“ജാൻ ദത്തെടുക്കപ്പെട്ടപ്പോൾ, അവളുടെ പേര് ഉറപ്പായും മാറ്റിയിട്ടുണ്ടായിരിക്കണം. ഇത് ഞങ്ങൾക്ക് അവളെ കുറിച്ചുള്ള എന്തെങ്കിലും വിവരം കണ്ടെത്തുന്നത് മിക്കവാറും അസാധ്യമാക്കി” ഡേവിഡ് പറഞ്ഞു.

പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ഒരു സഹോദരനും സഹോദരിയും(Brother and sister) കണ്ടുമുട്ടി. രണ്ടാം ലോക മഹായുദ്ധ കാലത്ത് വേർപിരിയേണ്ടി വന്ന സഹോദരിയെ കണ്ടുമുട്ടിയപ്പോൾ സഹോദരന്റെ കണ്ണുകൾ ഈറനണിഞ്ഞു. എൺപതുകളിലായിരിക്കുന്ന ആ ആങ്ങളയും പെങ്ങളും തങ്ങളിനിയെന്നെങ്കിലും കണ്ടുമുട്ടും എന്ന് കരുതിയിരുന്നേയില്ല. ഡെവോണിലെ ബൈഡ്‌ഫോർഡിൽ നിന്നുള്ള 84 -കാരനായ ഡേവിഡ് വെസ്റ്റ്‌കോട്ടാ(David Westcott)ണ് എണ്‍പത് വര്‍ഷത്തിന് ശേഷം തന്റെ അനിയത്തി ജാനു(Jan)മായി കണ്ടുമുട്ടിയിരിക്കുന്നത്. 

84 -കാരനായ ഡേവിഡിന്, യുദ്ധത്തിൽ എക്‌സെറ്റർ ബോംബെറിഞ്ഞ് തകര്‍ക്കപ്പെട്ട ശേഷം ഒരു പെൺകുട്ടിയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതിന്‍റെ വളരെ മങ്ങിയ ഓർമ്മയാണുണ്ടായിരുന്നത്. അതാണ് സഹോദരിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അവസാനത്തെ ഓർമ്മ.

ജാനിന്റെ മകൾ ബെത്തിന് പക്ഷേ അമ്മയുടെ യഥാര്‍ത്ഥ കുടുംബത്തെ കണ്ടെത്താന്‍ വലിയ താല്‍പര്യം തോന്നുകയും ആ സഹോദരനെ അന്വേഷിച്ച് കണ്ടെത്താന്‍ തീരുമാനിക്കുകയുമായിരുന്നു. 2021 -ലെ വേനൽക്കാലത്താണ് അവള്‍ സോഷ്യൽ മീഡിയയിലൂടെ വെസ്റ്റ്‌കോട്ടിനെ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിൽ വെസ്റ്റ്കോട്ടും ജാനും സഹോദരങ്ങളാണെന്ന് സ്ഥിരീകരിച്ചു. 

“ജാൻ ദത്തെടുക്കപ്പെട്ടപ്പോൾ, അവളുടെ പേര് ഉറപ്പായും മാറ്റിയിട്ടുണ്ടായിരിക്കണം. ഇത് ഞങ്ങൾക്ക് അവളെ കുറിച്ചുള്ള എന്തെങ്കിലും വിവരം കണ്ടെത്തുന്നത് മിക്കവാറും അസാധ്യമാക്കി” ഡേവിഡ് പറഞ്ഞു. 'കരഞ്ഞുപോയി... അത് തികച്ചും ഞെട്ടലുണ്ടാക്കുകയും ചെയ്തു' എന്നാണ് ബെത്ത് ഫേസ്ബുക്കിൽ ബന്ധപ്പെട്ടതിനെ കുറിച്ച് വെസ്റ്റ്‌കോട്ടിന്റെ ഭാര്യ ഫിലിസ് പറഞ്ഞത്. 

ഡർഹാമിന് സമീപമുള്ള ഡാർലിംഗ്ടണിലുള്ള ജാന്റെ വീട്ടിൽ സഹോദരങ്ങൾ കണ്ടുമുട്ടി. ഏത് വർഷത്തിലാണ് അവർ അവസാനമായി കണ്ടത് എന്നുപോലും സഹോദരനും സഹോദരിക്കും ഓര്‍മ്മയുണ്ടായിരുന്നില്ല. “ജാനിന് ഇപ്പോൾ അൽഷിമേഴ്‌സ് ഉണ്ട്, അതിനാൽ അവളെ കാണാൻ ഞങ്ങൾ ഡാർലിംഗ്ടണിലേക്ക് പോയി, വീണ്ടുമുള്ള ആ ഒത്തുചേരൽ കണ്ണീരും ചിരിയും സന്തോഷവും നിറഞ്ഞതായിരുന്നു. ഇപ്പോളും അവൾ ഭർത്താവിനോട് പറയും, ‘എന്‍റെ ആങ്ങള ഡേവിഡിനെ വിളിച്ചു തരൂ’എന്ന് അത് കേൾക്കാൻ വളരെ സന്തോഷമാണ്.''

ഈ കണ്ടുമുട്ടലും ഒന്നുചേരലും ബെത്തിന്റെ നിശ്ചയദാർഢ്യത്തിൽ നിന്നാണ് ഉണ്ടായത്. പുനഃസമാഗമം ജാനിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തിയെന്ന് വീട്ടുകാര്‍ പറയുന്നു. “എത്രയോ വർഷങ്ങളായി, എന്റെ അമ്മ അവരുടെ ശരിക്കും കുടുംബത്തെ അന്വേഷിച്ചുവെങ്കിലും എവിടെയും എത്തിയില്ല. ഞാൻ ഒരു ഡിഎൻഎ ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു. സോഷ്യല്‍ മീഡിയയുടെ സഹായം തേടി” ബെത്ത് പറഞ്ഞു. 

ഡേവിഡിന്റെ ചെറുമകനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു, ഞങ്ങൾക്ക് തോന്നിയ കാര്യങ്ങൾ അവരോട് പറയണോ എന്ന് ഞങ്ങൾക്ക് ആദ്യം ഉറപ്പില്ലായിരുന്നു. ഞങ്ങൾ ഒടുവിൽ അവരുമായി ബന്ധപ്പെട്ടു. ഡേവിഡിന് ഒരു സഹോദരിയെക്കുറിച്ചുള്ള ഓർമ്മ ഉണ്ടായിരുന്നു. അതും ഞങ്ങളില്‍ ഞെട്ടലുണ്ടാക്കി. കാരണം ഞങ്ങള്‍ കരുതിയത് അമ്മയെ ജനിച്ച ഉടനെ തന്നെ ദത്ത് നല്‍കിയെന്നാണ് എന്നും ബെത്ത് പറയുന്നു. ഈ കൂടിച്ചേരല്‍ അവിശ്വസനീയവും അങ്ങേയറ്റം സന്തോഷം നിറഞ്ഞതും ആണ് എന്നും ഇരുകുടുംബങ്ങളും പറയുന്നു.