ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ഇറങ്ങണമെന്നും, അതിൽ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി നമ്മൾ ആഗ്രഹിച്ചിരുന്ന വിവരങ്ങൾ ശേഖരിച്ച് തിരിച്ച് ലാൻഡറിൽ തന്നെ എത്തണം എന്നും, മിഷൻ വിജയകരമാകണമെന്നും ഒക്കെ ഭാരതീയർ എല്ലാവരും തന്നെ ഒരേ മനസ്സോടെ ആഗ്രഹിച്ച കാര്യമാണ്. അതിനായി ഈ ഭൂഗോളത്തിന്റെ വിവിധഭാഗങ്ങളിൽ കഴിയുന്ന ഭാരതീയരിൽ പലരും പ്രാർത്ഥനകൾ വരെ നടത്തുകയുണ്ടായി. എന്നാൽ ദുർഭാഗ്യവശാൽ അങ്ങനെ ഉണ്ടായില്ല. ചന്ദ്രയാൻ 2  എന്ന നമ്മുടെ സ്വപ്ന മിഷന്റെ ഭാഗികമായ വിജയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ സമാധാനിപ്പിക്കുകയും ആശ്വാസവാക്കുകൾ കൊണ്ട് മൂടുകയുമാണ് ഉണ്ടായത്. 

മറ്റുള്ള രാജ്യങ്ങൾ ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിക്കുമ്പോൾ രാഷ്ട്രത്തലവന്മാരും മന്ത്രിമാരുമൊക്കെ പരസ്പരം അഭിനന്ദനങ്ങൾ കൈമാറാറുണ്ട്. ഭൂട്ടാന്റെ പ്രധാനമന്ത്രിയായ ലോത്തെ ഷെറിങ്ങ് ഭാരതത്തിന്റെ ചന്ദ്രയാൻ 2 മിഷനുമേൽ നല്ലവാക്കുകൾ ചൊരിഞ്ഞു. പ്രധാനമന്ത്രി മോദിയെയും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റുചെയ്തു. 

 

ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടങ്ങളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ചന്ദ്രയാൻ 2-ന് അവസാന നിമിഷങ്ങളിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും, നിങ്ങൾ പ്രദർശിപ്പിച്ച ധൈര്യവും നിങ്ങളുടെ കഠിനാദ്ധ്വാനവും ഐതിഹാസികമാണ്. ബഹിരാകാശചരിത്രത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാർഢ്യം നന്നായി അറിവുള്ളതുകൊണ്ട് ഉറപ്പിച്ചു പറയാം, നിങ്ങൾ നാളെ ഇത് പൂർണ്ണവിജയമാക്കുന്ന ഒരു നാൾ വരും. 

ഈ  അവസരത്തിൽ പാകിസ്താനിലെ ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രിയായ ഫവാദ് ഹുസ്സൈൻ ചൗധരി,  ഭൂട്ടാൻ പ്രധാനമന്ത്രിയിൽ നിന്ന് ചില സാമാന്യമര്യാദകൾ കണ്ടു പഠിക്കേണ്ടതുണ്ട്. " അറിയാത്ത പണിക്ക് ഇറങ്ങിപുറപ്പെട്ടതെന്തിന്, ഡിയർ  ഇന്ത്യാ..? "  " നിങ്ങളുടെ കളിപ്പാട്ടം ചന്ദ്രനിൽ ഇറങ്ങേണ്ടതിനു പകരം മുംബയിൽ ഇറങ്ങിയ ലക്ഷണമുണ്ട് " എന്നൊക്കെയായിരുന്നു ഫവാദ് ഹുസൈന്റെ ട്വീറ്റുകൾ. 

 

ചന്ദ്രനിൽ നിന്ന് വെറും 2.1  കിലോമീറ്റർ മാത്രം അകലെ വെച്ച്  വിക്രം ലാൻഡറുമായുള്ള സമ്പർക്കങ്ങൾ അറ്റപ്പോൾ, ഒപ്പം തകർന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നങ്ങൾ കൂടിയാണ്. ഇന്ത്യൻ ജനതയുടെ ഡ്രീം പ്രോജക്ടായിരുന്നു ചന്ദ്രയാൻ 2. പലരും ഇതിനെ ഒരു പരാജയം എന്ന് വിളിക്കുന്നുണ്ടെങ്കിലും മിഷൻ 95  ശതമാനം വിജയകരമായിരുന്നു എന്നതാണ് സത്യം. ഈ ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെച്ചുറ്റി പറന്നുകൊണ്ടിരിക്കുകയാണ്. അത് ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തുന്നത് തുടരും. മാപ്പിങ്ങും നടത്തും. ഇതേ ഓർബിറ്ററിൽ നിന്നാണ് സെപ്റ്റംബർ 2-ന് വിക്രം ലാൻഡർ വേർപെട്ട ചന്ദ്രോപരിതലം ലക്ഷ്യമാക്കി നീങ്ങിയത്.