Asianet News MalayalamAsianet News Malayalam

നമ്മുടെ വ്യോമയോദ്ധാക്കള്‍ക്ക് വിധിച്ചത് കാലഹരണപ്പെട്ട പോര്‍വിമാനങ്ങളോ..?

യുദ്ധവിമാനങ്ങളുടെ പഴക്കമേറുന്തോറും അവയില്‍ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങള്‍ പഴക്കം നിമിത്തം നാശമാവാനുള്ള സാധ്യത കൂടിക്കൂടി വരും. ചെറിയ ചില പരിഷ്‌കാരങ്ങളൊക്കെ വരുത്തി പരമാവധി കാലം ഓരോ വിമാനവും ഉപയോഗപ്പെടുത്താനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഈയൊരു ശീലം അപകടത്തിലാക്കുന്നത് വിമാനം പറത്തുന്ന പൈലറ്റിന്റെ ജീവനെയാണ്. 

Are our fighter jets flying past their retirement age
Author
Thiruvananthapuram, First Published Mar 1, 2019, 7:11 PM IST

ഏതൊരു വിമാനത്തിനും ഒരു കാലപരിധിയുണ്ട്. കൃത്യമായ  അറ്റകുറ്റപ്പണികളും പരിഷ്‌കരണങ്ങളും ഒക്കെ നടക്കുന്നുണ്ടെങ്കില്‍   അതുകഴിഞ്ഞാലും ചിലപ്പോള്‍ ആ വിമാനങ്ങള്‍ പറന്നുയരുമായിരിക്കും. എന്നാല്‍, അങ്ങനെ കാലാവധി കഴിഞ്ഞും വിമാനങ്ങള്‍ അതിര്‍ത്തികളിലെ ആകാശപ്പോരുകളില്‍ ഉപയോഗിക്കുക വഴി നമ്മള്‍ അപായത്തിലാക്കുന്നത് അഭിനന്ദനെപ്പോലുള്ള മിടുക്കന്മാരായ ഫൈറ്റര്‍ പൈലറ്റുമാരുടെ അമൂല്യമായ ജീവനുകളാണ്. 'ഇന്ത്യാ സ്പെന്‍ഡ്' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഞെട്ടിക്കുന്ന ഈ വിശദാംശങ്ങളുള്ളത്.  

ഈ 2019 -ലും ഇത്തരം പുരാതന വിമാനങ്ങളുമായി നമ്മള്‍ യുദ്ധത്തിന് പുറപ്പെടുന്നത് കഷ്ടം തന്നെയാണ്

റഷ്യന്‍ നിര്‍മിത മിഗ് 482 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവുന്നത് 1960 -ലാണ്. മികോയാന്‍ ഗോരേവിച്ച് എന്നതാണ് മിഗ് എന്നതിന്റെ പൂര്‍ണ്ണരൂപം.  65 -ലെ പാക് യുദ്ധത്തിലും, 71 -ലെ ബംഗ്ലാദേശ് യുദ്ധത്തിലും ഒക്കെ നമ്മുടെ വ്യോമസേനയ്ക്ക് കരുത്തായിരുന്ന ഉശിരന്‍ പോര്‍വിമാനങ്ങള്‍ തന്നെയാണ് ഇവ. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍, ഇവയ്ക്ക് മുപ്പതു കൊല്ലമാണ് നിര്‍മാതാക്കള്‍ പറയുന്ന ആയുസ്സ്. പരമാവധി പോയാല്‍ തൊണ്ണൂറുകളുടെ മധ്യത്തോടെ എങ്കിലും  സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യിക്കേണ്ടിയിരുന്ന വിമാനങ്ങളെ നമ്മള്‍ ബൈസണ്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് വീണ്ടും  കമ്മീഷന്‍ ചെയ്യുകയാണ് ചെയ്തത്. അതായത് മുപ്പതു വര്‍ഷത്തില്‍ ആയുസ്സൊടുങ്ങുന്ന വിമാനത്തെ  അപ്‌ഗ്രേഡിങ്ങ് എന്ന കായകല്പ ചികിത്സയ്ക്ക് വിധേയമാക്കി വീണ്ടും നമ്മളുപയോഗിക്കാന്‍ തുടങ്ങിയിട്ട് ഇത് ഇരുപത്തി ഒമ്പതാമത്തെ കൊല്ലമാണ്. സേനയിലേക്ക് ആ വിമാനങ്ങള്‍ വാങ്ങിയതു തൊട്ടുള്ള കാലം പരിഗണിച്ചാല്‍ ഇത് അമ്പത്തൊമ്പതാം വര്‍ഷം. പാര്‍ട്‌സുകള്‍ പലതും മാറി എങ്കിലും, അപ്ഗ്രേഡ് പലതും കഴിഞ്ഞു എങ്കിലും ഒരു വിമാനം ഉപയോഗിക്കുന്നതിന് ഒരു പരിധി കാണില്ലേ..? 

