങൾക്കിടയിൽ ഒരു 'കായംകുളം കൊച്ചുണ്ണി' പരിവേഷമായിരുന്നു. അരഡസൻ കൊലപാതകങ്ങൾ, 36 ക്രിമിനൽ കേസുകൾ ഇത്രയുമുണ്ടായിരുന്നിട്ടും ഇയാളെ ജനം ഒരു വീരപരിവേഷത്തോടെ കണ്ടതിനുപിന്നിൽ രാജസ്ഥാനിൽ ഇന്നും നിലനിൽക്കുന്ന ജാതി അക്രമങ്ങളാണ് കാരണം. രജപുത്രർക്കും ജാട്ട് സമുദായത്തിലുള്ള കർഷകർക്കും ഇടയിലുള്ള ജാതീയമായ സംഘർഷങ്ങളാണ് ആനന്ദ് പാൽ സിംഗ് എന്ന ക്രിമിനലിനെ വാർത്തെടുത്തത്. കോൺഗ്രസിനൊപ്പം ചേർന്ന് ജാട്ട് സമുദായക്കാർ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്തതോടെ രാജപുത്രർക്ക് നേരെയുള്ള ജാട്ട് അക്രമങ്ങളും വർദ്ധിച്ചുവന്നു. 1999 -ൽ അവർക്ക് ഒബിസി പരിഗണന കൂടി കിട്ടിയപ്പോൾ പഞ്ചായത്ത് ഭരണത്തിൽ അവരുടെ പ്രാതിനിധ്യം പിന്നെയും വർധിച്ചു. അവിടെ ഭൂമാഫിയയും അനധികൃത മദ്യവില്പനയും നടത്തിയിരുന്ന സംഘങ്ങൾക്കിടയിൽ ജാത്യാധിഷ്ഠിത സംഘർഷങ്ങൾ തുടർക്കഥയായി.

രജപുത്രരുടെ രക്ഷകനായിട്ടാണ്  ആനന്ദ് പാൽ സിംഗ് അവതരിക്കുന്നത്. 2000 -ൽ ഗ്രാമത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട്, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലാണ് ആനന്ദ് പാൽ സിംഗ് ആദ്യം പ്രശസ്തിയാർജ്ജിക്കുന്നത്. 2006 ആയപ്പോഴേക്കും സിംഗിന്റെ അച്ഛനും സഹോദരനും അടക്കം കുടുംബത്തിലെ മൂന്നുപേർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിക്കഴിഞ്ഞിരുന്നു. രാഷ്ട്രീയത്തിനു വേണ്ട പണമുണ്ടാക്കാനാണ് അയാൾ സ്പിരിറ്റ് കടത്തിലേക്ക് കടന്നുന്നത്. അനധികൃത മദ്യക്കടത്താണ് അതുമായി ബന്ധപ്പെട്ടുകിടക്കുന്ന അക്രമത്തിന്റെ ലോകത്തേക്ക് ആനന്ദ് പാൽ സിങിനെ കൈപിടിച്ച് കയറ്റുന്നത്. രജപുത്രരുടെ അഭിമാനം കാക്കാനുള്ള ഒരു പ്രതികാരക്കൊല ആയിരുന്നു ആദ്യത്തെ അക്രമം. ഒരു രജപുത്രനായിരുന്ന മദൻ സിംഗിനെ തലക്ക് കല്ലുകൊണ്ടിടിച്ച് ക്രൂരമായി കൊന്ന ജാട്ട് സമുദായത്തിൽ പെട്ട, തനിക്ക് പരിചിതനായിരുന്ന ജീവൻറാമിനെയാണ് ആനന്ദ് പാൽ സിംഗ് വധിച്ചത്. അതോടെ അയാൾ രാജപുത്രരുടെ ഹീറോ ആയി മാറി. തന്നോട് കോർക്കാൻ വന്ന രണ്ടു ജാട്ട് ഗ്യാങ്‌സ്റ്റർമാരെ കൊന്നുതള്ളിയതോടെ അയാളുടെ പ്രസിദ്ധി ഇരട്ടിച്ചു. പിന്നെയും, നിരവധി ജാട്ട് ഗ്യാങ്സ്റ്റർമാർ സിങിനോട് മുട്ടി ഗുരുതരമായ പരിക്കുകളേറ്റ് പിന്മടങ്ങി. ജയിൽ സിംഗിന്റെ തറവാടായി മാറി. 2014 -ൽ ബിക്കാനീർ ജയിലിൽ വെച്ച് ഒരു ജാട്ട് ജയിലർ വഴി സിംഗിനെ വധിക്കാൻ ശ്രമം നടക്കുന്നെങ്കിലും സിങ് അതിനെ അതിജീവിച്ചു.

