കൊവിഡ് 19 രോഗബാധയുണ്ട് എന്ന സംശയം തോന്നിയാൽ അമേരിക്കയിൽ അടുത്തതായി ചെയ്യേണ്ട ടെസ്റ്റുകൾ CBC - 36$, Metabolic - 58$, Flu 'A' - 43$,  Flu 'B' - 43$ എന്നിവയാണ്. ഈ മൂന്നു ടെസ്റ്റുകൾക്കും കൂടി അവിടെ 180$ എങ്കിലും ആകും. അതായത് ഇവിടത്തെ 13,300 രൂപയെങ്കിലും. കൊവിഡ് 19 ബാധിച്ചിട്ടുണ്ട് എന്ന സംശയവുമായി ഒരു ആശുപത്രിയിലെ എമർജൻസി റെസ്പോൺസിന്റെ കൺസൾട്ടേഷൻ എടുക്കണമെങ്കിൽ 1,151$ എങ്കിലുമാകും. അതായത് ഇന്നത്തെ വിനിമയ നിരക്കിൽ ചുരുങ്ങിയത് 85,000 രൂപയെങ്കിലും. രണ്ടും കൂടി ഏകദേശം ഒരു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിൽ മാത്രമാണ്  കൊവിഡ് 19 ബാധയുണ്ട് എന്ന് സംശയിക്കുന്ന ഒരാൾക്ക്, ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സതേടുകയോ, പരിശോധിക്കുകയോ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും ആവുക.

ഐസൊലേഷനിൽ ആശുപത്രിയിൽ കിടക്കണം എന്നുണ്ടെങ്കിൽ പിന്നെയും ചെലവുകൾ വേറെയുണ്ട്. അവിടെയാണ് അമേരിക്കയിൽ പ്രശ്നം വഷളാകുക. കാരണം, അമേരിക്കയിൽ രണ്ടുതരം രോഗികളുണ്ട്, ഇൻഷുറൻസ് ഉള്ള രോഗികളും, ഇൻഷുറൻസ് ഇല്ലാത്ത രോഗികളും. ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് ചിന്തിക്കാൻ പോലുമാവാത്തത്ര അധികമാണ് അമേരിക്കയിലെ ആരോഗ്യ രംഗത്ത് ഓരോ പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടി വരുന്ന ചെലവ്. ആ ബില്ലുകൾ താങ്ങാനാവാത്തതു കൊണ്ട്, രോഗത്തിന്റെ ലക്ഷണങ്ങൾ അസഹ്യമാകുന്നതുവരെ ഇൻഷ്വറൻസ് ഇല്ലാത്തവർ അവിടത്തെ ആശുപത്രികളുടെ പരിസരത്തു പോലും പോവില്ല എന്നർത്ഥം. 

2018 -ലെ സെൻസസ് പ്രകാരം അമേരിക്കയുടെ ജനസംഖ്യയുടെ 8.5 ശതമാനം പേർക്ക് ഇൻഷ്വറൻസ് ഇല്ല. ഏകദേശം 27.5 ലക്ഷം പേർ ഇത്തരത്തിൽ കൊറോണയുണ്ടായിട്ടും ആശുപത്രിയിൽ പരിശോധനയ്ക്ക് പോകാൻ മടിക്കുന്നവരായി ഉണ്ടാകും എന്നർത്ഥം. മാർച്ച് 12 -ന് ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗം കാറ്റി പോർട്ടർ അമേരിക്കയുടെ സെന്റേഴ്സ് ഫോർ ഡിസീസസ് കണ്ട്രോൾ പ്രതിനിധികളുടെ മുന്നിൽ അവതരിപ്പിച്ചതാണ് ഈ കണക്കുകളും അതുമായി ബന്ധപ്പെട്ട ഈ ആശങ്കയും. ഇത്ര വലിയ ചെലവുണ്ടാകും എന്ന് ഭയന്ന് കൊവിഡ് 19  ബാധയുണ്ടാകും എന്ന് ഭയപ്പെട്ടുകൊണ്ട് പരിശോധിക്കാതിരിക്കുന്ന എത്ര പേരുണ്ടാകും? അവർക്ക് ഈ ചെലവുകൾ സർക്കാർ വഹിക്കും എന്നുറപ്പുകൊടുക്കണം, അവരെക്കൂടി എത്രയും പെട്ടെന്ന് പരിശോധനയുടെ പരിധിയിൽ കൊണ്ടുവരണം എന്ന് അവർ നിർബന്ധപൂർവം പറഞ്ഞപ്പോൾ സെന്റേഴ്സ് ഫോർ ഡിസീസസിന്റെ പ്രതിനിധികൾക്ക് അത് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. ആരോഗ്യരംഗത്തെ പ്രതിനിധികളെ കോൺഗ്രെഷണൽ ഹിയറിങ് വേളയിൽ തന്റെ വാക്ചാതുരി കൊണ്ട് മുൾമുനയിൽ നിർത്തി, ഇൻഷുറൻസില്ലാത്ത പാവപ്പെട്ട കൊവിഡ് 19 ബാധിതർക്ക് ഗുണകരമാകുന്ന ഇത്തരമൊരു തീരുമാനത്തിലേക്ക് കൊണ്ടുവന്നതിന്റെ പേരിൽ കേറ്റി പോർട്ടർക്ക് അമേരിക്കയിൽ ഇപ്പോൾ ഒരു ദേശീയ ഹീറോ പരിവേഷമാണുള്ളത്. 