'വ്യോമസേനയെ ഗൗരവപൂര്‍വം പരിഗണിക്കുന്ന രാജ്യങ്ങളില്‍ ഇന്നും മിഗ് 21  വിമാനങ്ങള്‍ സര്‍വീസില്‍ ഉള്ള ഏക രാജ്യം ഒരു പക്ഷേ, ഇന്ത്യ മാത്രമായിരിക്കും ..' എന്നാണ് വായു എയ്റോ സ്പേസ് ആന്‍ഡ് ഡിഫന്‍സ് റിവ്യൂ മാസികയുടെ എഡിറ്ററായ പുഷ്പീന്ദര്‍ സിങ്ങ് 'ഇന്ത്യാ സ്പെന്‍ഡി'നോട് പറഞ്ഞത് 'F16 നോടൊക്കെ എതിരിട്ടു നില്‍ക്കാനായി മിഗ് 21 -ല്‍ പറന്നുയരുന്ന ഇന്ത്യയുടെ പാവം ഫൈറ്റര്‍ പൈലറ്റുകളുടെ കാര്യമോര്‍ക്കുമ്പോള്‍ എനിക്ക് സഹതാപമാണ് തോന്നാറ്.. അവര്‍ക്ക്  അത്തരം ആധുനിക വിമാനങ്ങളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍  ഒരിക്കലുമാവില്ല.. ഇപ്പോള്‍ തന്നെ നോക്കൂ, അദ്ദേഹത്തെ അവര്‍ യുദ്ധത്തടവുകാരനാക്കിയിരിക്കുന്നു. ഈ 2019 -ലും ഇത്തരം പുരാതന വിമാനങ്ങളുമായി നമ്മള്‍ യുദ്ധത്തിന് പുറപ്പെടുന്നത് കഷ്ടം തന്നെയാണ്..' അദ്ദേഹം പറയുന്നു.  

Are our fighter jets flying past their retirement age

യുദ്ധവിമാനങ്ങളുടെ പഴക്കമേറുന്തോറും അവയില്‍ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങള്‍ പഴക്കം നിമിത്തം നാശമാവാനുള്ള സാധ്യത കൂടിക്കൂടി വരും. ചെറിയ ചില പരിഷ്‌കാരങ്ങളൊക്കെ വരുത്തി പരമാവധി കാലം ഓരോ വിമാനവും ഉപയോഗപ്പെടുത്താനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഈയൊരു ശീലം അപകടത്തിലാക്കുന്നത് വിമാനം പറത്തുന്ന പൈലറ്റിന്റെ ജീവനെയാണ്. 

നമ്മള്‍ ഇന്നുപയോഗിക്കുന്നമിഗ് 21 വിമാനങ്ങളുടെ നിര്‍മാതാക്കള്‍ പറയുന്ന ആയുഷ്‌കാലം  ഇരുപതു കൊല്ലം മുമ്പേ തീര്‍ന്നതാണ്. മിഗ്-21, മിഗ്-23, മിഗ്-27 എന്നീ ശ്രേണികളിലുള്ള വിമാനങ്ങളെ 2022 -നുള്ളില്‍ ഫേസ് ഔട്ട് ചെയ്യാനാണ് ഇപ്പോള്‍ നമ്മുടെ വ്യോമസേനയുടെ തീരുമാനം. 

1971 -നും 2012 -നുമിടയില്‍ ആകെ 482 മിഗ് വിമാനങ്ങള്‍ തകര്‍ന്നുവീണ് വ്യോമസേനയുടെ 171 പൈലറ്റുമാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതായത് ശരാശരി വര്‍ഷത്തില്‍ 12 മിഗ് വിമാനങ്ങള്‍ വീതം. പൈലറ്റുമാര്‍ക്കുപുറമെ 39  സിവിലിയന്‍സും എട്ട് സര്‍വീസ് എഞ്ചിനീയര്‍മാരും മരണപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ 2012 മേയില്‍ അറിയിച്ചത്. 2012 -നും 2016 -നുമിടയില്‍ നടന്ന  എട്ട് വിമാനാപകടങ്ങളില്‍ ആറും മിഗ് 21 ബൈസണ്‍ വിമാനങ്ങളായിരുന്നു. അപകടങ്ങളില്‍ മരിച്ച രണ്ടു പൈലറ്റുമാരും മിഗ് 21 ബൈസണ്‍ വിമാനം പറത്തുന്നതിനിടെയാണ് തകര്‍ന്നുവീണ് മരിച്ചത്. 

