ഏഴ് വർഷത്തിന് ശേഷം തിരിഞ്ഞുനോക്കുമ്പോൾ ആ തീരുമാനത്തിൽ ഒട്ടും നിരാശയില്ലെന്നും, ഇന്ത്യയിൽ വളർത്തിയെടുത്ത കരിയർ ദുബായിൽ ലഭിക്കുമായിരുന്നതിനേക്കാൾ വലിയ വിജയമായി മാറി എന്നുമാണ് അദ്ദേഹം പറയുന്നത്.
ദുബായിൽ 36 ലക്ഷം രൂപയുടെ ജോലി കിട്ടിയിട്ടും അത് വേണ്ടെന്ന് വച്ച് നാട്ടിൽ തന്നെ തുടരാൻ തീരുമാനിച്ച ദില്ലി സ്വദേശിയായ സംരംഭകന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 'ഫിൻഗ്രോത്ത് മീഡിയ' സ്ഥാപകനായ കനൻ ബാൽ ആണ് ഏഴ് വർഷം മുൻപുള്ള തന്റെ അനുഭവങ്ങൾ എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ചത്. ഐസിഎഐ ക്യാംപസ് സെലക്ഷനിലൂടെയാണ് കനൻ ബാലിന് 36 ലക്ഷം രൂപയുടെ ഈ ഓഫർ ലഭിച്ചത്. ആ സമയത്ത് ഇന്ത്യയിൽ പരമാവധി 12 ലക്ഷം രൂപ വരെ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിക്കുമായിരുന്ന ശമ്പളം. ദുബായിൽ പോയിരുന്നെങ്കിൽ എല്ലാ ചിലവുകളും കഴിഞ്ഞ് വർഷത്തിൽ 20 ലക്ഷം രൂപയോളം സമ്പാദിക്കാമായിരുന്നു. എന്നാൽ കുടുംബത്തോടും സ്വന്തം നാടിനോടുമുള്ള സ്നേഹം കാരണം അദ്ദേഹം ആ ഓഫർ വേണ്ടെന്ന് വെക്കുകയായിരുന്നത്രെ.
ഏഴ് വർഷത്തിന് ശേഷം തിരിഞ്ഞുനോക്കുമ്പോൾ ആ തീരുമാനത്തിൽ ഒട്ടും നിരാശയില്ലെന്നും, ഇന്ത്യയിൽ വളർത്തിയെടുത്ത കരിയർ ദുബായിൽ ലഭിക്കുമായിരുന്നതിനേക്കാൾ വലിയ വിജയമായി മാറി എന്നുമാണ് അദ്ദേഹം പറയുന്നത്. 'ഇന്ത്യ പൂർണമായും കുറ്റമില്ലാത്തതൊന്നും ആയിരിക്കില്ല, പക്ഷേ ഇതിനെ മികച്ചതാക്കേണ്ടത് നമ്മളാണ്. 1947 -ൽ എല്ലാം നഷ്ടപ്പെട്ട് വന്ന തന്റെ പൂർവ്വികർക്ക് അഭയം നൽകിയത് ഈ നാടാണ്' എന്നും സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
നിരവധി പേരാണ് കനൻ ബാലിന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സ്വന്തം നാടിന്റെ വികസനത്തിനായി നിലകൊള്ളുന്ന ഇത്തരം യുവാക്കളാണ് രാജ്യത്തിന്റെ കരുത്തെന്ന് പലരും അഭിപ്രായപ്പെട്ടു. ഇപ്പോഴും കുറ്റബോധം തോന്നുന്നില്ലെങ്കിൽ നിങ്ങളെടുത്തത് ശരിയായ തീരുമാനം തന്നെയാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.