ഇവിടെയാണ് ഇന്ത്യയിലെ ആരോഗ്യ സംവിധാനം, വിശിഷ്യാ കേരളത്തിലെ ആരോഗ്യ സംവിധാനം, ഇതുപോലുള്ള പകർച്ചവ്യാധികൾ നേരിടുന്നതിൽ എത്ര മെച്ചപ്പെട്ടതാണ് എന്ന കാര്യം ബോധ്യപ്പെടുക. കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉള്ളവരുടെ എണ്ണം തുലോം തുച്ഛമാണെങ്കിലും, ഇങ്ങനെ ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ പരിശോധനാ-ചികിത്സാ സംവിധാനങ്ങൾ പൂർണ്ണമായും സർക്കാരിന്റെ ചെലവിലേക്ക്, ഉത്തരവാദിത്തത്തിലേക്ക് മാറ്റിക്കൊണ്ട്, ഫലപ്രദമായ രീതിയിലെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് നമ്മുടെ ആരോഗ്യസംവിധാനം സാഹചര്യത്തെ സമ്പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവന്നു കഴിഞ്ഞു.

സ്‌കൂളുകൾ, തിയറ്ററുകൾ പോലുള്ള ജനങ്ങൾ വരുന്ന ഇടങ്ങളിലേക്കുള്ള ജനപ്രവാഹം നിയന്ത്രിക്കാനും, എയർപോർട്ടുകളിൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്തി രോഗികളെ യഥാസമയം തിരിച്ചറിഞ്ഞ് അവരുമായി ബന്ധപ്പെട്ടിട്ടുള്ളവരെക്കൂടി അവരുടെ അവസ്ഥയ്ക്കനുസൃതമായി ക്വാറന്റൈനിലേക്കും ഐസൊലേഷനിലേക്കും ഏറ്റെടുത്തുകൊണ്ട് റിസ്ക് പരമാവധി കുറയ്ക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല, ഏതാനും ആയിരങ്ങൾ മാത്രം വരുന്ന പരിശോധനാ ചെലവുകൾ സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കാനും തുടക്കം മുതൽ ആരോഗ്യവകുപ്പ്  ശുഷ്കാന്തി കാണിച്ചിട്ടുണ്ട്. എത്രയും നേരത്തെ തന്നെ, രോഗം മറ്റുള്ളവർക്ക് പകരും മുമ്പ് രോഗിയെ കണ്ടെത്തുന്നതാണ് നിയന്ത്രിച്ചു നിർത്തുന്നതിലെ ഒരു പ്രധാന പടി. 

അതുകൊണ്ടുതന്നെയാകും, 1,762  കേസുകളും സ്ഥിരീകരിച്ച് 41-ലധികം മരണങ്ങളോടെ അമേരിക്ക ആകെ പരിഭ്രാന്തിയിൽ ആണ്ടു നിൽക്കുമ്പോഴും 78  സ്ഥിരീകരിച്ച കേസുകളിൽ ഒരാള്‍ മാത്രം മരിച്ച് ഇന്ത്യ ഏറെക്കുറെ സ്ഥിതിഗതികൾ നിയന്ത്രണാധീനമായ നിലയിൽ തന്നെ തുടരുന്നത്.