'പറത്താന്‍ വളരെ പ്രയാസമുള്ള, അപകട സാധ്യത ഏറെ കൂടിയ വിമാനങ്ങളാണ് മിഗ് വിമാനങ്ങള്‍..' എന്നാണ് എയര്‍ മാര്‍ഷല്‍ അലുവാലിയ പറയുന്നത്. 1993 -നും 2013 -നും ഇടയില്‍മിഗ് വിമാനങ്ങള്‍ മാത്രം  198 എണ്ണം  തകര്‍ന്നുവീണിട്ടുണ്ട്. ആ അപകടങ്ങളിലായി 151 പൈലറ്റുമാരുടെ ജീവന്‍ മിഗ് വിമാനങ്ങളില്‍ മാത്രം പൊലിഞ്ഞു പോയിട്ടുമുണ്ട്. 

മിഗ്- F16  വിമാനങ്ങള്‍ തമ്മിലുള്ള താരതമ്യം 

പഴയ മിഗ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന സ്‌ക്വാഡ്രണുകള്‍ ഇപ്പോഴും വ്യോമസേനയിലുണ്ട്. പഴയവയിലെ റഡാര്‍, മറ്റു നാവിഗേഷന്‍ സംവിധാനങ്ങള്‍ എന്നിവ പരിഷ്‌കരിക്കുന്നതോടെയാണ് അവ ബൈസണ്‍ സ്റ്റാന്‍ഡേര്‍ഡില്‍ എത്തുന്നത്. പാക് സൈന്യവും 40 വര്‍ഷത്തോളമായി എഫ്16 വിമാനങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും അവര്‍ക്ക് പുതിയ  Block 50 മോഡലുകളും പത്തുവര്‍ഷം മുമ്പ് കിട്ടിയിട്ടുണ്ട്. 

'പുതിയ റഷ്യന്‍ മിസൈലുകള്‍ കയറ്റി പറന്നുയരാന്‍ മിഗ് ബൈസണ്‍ വിമാനങ്ങള്‍ക്ക് കഴിവുണ്ട്. അതിനാല്‍ ഈ വിമാനങ്ങള്‍ കൊണ്ട് നമുക്ക് പാക് വിമാനങ്ങളെ നേരിടാന്‍ കഴിയില്ല എന്ന് തീര്‍ത്തു പറയാന്‍ പറ്റില്ല. ഈ വിമാനങ്ങള്‍ക്ക് കാലപ്പഴക്കം കൊണ്ട് തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ് എന്ന കാര്യമാണ് നമ്മള്‍ പരിഗണിക്കേണ്ടത്.' എന്നാണ് എയര്‍ മാര്‍ഷല്‍ പറ്റിയ പറയുന്നത്. 

1983 -ല്‍ ഈ വിഷയം ഒരിക്കല്‍ പൊന്തി വന്നതാണ്. അപ്പോള്‍ ആധുനിക പോര്‍വിമാനങ്ങള്‍ പുറത്തുനിന്നും വാങ്ങുന്നത് വളരെ വിലയേറിയ കാര്യമാണ് എന്ന് ചൂണ്ടിക്കാട്ടി 'തേജസ്'  എന്നപേരില്‍ ഒരു ലൈറ്റ് കോംബാറ്റ്  എയര്‍ ക്രാഫ്റ്റ് നിര്‍മാണ പദ്ധതി ഇന്ത്യയില്‍ തന്നെ നടപ്പിലാക്കുന്നത് വിഭാവനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, അതുപ്രകാരം ഒരു വിമാനം പോലും ഇന്നുവരെ വിജയകരമായി വായുസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടിട്ടില്ല. 

അങ്ങനെ 36 മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങാനുള്ള ടെണ്ടറാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്ന 'റഫാല്‍'

ഇന്നത്തെ കാലത്ത് ശത്രുരാജ്യങ്ങളുടെ അത്യാധുനികമായ പോര്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍, നമ്മുടെ വിമാനങ്ങള്‍ക്ക് ഏറ്റവും പുതിയ ഏവിയോണിക്‌സ്, റഡാര്‍ സൗകര്യങ്ങള്‍ വേണം, കൂടുതല്‍ മിസൈലുകള്‍ കയറ്റി പറന്നുയരാന്‍ കഴിയണം, ഒളിയാക്രമണത്തിനുള്ള സംവിധാനങ്ങള്‍, ഇലക്ട്രോണിക് വാര്‍ ഫെയര്‍ സംവിധാനങ്ങള്‍,   കൂടുതല്‍ കൃത്യമായ ആക്രമണ സംവിധാനങ്ങള്‍ ഒക്കെ വേണം. ഈ മാനദണ്ഡങ്ങളിലൊക്കെ നമ്മുടെ മിഗ് 21 വിമാനങ്ങള്‍ മറ്റു യുദ്ധവിമാനങ്ങളെക്കാള്‍ വളരെ പിറകിലാണെന്നു വേണം പറയാന്‍. 

നമ്മുടെ ആദ്യത്തെ തേജസ് വിമാനം കമ്മീഷന്‍ ചെയ്തത് 2016 -ല്‍ ആയിരുന്നെങ്കിലും അതിനെ സംബന്ധിച്ച ഫൈനല്‍ ഓപ്പറേഷണല്‍ ക്ലിയറന്‍സ് രേഖകള്‍ എയര്‌ഫോഴ്‌സിന് കിട്ടുന്നത് പുല്‍വാമയിലെ ആക്രമണം നടന്നു കഴിഞ്ഞ് ഒരാഴ്ചകൂടി പിന്നിട്ടിട്ടാണ്. 

മിഗ് വിമാനങ്ങളുമായി  താരതമ്യം ചെയ്താല്‍ 1999 -ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നമ്മള്‍ ഉപയോഗിച്ച ദസാറള്‍ട്ട്  മിറാഷ് 2000 വിമാനങ്ങള്‍ ഏറെ ഫലപ്രദമാണ്. മൂന്നോളം എയര്‍ ചീഫുമാര്‍ മിറാഷ് 2000 വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചെങ്കിലും പകരമായി മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ ക്രാഫ്റ്റുകള്‍ക്കാണ് പരിഗണന നല്‍കിയത്. അങ്ങനെ 36 മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങാനുള്ള ടെണ്ടറാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്ന 'റഫാല്‍'. 

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ മിഗ് 21,27,29 വിമാനങ്ങളുടെ 14 സ്‌ക്വാഡ്രണുകള്‍ സര്‍വീസ് അവസാനിപ്പിക്കും. 2027 -ല്‍ നമ്മുടെ ശക്തി 19 ആയി ചുരുങ്ങും. 2032 ആവുമ്പോഴേക്കും 16 ആയും. അപ്പോഴേക്കും പകരമായി സുഖോയ് 20, തേജസ്  LCA, റഫാല്‍ തുടങ്ങിയ പോര്‍ വിമാനങ്ങള്‍ സര്‍വീസിലേക്കു കടന്നുവരും എന്നാണ് വ്യോമസേനാധികൃതര്‍ പാര്‍ലമെന്ററി കമ്മിറ്റിയെ ധരിപ്പിച്ചിരിക്കുന്നത്. 
 

ഇപ്പോള്‍ വേണ്ടതിന്റെ പാതി പോലും വ്യോമസേനാ സംവിധാനങ്ങള്‍ നമുക്കില്ല

അയല്‍ രാജ്യങ്ങളില്‍ നിന്നും ഇത്രയധികം ഭീഷണികള്‍ നേരിടുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് നമ്മുടെ വ്യോമസേനയുടെ വിമാനങ്ങളുടെ കരുത്ത് എത്ര വര്‍ധിപ്പിക്കാമോ അത്രയും വര്‍ധിപ്പിക്കേണ്ടതാണ്. ഇപ്പോള്‍ വേണ്ടതിന്റെ പാതി പോലും വ്യോമസേനാ സംവിധാനങ്ങള്‍ നമുക്കില്ല. ചുരുങ്ങിയത് 400 അത്യാധുനിക ഫൈറ്റര്‍ ജെറ്റുകള്‍ എങ്കിലും നമ്മുടെ വ്യോമസേനയ്ക്ക് ഉണ്ടാവേണ്ടതുണ്ട്. അതിനാവശ്യമായ പ്രതിരോധ കരാറുകള്‍  ഉറപ്പിച്ച് എത്രയും പെട്ടെന്ന് നമ്മുടെ വ്യോമസേനയ്ക്ക് കാലാനുസൃതമായി ആധുനിക വിമാനങ്ങള്‍ ലഭ്യമാക്കണം. ഇല്ലെങ്കില്‍ നമ്മുടെ മിടുക്കന്മാരായ പൈലറ്റുമാരുടെ ജീവന്‍ ഇനിയും അപകടത്തിലാവും. 
 

Follow Us:
Download App:
  • android
  • ios