ഭാവിയിലെ ഇന്ത്യ എന്തായിരിക്കണമെന്ന തന്‍റെ ചിന്തകളും സ്വപ്നങ്ങളും ഉള്‍ക്കൊള്ളിച്ച്, 2012 ല്‍ 'വിഷൻ 2020' എന്ന് ആശയം മുന്നോട്ട് വച്ചു.  ഇതിലേക്കായി കലാമും വൈ എസ്‌ രാജനും ചേർന്ന്, 'ഇന്ത്യ 2020 : എ വിഷൻ ഫോർ ദ  ന്യൂ മില്ലേനിയം' എന്ന പുസ്തകം പുറത്തിറക്കി. 

തെരഞ്ഞെടുപ്പ് കാലത്ത് വിജയിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇറക്കുന്ന ഭാവി ഇന്ത്യയെന്നത്തരം ഗിമ്മിക്കുകളായിരുന്നില്ല, അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എപിജെ അബ്ദുള്‍ക്കലാം സ്വപ്നം കണ്ട ഇന്ത്യ. അദ്ദേഹം രാഷ്ട്രപതി ഭവനില്‍ നിന്നും ഇറങ്ങി, അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാവിയിലെ ഇന്ത്യ എന്തായിരിക്കണമെന്ന തന്‍റെ ചിന്തകളും സ്വപ്നങ്ങളും ഉള്‍ക്കൊള്ളിച്ച്, 2012 ല്‍ 'വിഷൻ 2020' എന്ന് ആശയം മുന്നോട്ട് വച്ചു. ഇതിനായി ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള, ടെക്‌നോളജി ഇൻഫർമേഷൻ, ഫോർകാസ്റ്റിങ്ങ് ആൻഡ് അസ്സെസ്സ്‌മെന്‍റ് കൗൺസിൽ (TIFAC) എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ പദവി ഏറ്റെടുത്ത കലാം വിവിധമേഖലകളിൽ 500 വിദഗ്ധരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി. ആ പഠനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളിച്ച് കലാമും വൈ എസ്‌ രാജനും ചേർന്ന്, 'ഇന്ത്യ 2020 : എ വിഷൻ ഫോർ ദ ന്യൂ മില്ലേനിയം' എന്ന പുസ്തകം പുറത്തിറക്കി. 

2020 ന് മുമ്പ് "വികസിത രാജ്യം" എന്ന പദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള വഴികളും നിര്‍ദ്ദേശങ്ങളുമായിരുന്നു ആ പുസ്തകത്തില്‍ സൂചിപ്പിച്ചിരുന്നത്. ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നുവെന്നാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞത്. ആ ഗ്രാമങ്ങളുടെ സമഗ്ര വികസനമായുരുന്നു കലാം മുന്നോട്ട് വച്ചത്. ഗ്രാമ - നഗര വിടവ് ഫലപ്രദമായി അടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍. ഓരോ പൗരനും അവരുടെ ഉപജീവനത്തിന് ആവശ്യമായ അടിസ്ഥാന വിഭവങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുക. പുനരുപയോഗ ഊർജം പര്യവേക്ഷണം ചെയ്യുക, വിദ്യാഭ്യാസത്തിലൂടെയുള്ള ഉന്നമനം. എല്ലാവർക്കും ആരോഗ്യ സംരക്ഷണം, അഴിമതി രഹിത ഭരണം തുടങ്ങി നമ്മള്‍ പ്രവർത്തിക്കേണ്ട ചില ദൗത്യങ്ങളായിരുന്നു ആ പുസ്തകത്തിലുണ്ടായിരുന്നത്. 

