ഫോട്ടോയിലെ ഉറുമ്പിന്റെ മുഖത്തിന് ചുവന്ന കണ്ണുകളും സ്വർണ്ണ കൊമ്പുകളും ഉണ്ടായിരുന്നു. ചിത്രം സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഉറുമ്പുകൾ നമ്മുടെ വീടുകളിലെയും മറ്റും നിത്യ സഞ്ചാരികളാണ്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് ഒരു ഉറുമ്പിനെ എങ്കിലും ആരും കാണാതിരിക്കില്ല. അത്രമാത്രം സുപരിചിതമാണ് ഉറുമ്പുകൾ എങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും അവയുടെ മുഖം കണ്ടിട്ടുണ്ടോ? സാധ്യത കുറവാണ് കാരണം ആകെ കൂടി ഇത്തിരിയുള്ള ഉറുമ്പുകളുടെ മുഖഭാവം നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ, കഴിഞ്ഞദിവസം ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ഉറുമ്പുകളുടെ മുഖത്തിന്റെ ക്ലോസപ്പ് ചിത്രങ്ങൾ കണ്ടപ്പോഴല്ലേ ഒരു കാര്യം പിടികിട്ടിയത്. ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ പേടിച്ചു പോകുന്ന അതിക്രൂരമുഖഭാവത്തോടെയാണ് ഇവന്മാർ നമുക്ക് ചുറ്റും നടക്കുന്നത്. ഉറുമ്പിന്റെ മുഖത്തിന്റെ ക്ലോസപ്പ് ചിത്രങ്ങൾ കണ്ടു സോഷ്യൽ മീഡിയ ഒന്നാകെ വിശേഷിപ്പിച്ചത് ഭയാനകം എന്നാണ്.

ഒരു ലിത്വാനിയൻ ഫോട്ടോഗ്രാഫർ ആണ് ഈ ചിത്രം പകർത്തിയത്. 2022 -ലെ നിക്കോൺ സ്മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ യൂജെനിജസ് കവാലിയാസ്കാസ് ആണ് ഉറുമ്പിന്റെ ഫോട്ടോ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. മൈക്രോസ്കോപ്പ് ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത വിശദാംശങ്ങൾ പകർത്താൻ ആളുകളെ അനുവദിക്കുകയും ചെയ്യുന്നതിനാണ് ഈ മത്സരം സംഘടിപ്പിച്ചു വരുന്നത്.
തിരഞ്ഞെടുത്ത 57 ചിത്രങ്ങളിൽ ഒന്നായിരുന്നു ഉറുമ്പിന്റെ മുഖത്തിന്റെ ചിത്രം, മൈക്രോസ്കോപ്പിൽ അഞ്ച് തവണ വലുതാക്കിയിരുന്നു ചിത്രം. സമ്മാനത്തുകയായി 35 ഡോളർ ലഭിച്ചു.
ഫോട്ടോയിലെ ഉറുമ്പിന്റെ മുഖത്തിന് ചുവന്ന കണ്ണുകളും സ്വർണ്ണ കൊമ്പുകളും ഉണ്ടായിരുന്നു. ചിത്രം സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രം കണ്ട് ഭൂരിഭാഗം ഉപയോക്താക്കളും കുറിച്ചത് ഒരേ ഒരു കാര്യമാണ്. ഭയാനകം എന്നുതന്നെ. ഏതായാലും ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
