Asianet News MalayalamAsianet News Malayalam

മനുഷ്യരെങ്ങനെയിത്ര ക്രൂരന്മാരാകുന്നു? വെള്ള ജിറാഫ് മുതല്‍ പിഗ്മി ആന വരെ, വന്യജീവികളെ കൊന്നൊടുക്കുന്ന ലോകം

കഴിഞ്ഞ മാസമാണ് നൈജീരിയയില്‍നിന്ന് ഒരു വീഡിയോ വൈറലായത്. ആരുടെയും ഹൃദയം തകര്‍ക്കാന്‍ പോന്നൊരു വീഡിയോ ആയിരുന്നു അത്. പലരും തുറന്നുനോക്കിയതല്ലാതെ വേദന കാരണം തുടര്‍ന്നുകണ്ടില്ല. 

animals going to extinct who is the reason?
Author
Thiruvananthapuram, First Published Mar 12, 2020, 12:48 PM IST

വേട്ടക്കാരും കാട്ടുകള്ളന്മാരും ചേര്‍ന്ന് കാട്ടുമൃഗങ്ങളെ ഇല്ലാതാക്കുന്ന വാര്‍ത്ത പുതിയതല്ല. മനുഷ്യരുടെ ക്രൂരതക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാത്തവരായി മറ്റു ജീവികള്‍ മാറുകയാണ്. ഇത് ഏറെയും ബാധിക്കുന്നത് വംശനാശഭീഷണി നേരിടുന്ന ജീവികളെയാണ്. കഴിഞ്ഞ ദിവസമാണ് കെനിയയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ വെള്ള ജിറാഫിനെ വേട്ടക്കാര്‍ വെടിവെച്ചുകൊന്നത്. ആകെ മൂന്നു വെള്ള ജിറാഫാണ് ശേഷിച്ചിരുന്നത്. അതില്‍ അമ്മയേയും കുട്ടിയെയും വേട്ടക്കാര്‍ കൊന്നതോടെ ഇനി ലോകത്ത് ശേഷിക്കുന്നത് ഒരേയൊരു ആണ്‍ വെള്ള ജിറാഫ് മാത്രമാണ്. 

ഈ വെള്ള ജിറാഫ് ശ്രദ്ധിക്കപ്പെടുന്നത് ആദ്യമായി കണ്‍സര്‍വന്‍സിയില്‍നിന്നുള്ള അവയുടെ ചിത്രങ്ങള്‍ പുറത്തു വരുന്നതോടുകൂടിയാണ്. 2017 -ലായിരുന്നു ഇത്. പിന്നീട് ഈ ജിറാഫ് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കി. അതില്‍ അവസാനത്തെ കുട്ടി പിറക്കുന്നത് കഴിഞ്ഞ ആഗസ്‍തിലാണ്. ലിസിയമെന്ന ശാരീരികാവസ്ഥയാണ് ഈ ജിറാഫുകളുടെ വെള്ളനിറത്തിന് കാരണം. കൊല്ലപ്പെടുന്നതിനു മൂന്നുമാസം മുമ്പും ഇവയെ സംരക്ഷിതവനത്തില്‍ കണ്ടിരുന്നു. സംഭവത്തില്‍ കെനിയ വൈല്‍ഡ് ലൈഫ് സൊസൈറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കിഴക്കൻ കെനിയയിലെ ഗാരിസയിലാണ് ഈ രണ്ട് ജിറാഫുകളുടെയും അസ്ഥികൂടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചതെന്ന് ഇഷഖ്ബിനി ഹിരോള കമ്മ്യൂണിറ്റി കണ്‍സര്‍വന്‍സി തങ്ങളുടെ പ്രസ്‍താവനയില്‍ പറഞ്ഞിരുന്നു. മാംസത്തിനും തൊലിക്കും വേണ്ടി ജിറാഫുകളെ കൊല്ലുന്നത് വര്‍ധിച്ചുവരികയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനകത്തുതന്നെ ജിറാഫുകളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ആഫ്രിക്കന്‍ വൈല്‍ഡ് ഫൗണ്ടേഷന്‍റെ കണക്കുകള്‍ പറയുന്നു.

