Asianet News MalayalamAsianet News Malayalam

ഉറങ്ങിയാലായി, ഇല്ലെങ്കിലില്ല, ഉറക്കം ഒരു വിഷയമേ അല്ലാത്ത ജീവികൾ

ജലജീവികളിൽ ഉറക്കമില്ലാത്ത ജീവിയാണ് സ്രാവ്. ഇതിന് കാരണം ഇവയ്ക്ക് ഓക്സിജൻ ലഭിക്കുന്നത് വെള്ളത്തിൽ നിരന്തരം നീന്തുമ്പോഴാണ്.

animals never sleep rlp
Author
First Published Dec 27, 2023, 2:55 PM IST

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു വ്യക്തി തുടർച്ചയായി 7 ദിവസം ഉറങ്ങാതെ ഉണർന്നിരുന്നാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഉറക്കം ഒരു പ്രശ്നമല്ലാത്ത ചില ജീവികൾ ഉണ്ട്. ഇവയിൽ ജീവിതകാലം മുഴുവൻ ഉറങ്ങാത്തവയും ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം ഉറങ്ങുന്നവയും ഒക്കെയുണ്ട്. അത്തരത്തിൽ കൗതുകകരമായ ഉറക്കവിശേഷങ്ങളുള്ള ചില ജീവികളെ പരിചയപ്പെടാം

ഉറുമ്പ്

തങ്ങളുടെ ജീവിതകാലത്ത് ഒരിക്കൽപോലും ഉറങ്ങാത്ത ജീവികളായാണ് ഉറുമ്പുകളെ കണക്കാക്കുന്നത്. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഇവ ജീവികളുടെ കൂട്ടത്തിൽ ഏറ്റവും കഠിനാധ്വാനികളും ബുദ്ധിമാന്മാരുമായ ജീവികളുമായാണ് അറിയപ്പെടുന്നത്.  

ഉറുമ്പുകൾ ഉറങ്ങാത്തതിനു പിന്നിലെ ഏറ്റവും വലിയ കാരണം അവയുടെ തലച്ചോറിൽ 0.25 ദശലക്ഷത്തിലധികം കോശങ്ങളുണ്ട് എന്നതാണ്. ഇതിന്റെ സഹായത്തോടെ, ഒരു നിമിഷം പോലും ഉറങ്ങാതെ അത് ജീവിതകാലം മുഴുവൻ ചെലവഴിക്കുന്നു. ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്നതിലും തങ്ങളുടെ കുടുംബത്തിനായി സ്വരുക്കൂട്ടുന്നതിലുമാണ് ഉറുമ്പുകൾ എപ്പോഴും വ്യാപൃതരായിരിക്കുന്നത്.

മാത്രമല്ല, ഉറുമ്പുകൾക്ക് ചെവി ഇല്ല, എന്നാൽ അവയുടെ കാൽമുട്ടുകളിലും കാലുകളിലും ചില പ്രത്യേകതരം കോശങ്ങളുണ്ട്. അതിന്റെ സഹായത്തോടെ അവർക്ക് ചുറ്റുമുള്ള എല്ലാ വൈബ്രേഷനുകളും വളരെ എളുപ്പത്തിൽ അനുഭവിക്കാൻ കഴിയുകയും അവയിൽ തങ്ങൾക്ക് അപകടകരമായ ശബ്ദങ്ങളും അല്ലാത്തവയും വേർതിരിച്ച് അറിയാൻ സാധിക്കുകയും ചെയ്യും.

സ്രാവ്

ജലജീവികളിൽ ഉറക്കമില്ലാത്ത ജീവിയാണ് സ്രാവ്. ഇതിന് കാരണം ഇവയ്ക്ക് ഓക്സിജൻ ലഭിക്കുന്നത് വെള്ളത്തിൽ നിരന്തരം നീന്തുമ്പോഴാണ്. അതുകൊണ്ടാണ് സ്രാവ് ഒരിക്കലും മറ്റ് മൃഗങ്ങളെപ്പോലെ സുഖമായി ഉറങ്ങുന്നില്ലെന്ന് പറയുന്നത്.

