അര്‍ജന്‍റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പതിനാലാമത്തെ ആഴ്ച വരെ ഗര്‍ഭച്ഛിദ്രമാവാം എന്ന നിയമം കൊണ്ടുവരുന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സെനറ്റില്‍ നടക്കുന്നു. ബില്‍ പാസാകുകയാണെങ്കില്‍ ലാറ്റിന്‍ അമേരിക്കയെ സംബന്ധിച്ച് അതൊരു പ്രധാന നീക്കം തന്നെയാകും. ലോകത്തിലെ തന്നെ കര്‍ശനമായ അബോര്‍ഷന്‍ നിയമങ്ങളുള്ള പ്രദേശമാണിത്. ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് നേരത്തെ തന്നെ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, സെനറ്റിലെ കാര്യം ഒന്നും തീര്‍ത്തുപറയാനാവാത്ത അവസ്ഥയിലാണ്. 2018 -ൽ സെനറ്റർമാർ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനെതിരെ വോട്ട് ചെയ്തുവെങ്കിലും ഇത്തവണ ബില്ലിന് സർക്കാരിന്റെ പിന്തുണയുണ്ട്. 

ഇത് പ്രതീക്ഷയുടെ ദിവസമാണ്. നീതിപൂര്‍വമല്ലാത്ത കൂടുതല്‍ കൊലകള്‍ തടയുന്നതിനെതിരായുള്ള സംവാദം നാം തുടങ്ങിയിരിക്കുകയാണ് എന്നാണ് സെനറ്ററായ നോര്‍മ ഡുറംഗോ പറയുന്നതെന്ന് ന്യൂസ് ഏജന്‍സിയായ എഎഫ്പി പറയുന്നു. എന്നാല്‍, കാത്തലിക് ചര്‍ച്ച് ലാറ്റിന്‍ അമേരിക്കയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അവര്‍ ഈ നീക്കത്തെ എതിര്‍ക്കുകയും ബിൽ നിരസിക്കാൻ സെനറ്റർമാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് ട്വീറ്റ് ചെയ്തത്, "പുറത്താക്കപ്പെടുന്ന എല്ലാവരും ദൈവത്തിന്റെ കുട്ടികളാണ്" എന്നാണ്. 

നിയമത്തിന് അനുകൂലമായും പ്രതികൂലമായും വാദിക്കുന്നവരുടെ വലിയ സംഘം തന്നെ കോണ്‍ഗ്രസിന് പുറത്ത് തടിച്ചുകൂടി സെനറ്റര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കിലോ, ബലാത്സംഗത്തെ തുടര്‍ന്നുണ്ടായ കുട്ടിയാണെങ്കിലോ മാത്രമാണ് നിലവില്‍ അര്‍ജന്‍റീനയില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നത്. 

ഇത് നിയമമാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഇനിയഥവാ നിയമമായില്ലെങ്കിലും ഞങ്ങള്‍ തെരുവുകളില്‍ തന്നെ തുടരും. കാരണം, ഈ പോരാട്ടം ആരംഭിച്ചിരിക്കുന്നത് തെരുവുകളില്‍ നിന്നാണ് അത് തുടരുന്നതും തെരുവില്‍ തന്നെയായിരിക്കും -ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന ആക്ടിവിസ്റ്റുകളിലൊരാള്‍ പറയുന്നു. നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. 

എന്നാല്‍, നിയമത്തെ എതിര്‍ക്കുന്നവര്‍ സെനറ്റ് ബില്ലിനെതിരായി വോട്ട് ചെയ്യുമെന്നും നിയമം നടപ്പിലാകില്ല എന്നുമാണ് പ്രതീക്ഷിക്കുന്നത്. ഓരോ സെനറ്റര്‍മാരുടെയും ഉള്ളില്‍ മക്കളോടും കൊച്ചുമക്കളോടുമുള്ള സ്നേഹമുണ്ടാവും. അതിനെല്ലാമുപരിയായി കുഞ്ഞുങ്ങള്‍ നമുക്ക് തരുന്ന പ്രതീക്ഷയെയും സന്തോഷത്തെയും അറിയുന്നുണ്ടാകും. അതിനാല്‍ അവര്‍ വിജയിക്കുമെന്ന് നമുക്കുറപ്പുണ്ട് എന്നാണ് ഒരാള്‍ എഎഫ്പിയോട് പ്രതികരിച്ചത്. 

എൽ സാൽവഡോർ, നിക്കരാഗ്വ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഗർഭച്ഛിദ്രം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു, മാത്രമല്ല മറ്റ് മിക്ക ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ചില നിയന്ത്രിത സാഹചര്യങ്ങളിൽ മാത്രമേ ​ഗർഭച്ഛിദ്രം അനുവദിക്കൂ. ഉറുഗ്വേ, ക്യൂബ, ഗയാന, മെക്സിക്കോയുടെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ മാത്രമാണ് നിലവിൽ ഗർഭച്ഛിദ്രം നടത്താൻ സ്ത്രീകളെ അനുവദിക്കുന്നത്. എന്നാല്‍, ഇവിടങ്ങളിലെല്ലാം ഗർഭച്ഛിദ്രം നടത്താന്‍ അനുവദനീയമായിട്ടുള്ള ആഴ്ചകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്.

2018 -ല്‍ അര്‍ജന്‍റീനയില്‍ കോണ്‍ഗ്രസ് അവസാനമായി ഇതേ വിഷയത്തില്‍ വോട്ട് ചെയ്തപ്പോള്‍ പ്രതികൂലമായിരുന്നു കാര്യങ്ങളെങ്കില്‍ ഇത്തവണ ലോവര്‍ ഹൌസില്‍ ഇത് പാസാകുകയും അതിനാല്‍ ഗര്‍ഭച്ഛിദ്രനിയമത്തിന് അനുകൂലമാകും കാര്യങ്ങളെന്നുമാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ.