കാവൽക്കാരന്റെ കയ്യിൽ താക്കോൽ ഇല്ലാത്തതിനെ തുടർന്ന് പൂട്ട് പൊളിക്കുകയായിരുന്നു. എന്നാൽ, അകത്ത് പാമ്പുകളുണ്ടായിരുന്ന പോലെ തോന്നി. അവ ഇഴയുന്നതിന്റെയും ചീറ്റുന്നതിന്റെയും ശബ്ദങ്ങൾ പോലെ.
പുരാതനമായ ഈജിപ്ത് ശവകുടീരങ്ങളുടെ ഇടയിലൂടെ നടക്കാൻ ഏതൊരു പുരാവസ്തു ഗവേഷകനും ഇഷ്ടമായിരിക്കും. എന്നാൽ, തന്നെ സംബന്ധിച്ച് ആ ഓർമ്മ പോലും ഭയാനകമാണ് എന്ന് വെളിപ്പെടുത്തുകയാണ് ആർക്കിയോളജിസ്‌റ്റായ റാമി റൊമാനി.
ഡിസ്‌കവറി ചാനലിന്റെ 'മമ്മീസ് അൺറാപ്പ്‌ഡ്' എന്ന പരിപാടിയുടെ അവതാരകൻ കൂടിയാണ് റൊമാനി. അങ്ങനെയാണ്, അഖെനാറ്റൻ ആണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു മമ്മിയെ തിരിച്ചറിയാൻ റൊമാനിയെ ചുമതലപ്പെടുത്തുന്നത്. എന്നാൽ, ശവകുടീരം തിരിച്ചറിയാനായി എത്തിയപ്പോൾ താൻ രക്തം ചുമച്ചു തുപ്പി എന്നും തനിക്ക് ഹാലൂസിനേഷനുണ്ടായി എന്നുമാണ് റൊമാനി വെളിപ്പെടുത്തിയത്.
ശപിക്കപ്പെട്ട കാലം എന്നാണ് ആ അനുഭവത്തെ ജോർദാൻ ഹാർബിംഗർ ഷോയിൽ റൊമാനി വിവരിച്ചത്. താൻ ഈജിപ്തിലെ അമർനയിലെ ഒരു ശവകുടീരത്തിലായിരുന്നു. അധികമാളുകളൊന്നും അമർനയിലേക്ക് പോവാറില്ല. പക്ഷേ, അഖെനാറ്റയെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി താൻ അവിടെ പോയി. 600 വർഷമായി ആ ശവകുടീരം തുറക്കാതെ കിടക്കുകയായിരുന്നു.
കാവൽക്കാരന്റെ കയ്യിൽ താക്കോൽ ഇല്ലാത്തതിനെ തുടർന്ന് പൂട്ട് പൊളിക്കുകയായിരുന്നു. എന്നാൽ, അകത്ത് പാമ്പുകളുണ്ടായിരുന്ന പോലെ തോന്നി. അവ ഇഴയുന്നതിന്റെയും ചീറ്റുന്നതിന്റെയും ശബ്ദങ്ങൾ പോലെ. പിന്നീട്, അതിനകം ചിത്രീകരിച്ച് തുടങ്ങി. ശവകുടീരത്തിൽ നിറയെ വവ്വാലുകളായിരുന്നു. അസഹ്യമായ ദുർഗന്ധം നിറഞ്ഞുനിന്നിരുന്നു. ശവകുടീരത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തനിക്ക് വയ്യാതായതുപോലെ തോന്നി. പാമ്പുകളുണ്ട് എന്ന് തോന്നി. ശ്വസിക്കാൻ സാധിക്കാതെ വന്നു. ശരീരം തന്നെ തന്നോട് ശ്വസിക്കരുത് ഇത് നല്ലതല്ല എന്ന് പറയും പോലെ തോന്നി.
ശവകുടീരത്തിലെ സന്ദർശനം കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും തനിക്ക് പനി കൂടി. ആശുപത്രിയിലെത്തി. 107 ഡിഗ്രിയായിരുന്നു ചൂട്. കൂടാതെ രക്തം ചുമച്ച് തുപ്പാൻ തുടങ്ങി. ഡോക്ടർമാർക്ക് എന്താണ് തനിക്ക് സംഭവിച്ചത് എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ഭ്രമാത്മകമായ അവസ്ഥയിൽ ആയിരുന്നു താൻ. ഒടുവിൽ ചികിത്സയ്ക്ക് ശേഷമാണ് ശരിയായത്. ഇപ്പോഴും തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന ഓർമ്മയാണ് അത് എന്നാണ് റൊമാനി പറഞ്ഞത്.
