വാഗമണ്‍ മലനിരകളില്‍ നിന്നും ഒരുമാസം മുമ്പ് ഒരു പുതിയ സസ്യത്തെ കണ്ടെത്തിയിരുന്നു. കോഫി കുടുംബത്തില്‍ പെട്ട ഈ സസ്യത്തിന് നല്‍കിയ പേര് എന്താണെന്നോ 'അര്‍ഗോസ്റ്റെമ്മ ക്വാറന്‍റീന'. സംശയിക്കണ്ട, സസ്യത്തിന്‍റെ പേരിലെ ക്വാറന്‍റീന നമ്മുടെ ക്വാറന്‍റീന്‍ എന്ന വാക്കുമായി ബന്ധപ്പെട്ടത് തന്നെയാണ്. ഒരു വര്‍ഷത്തിനും മുകളിലായി നമുക്ക് മുകളില്‍ ഭീതിയുടെ ചിറക് വിടര്‍ത്തി കൊണ്ടിരിക്കുന്ന കൊവിഡ് 19  മഹാമാരിയെ തുടര്‍ന്ന്  ശാസ്ത്രജ്ഞരും കലാകാരന്മാരും ആരോഗ്യപ്രവര്‍ത്തകരുമടക്കം ലക്ഷക്കണക്കിന് പേരാണ് മരിച്ചത്. അവരുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ പേര് സസ്യത്തിന് നല്‍കിയിരിക്കുന്നത്. 

പത്തനംതിട്ട തുരുത്തിക്കാട് ബിഎഎം കോളേജിലെ ബോട്ടണി അധ്യാപകരായ ഡോ. എ.ജെ റോബി, ഡോ. അനൂപ് ബി. ബാലന്‍, കേരള വനം ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്ന ഡോ. എന്‍. ശശിധരന്‍ എന്നിവരാണ് പഠനം നടത്തിയത്. ഡോ. എ. ജെ റോബിയാണ് ഈ ഇത്തിരിക്കുഞ്ഞന്‍ സസ്യത്തെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മഴക്കാലത്താണ് സസ്യത്തെ കണ്ടെത്തിയത് എന്ന് ഡോ. റോബി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

'സാധാരണയായി മഴക്കാലത്താണ് റുബിയേസി കുടുംബത്തിൽ പെട്ട ഈ സസ്യത്തെ കണ്ടുവരുന്നത്. വാഗമണ്‍ മലനിരകളില്‍ നിത്യഹരിത വനമേഖലയില്‍ നിന്നും ഉത്ഭവിക്കുന്ന കാട്ടരുവികളിലെ പാറക്കെട്ടുകളിലാണ് ഈ സസ്യം കണ്ടുവരുന്നത്. മഴമാറി അരുവികളും പാറകളും വരണ്ടതാകുമ്പോള്‍ ഇവയും ഇല്ലാതെയാകുന്നു. വീണ്ടും അടുത്ത മഴക്കാലമാവണം ഈ സസ്യം വളര്‍ന്നുവരണമെങ്കില്‍. കേരളത്തില്‍ ഈ സസ്യം സജീവമായി എവിടെയെങ്കിലും ഉണ്ടോ എന്നറിയണമെങ്കില്‍ സര്‍വേ ആവശ്യമായി വരും' എന്നും ഡോ. എ. ജെ റോബി പറയുന്നു. കഴിഞ്ഞ മാസം ഇറ്റലിയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന വെബിയ ജേണലിലാണ് സസ്യത്തെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചു വന്നത്. 

ഈ സസ്യത്തില്‍ വെളുത്ത നിറത്തിലുള്ള പൂക്കളും കാണാം. കാലാവസ്ഥാമാറ്റങ്ങളെ അതിജീവിക്കാന്‍ ബുദ്ധിമുട്ടുള്ള സസ്യമാണ് ഇത്. അതിനാല്‍, മഴമാറി കടുത്തവേനലിലലും മറ്റും ഇവയെ കാണില്ല. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയിലെ നാശവുമെല്ലാം വംശനാശ ഭീഷണി നേരിടുന്ന മറ്റു സസ്യങ്ങളെ എന്നത് പോലെ തന്നെ അര്‍ഗോസ്റ്റെമ്മ ക്വാറന്‍റീനയുടെ നിലനിൽപ്പിനെയും ബാധിച്ചേക്കാം.