2015 -ൽ വിചാരണക്കോടതിയിലേക്കുള്ള യാത്രാമധ്യേ കൂടെയുണ്ടായിരുന്ന പൊലീസുകാർക്കെല്ലാം മയക്കുമരുന്നു കലർന്ന മധുരപലഹാരം നൽകി മയക്കിയ ശേഷം, വഴിയിൽ വെച്ച് ആ വാഹനം തടഞ്ഞ് ആനന്ദ് പാൽ സിങിനെ സംഘാംഗങ്ങൾ അയാളെ മോചിപ്പിക്കുന്നു. ഈ അക്രമത്തിൽ ഒരു പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെടുന്നു. അടുത്ത രണ്ടുവർഷം സിങിന്റെ സ്വൈരവിഹാരമാണ് സംസ്ഥാനത്ത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച്, കയ്യിൽ എകെ 47 തോക്കും നെഞ്ചിനുകുറുകെ വെടിയുണ്ടകൾ കോർത്ത ബെൽറ്റും ഒക്കെയായി ആകെ ഹോളിവുഡ് സ്റ്റൈലിൽ ആയിരുന്നു അന്നൊക്കെ ആനന്ദ് പാൽ സിംഗിന്റെ നടത്തം. എന്നാൽ എന്തൊക്കെ മുൻകരുതലുകൾ എടുത്തിട്ടും ഒടുവിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ അയാൾക്ക് സാധിച്ചില്ല.

ആനന്ദ് പാൽ സിംഗ് എന്ന ഗ്യാങ്സ്റ്ററിന്റെ കഥ രാജസ്ഥാനിൽ യുവാക്കൾക്ക് ഒരു മുന്നറിയിപ്പ് എന്നപോലെയാണ് ഇന്നും ആവർത്തിക്കപ്പെടുന്നത്.  കാറ്റിന്റെ വേഗത്തിൽ വാഹനം പറത്തുന്ന, ഒറ്റ സ്റ്റെപ്പിൽ 150 പുഷ് അപ്പ്സ് എടുക്കുന്ന റാംബോ ഇമേജ് ഒരുവശത്ത് യുവാക്കളെ പ്രചോദിപ്പിക്കുമ്പോൾ തന്നെ, രാഷ്ട്രീയത്തിലിറങ്ങാതെ, അക്രമം പ്രവർത്തിക്കാതെ, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതെ, ജാത്യാഭിമാനക്കൊലകൾ നടത്താതിരുന്നെങ്കിൽ ഇന്ന്  ഏതെങ്കിലും സർവകലാശാലകളിൽ പ്രൊഫ. ആനന്ദ് പാൽ സിംഗ് എന്നപേരിൽ കുട്ടികളെ പഠിപ്പിക്കുമായിരുന്നു അയാൾ എന്ന് നെടുവീർപ്പിടാറുണ്ട് ചിലരെങ്കിലും.

Anand pal singh life  from an educated youngster to gangster to robinhood

സീ 5 -ൽ ടെലികാസ്റ്റ് ചെയ്യപ്പെട്ട 'രംഗ്‌ബാസ് ഫിർസെ' എന്ന വെബ് സീരീസ് ഏറെ ജനപ്രിയമായ ഒന്നാണ്. അതിലെ പല ഡയലോഗുകളും മാസ് സീനുകളും ജനം ഏറ്റെടുത്തതാണ്.  ആ വെബ് സീരീസിലെ നായകന്റെ പേര് അമർ പാൽ സിംഗ് എന്നാണ്. കഥ ആനന്ദ് പാൽ സിംഗിന്റേതു തന്നെ. മാഷാവാൻ കൊതിച്ച്, കുറ്റകൃത്യങ്ങൾ ചെയ്ത് അറപ്പുമാറി, പൊലീസിന്റെ കൈകൊണ്ട് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ശേഷം റോബിൻഹുഡ് പരിവേഷമാർജ്ജിച്ച ഒരു അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്റെ കഥ..! 

Follow Us:
Download App:
  • android
  • ios