റോക്കറ്റ് മാൻ ഓഫ് ഇന്ത്യ, ജനകീയനായ പ്രസിഡന്‍റ്

ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ അതിന്‍റെ വലിയൊരു കാലം മുന്നോട്ട് പോയിക്കഴിഞ്ഞു. ഇനി പുതിയ ലക്ഷ്യത്തിലേക്കുള്ള പാതയിലൂടെ വേണം നമ്മള്‍ സഞ്ചരിക്കാനെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ നഗരങ്ങളുടെ അന്തരം കുറയ്ക്കുന്നതോടൊപ്പം ഊർജത്തിന്‍റെയും ഗുണമേന്മയുള്ള വെള്ളത്തിന്‍റെയും തുല്യമായ വിതരണവും രാജ്യമെമ്പാടും ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിയും വ്യവസായവും സേവന മേഖലയും പരസ്പര സഹകരണത്തോടെ ഒരേ പാതയിലായിരിക്കണം. സാമൂഹികമോ സാമ്പത്തികമോ ആയ വിവേചനം മൂലം ആര്‍ക്കും മൂല്യമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്. ലോകമെമ്പാടുമുള്ള ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാർ, ശാസ്ത്രജ്ഞർ, നിക്ഷേപകർ എന്നിവർക്ക് ഇന്ത്യ ഒരു ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാകണം. എല്ലാ പൗരന്മാര്‍ക്കും ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കണം. ഭരണം സുതാര്യവും അഴിമതി രഹിതവുമായിരിക്കണം. ദാരിദ്ര്യം തുടച്ച് നീക്കപ്പെട്ട, നിരക്ഷരരില്ലാത്ത, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റങ്ങള്‍ ഇല്ലാത്ത, സമൂഹത്തില്‍ ആരും അന്യവത്ക്കരിക്കപ്പെടാത്ത ഉദാത്തമായ രാഷ്ട്ര മാതൃകയായിരുന്നു അദ്ദേഹം മുന്നോട്ട് വച്ചത്. ആ രാഷ്ട്രം സമൃദ്ധവും ആരോഗ്യകരവും സുരക്ഷിതവും ഭീകരയില്ലാത്തതും സമാധാനപരവും സന്തുഷ്ടവും സുസ്ഥിരവുമായ വളര്‍ച്ചയുടെ പാതയിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിക്കാൻ ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നായ, സ്വന്തം നേതൃത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന ഒരു രാഷ്ട്ര സങ്കല്പമായിരുന്നു അത്. ഇത്തരമൊരു ഉദാത്ത രാഷ്ട്രത്തില്‍ സമ്പത്ത്, പ്രദേശം, ജാതി, വർഗം എന്നിവയുടെ വ്യത്യസ്തകളില്ലാതെ ഓരോ പൗരന്‍റെയും മുഖത്ത് അചഞ്ചലമായ പുഞ്ചിരി വിരിയിക്കുമെന്നും അദ്ദേഹം സ്വപ്നം കണ്ടു. 

'സ്വപ്‌നം കാണുക, സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കുക' ; ഡോ എ .പി.ജെ അബ്ദുൽ കലാം ഓർമ്മയായിട്ട് ഇന്നേക്ക് 8 വർഷം

ആ ഉദാത്ത രാഷ്ട്ര സങ്കല്പത്തെ സ്വപ്നം കണ്ട കലാം, 2015 ജൂലൈ 27 ന് ഭാവി ഇന്ത്യയുടെ വാഗ്ദാനമായ കുട്ടികളോട് സംസാരിച്ചു കൊണ്ടിരിക്കവെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം വരിച്ചു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായ വിയോഗത്തില്‍, വികസിത ഇന്ത്യയെന്ന അദ്ദേഹത്തിന്‍റെ സ്വപ്നവും നിലച്ചു. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്കുള്ള യാത്രയ്ക്ക് വേണ്ടി രൂപീകരിച്ച വിഷനറീസ് ഓർഗനൈസേഷൻ ഇൻ സർവീസ് റ്റു സൊസൈറ്റി എന്ന സംഘടനയും 'ലെറ്റസ്‌ കംപ്ലീറ്റ് ഹിസ് വിഷൻ 2020' എന്ന വെബ്‌സൈറ്റും ഇന്ന് അദ്ദേഹത്തിന്‍റെ പേരില്‍ കോളേജുകളില്‍ ലക്ചറുകള്‍ സംഘടിപ്പിക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങി. ഏറ്റവും ഒടുവില്‍ സ്വന്തം രാജ്യത്തെ ഒരു ഉദാത്ത രാജ്യമാക്കിമാറ്റണമെന്ന് സ്വപ്നം കാണ്ട ആ ക്രാന്തദര്‍ശിയുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് തൊട്ട് മുമ്പ് ഹിന്ദു മക്കള്‍ കാച്ചി പാര്‍ട്ടിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിമയ്ക്ക് സമീപത്ത് നിന്ന് ഖുറാനും ബൈബിളും നീക്കം ചെയ്ത് പകരം ഭഗവത് ഗീതയുടെ പ്രതിമ സ്ഥാപിക്കുകയായിരുന്നു നമ്മള്‍ ചെയ്തത്.