വടക്കൻ ആരവല്ലി പ്രദേശത്തെ ഏറ്റവും മികച്ച സസ്യങ്ങൾ ഈ പാർക്കിലുണ്ടെന്ന് പാർക്കിന്റെ ക്യൂറേറ്റർ വിജയ് ധസ്മന ഏഷ്യാനെറ്റ് ന്യൂസേബിളിനോട് പറഞ്ഞു.
ഗുരുഗ്രാമിലെ ആരവല്ലി ജൈവവൈവിധ്യ പാർക്കിന് ഒഇസിഎം(Other effective area-based conservation measures-OECM) പദവി. ആദ്യമായിട്ടാണ് ഇന്ത്യയിലെ ഒരു ബയോഡൈവേഴ്സിറ്റി പാർക്കിനെ തേടി ഇങ്ങനെയൊരംഗീകാരമെത്തുന്നത്. OECM എന്നുപറയുന്നത്, ജൈവ വൈവിധ്യം ധാരാളമുള്ള പ്രദേശങ്ങൾക്ക് അനുവദിച്ചു നൽകുന്ന ഒരു സവിശേഷ പദവിയാണ്. ദേശീയോദ്യാനങ്ങൾക്കും, സാങ്ച്വറികൾക്കും പുറത്തുള്ള ഇടങ്ങളിലെ ജൈവസമ്പത്തിനെ സംരക്ഷിച്ചു നിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നടപ്പിലാക്കിയിട്ടുള്ളത്.

നേരത്തെ 380 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലം ഒരു ഖനന സ്ഥലമായിരുന്നു. എന്നാൽ, 2004 -ലെ സുപ്രീം കോടതിയുടെ നിരോധനത്തെത്തുടർന്ന് എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തിന് പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടന്നു.

ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷൻ 2010 -ൽ 'ഐ ആം ഗുഡ്ഗാവു'മായി സഹകരിച്ച് ഇതിന്‍റെ പുനരുദ്ധാരണം ഏറ്റെടുത്തു. യുവാക്കളടക്കം ചേര്‍ന്നുകൊണ്ട് അതിനെ സംരക്ഷിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. വടക്കൻ ആരവലി മലനിരകളിലെ വംശനാശഭീഷണി നേരിടുന്നതും അപൂർവവുമായ സസ്യങ്ങളെ ഉൾക്കൊള്ളുന്ന ഇടമായി പാർക്ക് ഇന്ന് മാറിയിരിക്കുന്നു. ഹരിയാനയിൽ ഈ സസ്യങ്ങളിൽ ഭൂരിഭാഗവും വികസനപ്രവര്‍ത്തനങ്ങളുടെയും കൈയേറ്റങ്ങളുടെയും ഫലമായി അതിവേഗം ഇല്ലാതാവുന്ന സാഹചര്യത്തിലാണ് ഇത് എന്നോര്‍ക്കണം.

വടക്കൻ ആരവല്ലി പ്രദേശത്തെ ഏറ്റവും മികച്ച സസ്യങ്ങൾ ഈ പാർക്കിലുണ്ടെന്ന് പാർക്കിന്റെ ക്യൂറേറ്റർ വിജയ് ധസ്മന ഏഷ്യാനെറ്റ് ന്യൂസേബിളിനോട് പറഞ്ഞു. 300 -ലധികം നാടൻ സസ്യങ്ങൾ (മരങ്ങൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ, പുല്ലുകൾ ഉള്‍പ്പടെ) ഇവിടെയുണ്ട്. ചെടികളുടെ വിത്തുകൾ വർഷാവർഷം വിവിധ സ്ഥലങ്ങളിൽ നിന്ന് വാങ്ങുന്നവയാണ്. അവ ഒരു നഴ്സറിയിൽ മുളപ്പിച്ച്, 50 -ലധികം സ്‌കൂളുകൾ, കോർപ്പറേറ്റുകളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള ആളുകൾ എന്നിവരെല്ലാം ഒത്തുചേർന്ന് നട്ടുപിടിപ്പിക്കുന്നു. അവ സംരക്ഷിക്കുന്നു. അങ്ങനെയാണ് പാർക്കിനെ ഇന്നത്തെ നിലയിലാക്കിയത്.

ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്ച്വര്‍, പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തൃപ്തിപ്പെട്ടതിനെ തുടര്‍ന്നാണ് അതിന് ഒഇസിഎം അംഗീകാരം കിട്ടിയത്. ഒരിക്കലിത് തരിശുഭൂമിയായിരുന്നു. എന്നാൽ, ഇന്ന് പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്ന നിരവധി പക്ഷികളുടെയും ഉരഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമാണ്. തങ്ങളുടെ പ്രദേശത്ത് മാറ്റം വരുത്താനുള്ള പൗരന്മാരുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് പാർക്ക്. 'ജനങ്ങൾ - ജനങ്ങൾക്കുവേണ്ടി - ജനങ്ങളാൽ' എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഇത് വികസിപ്പിച്ചെടുത്തത്. അതിനാല്‍ തന്നെ പ്രദേശത്തെ ജനങ്ങള്‍ കൂടി ചേര്‍ന്നതാണ് ഈ പാര്‍ക്കും അതിന്‍റെ വിജയവും.