പിഗ്മി ആന, ശരീരത്തിലേറ്റത് 70 വെടിയുണ്ടകള്‍

വംശനാശഭീഷണി നേരിടുന്ന ഇനമാണ് ബോർണിയോ പിഗ്മി ആനകൾ. 2019 സെപ്റ്റംബറിലാണ് ഒരു ആണ്‍ ബോർണിയോ പിഗ്മി ആനയുടെ മൃതദേഹം വെടിയേറ്റ നിലയില്‍ കണ്ടത്. 70 വെടിയുണ്ടകള്‍ ഈ ആനയുടെ ശരീരത്തിലേറ്റിട്ടുണ്ടെന്നാണ് പിന്നീട് കണ്ടെത്തിയത്. അത് ശരിവെക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമായിരുന്നു. കൊമ്പുകള്‍ക്കുവേണ്ടി വേട്ടക്കാരാണ് കൊലനടത്തിയതെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. മലേഷ്യയിലെ ഒരു പ്രദേശത്തെ കർഷകരാണ് ആനയുടെ മൃതദേഹം സബയിലെ നദിയിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ചെന്നിക്കേറ്റ വെടിയാണ് ആനയുടെ മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

കൊടുംക്രൂരത മാനറ്റിയോടും, ആ വൈറല്‍ വീഡിയോ 

കഴിഞ്ഞ മാസമാണ് നൈജീരിയയില്‍നിന്ന് ഒരു വീഡിയോ വൈറലായത്. ആരുടെയും ഹൃദയം തകര്‍ക്കാന്‍ പോന്നൊരു വീഡിയോ ആയിരുന്നു അത്. പലരും തുറന്നുനോക്കിയതല്ലാതെ വേദന കാരണം തുടര്‍ന്നുകണ്ടില്ല. കടല്‍ സസ്‍തനിയായ മാനറ്റിയെ ഒരുകൂട്ടം യുവാക്കള്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതായിരുന്നു ആ വീഡിയോ. വംശനാശ ഭീക്ഷണിയുള്ളതിനാല്‍ സംരക്ഷിതവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവിയാണിത്. ഈ മാനറ്റിയുടെ ശരീരത്തില്‍ കയറുകൊണ്ട് കെട്ടിയശേഷമാണ് ആ പാവത്തിനെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയത്. അവിടെയും തീര്‍ന്നില്ല. വീഡിയോ എടുത്ത് അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു. ആ നേരമത്രയും ആ പാവം ജീവി രക്ഷപ്പെടാനായി കുതറുന്നുണ്ട്. 

മാനറ്റിയെ വേട്ടയാടുന്നത് നൈജീരിയയില്‍ നിയമവിരുദ്ധമാണ്. എന്നാലും,  ആളുകള്‍ അവയെ ഉപദ്രവിക്കുന്നതും വേട്ടയാടുന്നതും ഇത് ആദ്യമായിട്ടൊന്നുമല്ല. എണ്ണയ്ക്കും മാംസത്തിനുമായി ആളുകള്‍ മാനറ്റിയെ സ്ഥിരമായി വേട്ടയാടാറുണ്ട്. 

തലയും തുമ്പിക്കയ്യും വെട്ടിമാറ്റപ്പെട്ട ആന 

കഴിഞ്ഞ നവംബറിലാണ്, ഇന്തോനേഷ്യയിലെ ഒരു തോട്ടത്തില്‍ 40 വയസ് പ്രായമുള്ള ഒരു ആണ്‍ ആനയുടെ മൃതദേഹം കണ്ടത്. കൊമ്പ് എടുക്കുന്നതിനായി തലയും തുമ്പിക്കയ്യും വെട്ടിമാറ്റപ്പെട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. സുമാത്രന്‍ വിഭാഗത്തില്‍ പെട്ട ഈ ആനകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രണ്ടായിരമെണ്ണമാണ് ഇനി അവ ആകെ അവശേഷിക്കുന്നത്. 

ഇത് മനുഷ്യരുടെ ക്രൂരതയുടെ വളരെ ചെറിയൊരംശം മാത്രമാണ്. ഇങ്ങനെ പോയാല്‍ വംശനാശ ഭീഷണി നേരിടുന്ന പല ജീവജാലങ്ങളും ഭൂമിയില്‍ ഇല്ലാതാവുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പല രാജ്യങ്ങളും വേട്ടയാടല്‍ തന്നെ നിരോധിക്കുമ്പോള്‍ ബോട്സ്വാന സര്‍ക്കാര്‍ ആനകളെ കൊന്നുതള്ളാന്‍ ഉത്തരവ് നല്‍കിയതും ചര്‍ച്ചയായിരുന്നു. ആനകളുടെ എണ്ണം കൂടുന്നുവെന്നും പറഞ്ഞാണ് സര്‍ക്കാര്‍ ആനകളെ കൊല്ലാന്‍ അനുമതി നല്‍കിയത്. ഇത് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. അങ്ങനെ അറിയുന്നതും അറിയപ്പെടുന്നതുമായ എത്രയെത്ര വേട്ടയാടലുകളെയാണ് ഓരോ ജീവിവര്‍ഗവും അതിജീവിക്കുന്നത്. 

 

(ആനയുടെ ചിത്രം പ്രതീകാത്മകം)


 

Follow Us:
Download App:
  • android
  • ios