ജിറാഫ്

ജിറാഫുകൾ ഒരു ദിവസം ഏകദേശം 4:30 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. എന്നാൽ, ഇത് തുടർച്ചയായുള്ള ഉറക്കമല്ല. ഒരു സമയം പരമാവധി 35 മിനിറ്റ് മാത്രമേ ഇവ ഉറങ്ങുകയുള്ളൂ. ഇങ്ങനെ പല സമയങ്ങളിലായാണ് ഇവ ഉറക്കം പൂർത്തിയാക്കുന്നത്. അതുപോലെ തന്നെ എഴുന്നേറ്റ് നിന്നുകൊണ്ടും ജിറാഫിന് ഉറങ്ങാൻ സാധിക്കും. അതിനാൽ ഈ ജീവികൾ ശരിക്കും ഉറങ്ങുകയാണോ ഉണർന്നിരിക്കുകയാണോ എന്ന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.

ഗ്രേറ്റ് ഫ്രിഗേറ്റ് പക്ഷികൾ

തീരപ്രദേശത്ത് കൂടുണ്ടാക്കുന്ന ഗ്രേറ്റ് ഫ്രിഗേറ്റ് പക്ഷികൾ രണ്ട് മാസത്തോളം തുടർച്ചയായി പറക്കുമെന്ന് പറയപ്പെടുന്നു. ഏറ്റവും ആശ്ചര്യകരമായ കാര്യം ഈ സമയത്ത് അവ എവിടെയും വിശ്രമിക്കുകയില്ല എന്നതാണ്. കടലിന് മുകളിലൂടെ പറക്കുകയാണെങ്കിൽ 1000 കിലോമീറ്റർ ദൂരം വരെ ഇവ വിശ്രമിക്കാതെ സഞ്ചരിക്കുന്നു.

ഫ്രിഗേറ്റ്ബേർഡിന്റെ ഏറ്റവും വലിയ സവിശേഷത, പറക്കുമ്പോഴും ഉറങ്ങാൻ കഴിയും എന്നതാണ്, മാത്രമല്ല ഇത് ദിവസവും 45 മിനിറ്റ് ഉറങ്ങുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഒരിക്കലും 45 മിനിറ്റ് തുടർച്ചയായി ഉറങ്ങുകയില്ല, എന്നാൽ ഒരു സമയം കുറച്ച് സെക്കൻഡുകൾ എന്ന രീതിയിൽ, ഈ പക്ഷി ദിവസം മുഴുവൻ പലതവണയായി ഉറങ്ങുന്നു.

ഡോൾഫിൻ

മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിൽ ഉറങ്ങുന്ന ജീവിയാണ് ഡോൾഫിൻ. കാരണം ഡോൾഫിനുകൾക്ക് ശ്വസിക്കണമെങ്കിൽ ജലത്തിന്റെ ഉപരിതലത്തിലേക്ക് വരണം. അത്തരമൊരു സാഹചര്യത്തിൽ, അവയ്ക്ക് സുഖമായി ഉറങ്ങുക സാധ്യമല്ല. അതിനാൽ ഒരു ഡോൾഫിൻ ഉറങ്ങുമ്പോൾ അതിൻറെ തലച്ചോറിന്റെ ഒരു ഭാഗം മാത്രമാണ് നിദ്രയിലാകുന്നത്. മറുഭാഗം പൂർണജാഗ്രതയിൽ തുടരും. ഇത് അവരെ ശ്വസിക്കാനും അപകടങ്ങളെ കുറിച്ച് ബോധവാന്മാരാകാനും സഹായിക്കുന്നു.

വായിക്കാം: വിമാനം മാറിക്കയറി, കൂടെയാരുമില്ലാതെ 6 വയസുകാരൻ എത്തിപ്പെട്ടത് മറ്റൊരു ന​ഗരത്തിൽ 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Follow Us:
Download App:
  • android
  • ios